‘മമ്മി ആന്‍റ് മി’ മികച്ച റിപ്പോര്‍ട്ട്

WEBDUNIA|
PRO
ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘മമ്മി ആന്‍റ് മി’ക്ക് കേരളമാകെ ഗംഭീര വരവേല്‍പ്പ്. മികച്ച കുടുംബചിത്രം എന്ന അഭിപ്രായം നേടുന്ന ചിത്രം മിക്ക കേന്ദ്രങ്ങളിലും ഹൌസ് ഫുള്ളാണ്. ഉര്‍വശിയുടെയും അര്‍ച്ചന കവിയുടെയും മത്സരിച്ചുള്ള അഭിനയമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

‘ഡിറ്റക്ടീവ്’ എന്ന കുറ്റാന്വേഷണ ചിത്രത്തിലൂടെ സംവിധായകനായി മാറിയ ജിത്തു ജോസഫ് മമ്മി ആന്‍റ് മിയില്‍ തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്‍റെ ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത കാഴ്ചപ്പാടാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

ജ്യുവല്‍(അര്‍ച്ചന കവി) തന്‍റെ കഥ പറയുന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ജ്യുവലിന്‍റെ മമ്മി ക്ലാര(ഉര്‍വശി)യുമായുള്ള അത്യപൂര്‍വമായ റിലേഷനാണ് ജ്യുവല്‍ പറയാന്‍ ശ്രമിക്കുന്നത്. ടീനേജ് പ്രായത്തിലുള്ള മകള്‍ അമ്മയുമായി എപ്പോഴും ശണ്ഠയാണ്. നിസാര പ്രശ്നങ്ങള്‍ക്കുപോലും ഇരുവരും വഴക്കടിക്കുന്നു. ഇവര്‍ക്കിടയില്‍ ബുദ്ധിമുട്ടുകയാണ് ജ്യുവലിന്‍റെ പിതാവ് ജോസഫ്(മുകേഷ്).

ജ്യുവലിന്‍റെ അയല്‍ക്കാരനും സുഹൃത്തുമാണ് രാഹുല്‍(കുഞ്ചാക്കോ ബോബന്‍). അയാള്‍ക്ക് ജ്യുവലിനോട് ഉള്ളിന്‍റെയുള്ളില്‍ പ്രണയമാണ്. പക്ഷേ അത് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. അതിനിടയില്‍ അമീര്‍ എന്നയാളുമായി ചാറ്റിംഗിലൂടെ ജ്യുവല്‍ പരിചയത്തിലാകുന്നു. അമീര്‍ അവളുടെ സ്വഭാവത്തെയാകെ മാറ്റിമറിക്കുകയാണ്.

ഒരു മികച്ച കഥ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് ജിത്തു ജോസഫ്. രസകരമായ സംഭാഷണങ്ങളും മുഹൂര്‍ത്തങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. വിപിന്‍ മോഹന്‍റെ ക്യാമറ ഗംഭീരമാണ്. നല്ല ഗാനരംഗങ്ങളും ചിത്രത്തിന് ഗുണമായി. ‘മാലാഖ പോലെ മകളേ നീ...’ എന്ന ഗാനമാണ് ഏറ്റവും മികച്ചത്.

ലാലു അലക്സും കുഞ്ചാക്കോ ബോബനും ചേര്‍ന്നുള്ള ഹൃദ്യമായ രംഗങ്ങള്‍ കണ്ണുനനയിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേഷ്ഗോപിയുടെ സാന്നിധ്യമാണ് ചിത്രത്തിന്‍റെ സസ്പെന്‍സ്.

ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മമ്മി ആന്‍റ് മി ഹിറ്റാകാനാണ് സാധ്യത. കുടുംബപ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്താല്‍ ജിത്തു ജോസഫിന് തുടര്‍ച്ചയായ രണ്ടാമത്തെ ഹിറ്റ് ആഘോഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :