ജനകന്‍: ഒരു ഗംഭീര സിനിമ!

യാത്രി ജെസെന്‍

WEBDUNIA|
PRO
പേരില്‍ തുടങ്ങുന്ന വ്യത്യസ്തത പ്രമേയത്തിലും ആഖ്യാനത്തിലും നിലനിര്‍ത്തി, ഒരു സൂപ്പര്‍ ത്രില്ലര്‍ റിലീസ് ചെയ്തു. ആദ്യ ഷോ കാണാന്‍ ജനസമുദ്രമാണ് തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ ഒഴുകിയെത്തിയത്. പടം അവസാനിച്ചപ്പോള്‍ ഏവരും ഒരേ സ്വരത്തില്‍ പറഞ്ഞു - ഇതൊരു ഗംഭീര സിനിമ!

അതേ, ‘ജനകന്‍’ പ്രേക്ഷകമനസുകള്‍ കീഴടക്കിയിരിക്കുന്നു. സമീപകാലത്തൊന്നും ഇത്രയും സസ്പെന്‍സ് നിറഞ്ഞ കഥയുള്ള, ചടുലമായ വിഷ്വലുകളുള്ള, ശക്തമായ ഡയലോഗുകളുള്ള ഒരു സിനിമ കണ്ടിട്ടില്ല. ചിത്രത്തിന്‍റെ സംവിധായകന്‍ എന്‍ ആര്‍ സഞ്ജീവിനൊപ്പമാണ് ഞാന്‍ സിനിമ കണ്ടത്. ‘സിനിമ മോശമാണെങ്കില്‍ ഞാന്‍ കൂവും’ എന്ന് സഞ്ജീവിനോട് പറഞ്ഞിട്ടാണ് സ്ക്രീനിലേക്ക് മനസും മിഴികളും ഉറപ്പിച്ചത്.

അത്ഭുതപ്പെട്ടു പോയി‍. ഇത്രയും ഷോക്കിംഗായ ഒരു സിനിമ എന്‍റെ ഓര്‍മ്മയില്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂ. ജോഷി, ഷാജി കൈലാസ് എന്നിവരുടെ നിരയിലേക്ക് എന്‍ ആര്‍ സഞ്ജീവ് എന്ന നവാഗതന്‍ തന്‍റെ കസേര വലിച്ചിട്ടിരിക്കുന്നു. അമ്പതു സിനിമ സംവിധാനം ചെയ്ത പ്രഗത്ഭനായ ഒരു സംവിധായകന്‍റെ കൈത്തഴക്കമാണ് സഞ്ജീവ് ജനകനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പടം തീര്‍ന്നപ്പോള്‍ സഞ്ജീവിന്‍റെ ഇരു‌കൈകളും പിടിച്ചുകുലുക്കി ഞാന്‍ പറഞ്ഞു - “ഉജ്ജ്വലം!”

മോഹന്‍ലാലും സുരേഷ്ഗോപിയും തകര്‍ത്തഭിനയിച്ചിരിക്കുന്ന ജനകനിലെ ഓരോ രംഗവും ശ്വാസമടക്കിപ്പിടിച്ചേ കാണാനാവൂ. നിറമിഴികളോടെയാണ് വീട്ടമ്മമാര്‍ തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുന്നതു കണ്ടത്. കുടുംബബന്ധങ്ങളുടെ ആര്‍ദ്രതയുള്ള ഈ ത്രില്ലര്‍ മാസങ്ങളോളം തിയേറ്ററുകള്‍ നിറഞ്ഞോടും എന്ന് തീര്‍ച്ച.

കഥയെക്കുറിച്ച്...

തിരുവനന്തപുരം നഗരത്തിലേക്ക് മൂന്നു ക്രിമിനലുകള്‍ എത്തിയിരിക്കുന്നു എന്ന് പൊലീസിന് അറിയിപ്പു ലഭിക്കുന്നു. വിശ്വനാഥന്‍(സുരേഷ്ഗോപി), മോനായി(ബിജു മേനോന്‍), പഴനി(ഹരിശ്രീ അശോകന്‍) എന്നിവരാണവര്‍. നാടിനെ നടുക്കിയ മൂന്നു കൊലപാതകങ്ങള്‍ നടത്തിയവരാണവര്‍. പഴനിയെയും മോനായിയെയും വലയിലാക്കാന്‍ പൊലീസിന് കഴിഞ്ഞെങ്കിലും അവരെ വിശ്വനാഥന്‍ രക്ഷപെടുത്തുന്നു. മൂവര്‍ക്കും ഒരു ലക്‍ഷ്യമേയുള്ളൂ. പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനായ സൂര്യനാരായണനെ കാണുക!

അടുത്ത പേജില്‍ - കുരുക്കുകള്‍ അഴിയുമ്പോള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :