‘വീ ആര് ഫാമിലി’ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് കരണ്‍ ജോഹര്‍. ‘സ്റ്റെപ് മോം’ എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് ആശയമുള്‍ക്കൊണ്ട ഈ സിനിമ ഇന്ന് ഇന്ത്യയിലും യു എ ഇയിലും റിലീസ് ആകുന്നു. നാളെയാണ് യു എ ഇ ഒഴികെയുള്ള വിദേശരാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
കാജല്‍, കരീന കപൂര്‍, അര്‍ജുന്‍ രാംപാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ നിര്‍മ്മാണം കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ്. സിദ്ദാര്‍ത്ഥ് മല്‍ഹോത്രയാണ് സംവിധാനം.
സമ്മിശ്രമായ നിരൂപണങ്ങളാണ് ചിത്രത്തെക്കുറിച്ച് ഉയരുന്നത്. സ്റ്റെപ് മോം കണ്ടവരെ വീ ആര് ഫാമിലി നിരാശപ്പെടുത്തുമെന്നാണ് കൂടുതല്‍ നിരൂപകരും പറയുന്നത്. എന്നാല്‍ നല്ലൊരു എന്‍റര്‍ടെയ്‌നറൊരുക്കാന്‍ സിദ്ദാര്‍ത്ഥ് മല്‍ഹോത്രയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് മറ്റു ചില റിപ്പോര്‍ട്ടുകള്‍.
ശങ്കര്‍ എഹ്‌സാന്‍ ലോയ് ഒരുക്കിയ ആറു ഗാനങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഗാനങ്ങളും തമാശയും സെന്‍റിമെന്‍റ്സും കൂട്ടിക്കുഴച്ച പതിവ് കരണ്‍ ജോഹര്‍ മസാല തന്നെയാണ് വീ ആര് ഫാമിലി എന്നാണ് നിരൂപകാഭിപ്രായം. ക്ലൈമാക്സിന്‍റെ മികവും ചിത്രത്തിന് വിജയപ്രതീക്ഷ നല്‍കുന്നു.
എന്നാല്‍ സല്‍മാന്‍ ഖാന്‍റെ ആക്ഷന്‍ ത്രില്ലര്‍ ‘ദബാംഗ്’ ഉടന്‍ റിലീസ് ചെയ്യുന്നത് വീ ആര്‍ ഫാമിലിക്ക് ദോഷം ചെയ്യുമോ എന്ന് കരണ്‍ ജോഹറിന് ഭയമുണ്ട്.