അഭിനയത്തെ പറ്റി രണ്ട് തരത്തിലുള്ള ആശയങ്ങള്‍ നിലവിലുണ്ട്. കഥാപാത്രമായി അഭിനേതാവ് മാറുക എന്ന അവസ്ഥയാണ് ഒന്നാമത്തേത്. കഥാപാത്രത്തെ തന്നാലാവും വിധം ഇമ്പ്രൊവൈസ് ചെയ്ത് അവതരിപ്പിക്കുക എന്ന രീതിയാണ് മറ്റൊന്ന്. മോഹന്‍ലാല്‍, കമലാഹാസന്‍ തുടങ്ങിയവര്‍ ഒന്നാമത്തെ രീതിയെ പിന്‍പറ്റുന്നവരാണെങ്കില്‍ രജനീകാന്ത്, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ രണ്ടാമത്തെ വഴിയാണ് പിന്തുടരുന്നത്. രണ്ട് രീതികള്‍ക്കും അതിന്‍റേതായ മേന്മകളും പോരായ്മകളുമുണ്ട്. കഥാപാത്രമായി മാറുമ്പോള്‍ തങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് മറന്നുപോവുകയും ‘ഓവറാക്‌റ്റിംഗില്‍’ കലാശിക്കുന്നതുമാണ് ആദ്യ രീതിയുടെ പ്രധാന പോരായ്മ. കഥാപാത്രങ്ങളെ തങ്ങളുടെ പരിമിതികള്‍ക്കുള്ളിലേക്ക് കൊണ്ടുവരുമ്പോള്‍ അഭിനയം ‘മെക്കാനിക്കല്‍’ ആയിപ്പോകുന്നതാണ് രണ്ടാമത്തെ രീതിയുടെ പോരായ്മ.
ഡോക്‌ടര്‍ രാജേന്ദ്രബാബുവിന്‍റെ തിരക്കഥയില്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്തിരിക്കുന്ന പാട്ടിന്‍റെ പാലാഴി ഒരു മോശം ചിത്രമാകുന്നതിന് ഒരു കാരണം നായികാകഥാപാത്രത്തിന്‍റെ അമിതാഭിനയമാണ്. അഭിനയത്തിന്‍റെ ഒന്നാമത്തെ രീതി (കഥാപാത്രത്തിനുള്ളിലേക്ക് അഭിനേതാവ് ആവേശിക്കുന്ന രീതി) പരീക്ഷിക്കുന്ന മീരയുടെ അഭിനയശൈലിയാണ് പാട്ടിന്‍റെ പാലാഴിയുടെ ഏറ്റവും വലിയ മൈനസ് പോയിന്‍റ്. അഭിനയത്തിന്‍റെ മാന്ത്രികസ്പര്‍ശത്തേക്കാള്‍ ഭ്രാന്തിന്‍റെ താളവട്ടങ്ങളാണ് മീരയുടെ ചലനങ്ങളില്‍ പ്രതിഫലിക്കുന്നത്. ലെനിന്‍ രാജേന്ദ്രന്‍റെ രാത്രി മഴ, ശ്യാമപ്രസാദിന്‍റെ ഒരേ കടല്‍ തുടങ്ങിയ ചിത്രങ്ങളിലും മീരയുടെ ഈ മെലോഡ്രാമാറ്റിക് അഭിനയശൈലി നമ്മള്‍ കണ്ടറിഞ്ഞതാണ്.
സംഗീതമെന്ന കരിയര്‍ സ്വപ്നം കണ്ടുനടന്ന വീണ (മീര) എന്ന പെണ്‍കുട്ടിക്ക് ജീവിതം സമ്മാനിക്കുന്ന കയ്പേറിയ അനുഭവങ്ങളാണ് പാട്ടിന്‍റെ പാലാഴി എന്ന സിനിമയുടെ കഥാതന്തു. അമീര്‍ എന്ന ബിസിനസുകാരനെ (മനോജ് കെ ജയന്‍) വിവാഹം കഴിക്കുന്നതോടെയാണ് അവളുടെ ജീവിതം അവതാളത്തിലാകുന്നത്. വീണയെ ഒരു പിന്നണി ഗായികയാക്കുമെന്നതായിരുന്നു അമീറിന്‍റെ പ്രണയകാല വാഗ്‌ദാനം. എന്നാല്‍ ഭാര്യയുടെ പ്രശസ്‌തി ഭര്‍ത്താവിനെ അസ്വസ്ഥനാക്കുന്നു. വീണ അവളുടെ സ്വപ്‌നത്തില്‍ നിന്നും പുറത്താക്കപ്പെടുന്നു. ജീവിതം തന്നെ മാറിമറിയുന്നു. ദുരന്തങ്ങള്‍ മാത്രമാണ് പിന്നീട് അവളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.
വീണയുടെ ഭര്‍ത്താവായി മനോജ് കെ ജയന്‍ തിളങ്ങി. നെടുമുടി വേണു, ജഗതി, രേവതി, സംഗീത സംവിധായകന്‍ ബാലഭാസ്കര്‍ എന്നിവരും സിനിമയിലുണ്ട്. ഒരുപാട് വികാരവിക്ഷോഭങ്ങള്‍ കുത്തിനിറച്ചാല്‍ സിനിമയാകുമെന്ന് രാജീവ് അഞ്ചലും ഡോക്‌ടര്‍ രാജേന്ദ്രബാബുവും തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. വികാരവിക്ഷോഭങ്ങളുടെ മഹാസമുദ്രമാണ് ഈ പാലാഴി. എന്നാല്‍ ഇത്രയും തീവ്രവും ആവര്‍ത്തിച്ചുമുള്ള വികാരമുഹൂര്‍ത്തങ്ങള്‍ക്ക് ന്യായീകരണം നല്‍കാന്‍ സിനിമയുടെ തിരക്കഥയ്ക്കും അവതരണത്തിനും കഴിയുന്നില്ല. കണ്ടുമടുത്ത സീനുകളും ഒട്ടും പുതുമയില്ലാത്ത അവതരണവും കുത്തഴിഞ്ഞ കഥയും കൂടിയാകുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയാകുന്നു.
ഒട്ടും കാലിക പ്രസക്തി ഇല്ലാത്ത ഈ സിനിമയില്‍ എടുത്തുപറയാവുന്ന രണ്ട് പോസറ്റീവ് ഘടകങ്ങള്‍ ഛായാഗ്രഹണവും സംഗീതവുമാണ്. അഴഗപ്പനാണ് ഛായാഗ്രഹണം. ഒഎന്‍വി രചിച്ച് സുരേഷ് മണിമല ഈണമിട്ട ഗാനങ്ങള്‍ മികവ് പുലര്‍ത്തുന്നു. ഹരിഹരനും വിജയ് യേശുദാസും ശ്വേതയും അപര്‍ണയുമൊക്കെയാണ് പാടിയിരിക്കുന്നത്. ഡോക്‌ടര്‍ എ കെ പിള്ളയാണ് പാട്ടിന്‍റെ പാലാഴി നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് സിനിമ വിതരണം ചെയ്യുന്നു.