മലയാളത്തിന് ഒരു ക്ലാസിക് ‘ശ്യാമള’യുണ്ട്. അതിനെ മറികടക്കുന്ന ഒരു ശ്യാമള വരുന്നതായാണ് ‘സകുടുംബം ശ്യാമള’ എന്ന സിനിമയുടെ പരസ്യങ്ങള്‍ നല്‍കിയ സൂചന. ആ പ്രതീക്ഷയുമായി എത്തുന്ന പ്രേക്ഷകനെ നിലവാരമില്ലാത്ത ഹാസ്യം(?) മുറിവേല്‍പ്പിക്കുകയാണ്. സകുടുംബമല്ല, ഒറ്റയ്ക്കു കണ്ടാലും രസിക്കാത്ത ഒരു സിനിമയാണ് സംവിധായകന്‍ രാധാകൃഷ്ണന്‍ മംഗലത്ത് മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്.
ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്സ് എന്നീ സൂപ്പര്‍ ഹിറ്റുകളുടെ ക്രെഡിറ്റ് പോക്കറ്റിലിട്ട് തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര എഴുതിയ സിനിമയാണ് സകുടുംബം ശ്യാമള. സീരിയല്‍ നിലവാരം പോലും പുലര്‍ത്താത്ത കഥയും വിരസമായ തിരക്കഥയുമാണ് കൃഷ്ണ പൂജപ്പുര സംവിധായകന് കൈമാറിയിരിക്കുന്നത്. ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റ് വീഴുന്ന യുവതി വാര്‍ത്താകോളങ്ങളില്‍ ഇടം നേടുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് റവന്യു മന്ത്രിയാകുന്നതുമൊക്കെ കേരളത്തില്‍ സംഭവിച്ചേക്കാവുന്ന കാര്യങ്ങളാണെന്നാണ് തിരക്കഥകൃത്തിന്‍റെ കണ്ടെത്തല്‍. സമീപകാല മലയാള സിനിമകള്‍ക്കേ നിലവാരം നഷ്ടപ്പെട്ടിട്ടുള്ളൂ, പ്രേക്ഷകര്‍ക്ക് അങ്ങനെ സംഭവിച്ചിട്ടില്ല എന്നായിരുന്നു പ്രാഥമികമായി തിരക്കഥാകൃത്ത് മനസിലാക്കേണ്ടിയിരുന്നത്.
രാഷ്ട്രീയമെന്തെന്നോ, രാഷ്ട്രമെന്തെന്നോ ബോധമില്ലാത്ത ഒരുപിടി കഥാപാത്രങ്ങളെ സൃഷ്ടിച്ച് പ്രേക്ഷകരെ വിഡ്ഢിയാക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന്. കുടുംബബന്ധങ്ങളുടെ കഥകള്‍ സരസമായി പറയുന്ന സിനിമകള്‍ ചെയ്യുന്നതിന് മുമ്പ് ഏറ്റവും കുറഞ്ഞത് സത്യന്‍ അന്തിക്കാട് പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പുചെയ്ത ചില സിനിമകളുടെ ഡി വി ഡി വാങ്ങി കാണുകയെങ്കിലും ചെയ്യണമായിരുന്നു അണിയറ പ്രവര്‍ത്തകര്‍.
ജില്ലാ കളക്ടറായ സഹോദരനെതിരെ പ്രവര്‍ത്തിക്കുന്ന സഹോദരി. മകനെ അമേരിക്കന്‍ മലയാളി പെണ്‍കുട്ടിയെക്കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അമ്മ. രാഷ്ട്രീയത്തിന്‍റെ എ ബി സി ഡി അറിയാതെ മന്ത്രിയാകേണ്ടിവരുന്ന സ്ത്രീ. ഉര്‍വശിക്ക് അഭിനയിച്ചു തകര്‍ക്കാന്‍ പറ്റുന്ന കഥാപാത്രം തന്നെയാണ് ശ്യാമള. പക്ഷേ, സിനിമ വേറെ ഏതെങ്കിലും ആവേണ്ടിയിരുന്നു. ആര്‍ക്കും പ്രവചിക്കാന്‍ കഴിയുന്ന കഥാഗതികളുള്ള സിനിമയില്‍ തന്‍റെ പ്രകടനത്തിന്‍റെ മാസ്മരികതയാല്‍ തിളങ്ങുകയാണ് ഈ നടി. ‘ശ്യാമള’യെ കണ്ടിരിക്കാം, ഉര്‍വശിയുടെ പെര്‍ഫോമന്‍സിന്‍റെ മാത്രം പിന്‍ബലത്തില്‍.
കുഞ്ചാക്കോ ബോബന്‍, ഭാമ എന്നിവരാണത്രേ ചിത്രത്തിലെ നായകനും നായികയും. ഇവര്‍ക്കിരുവര്‍ക്കും അഭിനയിക്കാനുള്ള വക ഇനിയും എഴുതിച്ചേര്‍ക്കേണ്ടി വരും സിനിമയില്‍. നെടുമുടി, സായികുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ അവരുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി.
ഗാനങ്ങള്‍, എഡിറ്റിംഗ്, ക്യാമറ ഇവയൊന്നും പരാമര്‍ശം അര്‍ഹിക്കുന്നില്ല. ഒരു ഹാസ്യഗാനമൊക്കെയുണ്ട് സിനിമയില്‍. അടൂര്‍ഭാസിയുടെ ‘വോട്ടുപാട്ട്’ ഓര്‍മ്മയില്ലേ? അല്ലെങ്കില്‍ ക്ലാസ്മേറ്റ്സിലെ ‘വോട്ട്...’ എന്ന ഗാനം. ഇതിന്‍റെയൊക്കെ പ്രേതം ആവേശിച്ചിരിക്കുന്ന ഒരു പാട്ട്. ആവര്‍ത്തനം മലയാളികള്‍ സഹിക്കില്ലെന്ന് ഇതിന്‍റെ സൃഷ്ടാക്കള്‍ തിരിച്ചറിയാതെ പോകുന്നു.
അസഹനീയമായ പശ്ചാത്തല സംഗീതത്താല്‍ ‘സകുടുംബം ശ്യാമള’ ഒരു സിനിമയെന്ന നിലയില്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ്. പ്രേക്ഷകന് തിയേറ്ററിനുള്ളില്‍ ഇരുന്നു കാണാനുള്ളതാണ് സിനിമയെന്ന് പോസ്റ്റ്പ്രൊഡക്ഷന്‍ സമയത്ത് സാങ്കേതിക വിദഗ്ധര്‍ മറന്നുപോയിരിക്കാം. മറവി ഒരു കുറ്റമല്ല. കുറ്റം പ്രേക്ഷകരുടേതാണ്. ഇത്തരം നിലവാരമില്ലാത്ത സൃഷ്ടികളെയും ഹിറ്റാക്കി മാറ്റാന്‍ അവര്‍ കാണിക്കുന്ന സന്‍മനസാണ് ഏറ്റവും വലിയ കുറ്റം.