താന്തോന്നി കാണാന്‍ ‘ഭയങ്കര’ ആള്. കിടന്നു തള്ളുന്നു. അടുത്ത മോഹന്‍ലാല്‍ ‘യെവന്‍’ തന്നെ എന്നു മനസില്‍ കോറിയിട്ട് തിയേറ്ററിനുള്ളിലേക്ക് ഉന്തിക്കയറി. തമിഴ്നാട്ടിലെ ഏതെങ്കിലും സി ക്ലാസ് തിയേറ്ററില്‍ രജനീകാന്തിന്‍റെ പടം കാണാന്‍ ചെന്നതുപോലെയുണ്ടായിരുന്നു പടം തുടങ്ങിയപ്പോള്‍. ‘പൃഥ്വിരാജ് കീ’ എന്ന വിളിയും പേപ്പര്‍മാല കീറിയെറിയലും തുമ്പിതുള്ളലും.
പടം തുടങ്ങി പൃഥ്വി സ്ക്രീനില്‍ വന്നതും ഇരമ്പിയാര്‍ക്കുകയല്ലേ ആരാധകര്‍. രണ്ടു വിസില് പാറിച്ച് എന്‍റെ ഗ്യാംഗ് എല്ലാവരും ഒന്നുഷാറായി. നരസിംഹത്തിന്‍റെ രണ്ടാം പിറവി തന്നെ എന്ന് മനസിലുറപ്പിച്ചു. ഷാഹിദ് പുലി തന്നെ എന്ന് ഉള്ളില്‍ മന്ത്രിച്ചു. എന്നിട്ടെന്തായി? ‘പവനായി ശവമായി’ എന്ന ശ്രീനിവാസന്‍ പഴഞ്ചൊല്ലു പോലായി കാര്യങ്ങള്‍. കുത്തിവിട്ട ബലൂണ്‍ പോലെ ശുഷ്കിച്ചു പോയി സിനിമ.
ഇതാണോ സിനിമ, ഇത് നാടകമല്ലേ എന്ന് അടുത്തിരുന്നൊരാള്‍. ‘നാടകക്കാരു കേള്‍ക്കേണ്ട’ എന്നു ഞാന്‍ അയാളുടെ കാതില്‍ പറഞ്ഞു. ഡയലോഗ് കുത്തി നിറച്ച ഒരു സിനിമ. രണ്‍ജി പണിക്കരുടെ ‘ഡയലോഗു സിനിമ’കള്‍ക്കും കാണാനൊരു ചന്തമുണ്ട്. നല്ല മുറുകിയ മുഹൂര്‍ത്തങ്ങളുണ്ടാകും. താന്തോന്നിയുടെ കാര്യത്തിലാകട്ടെ, ആദ്യ പകുതി ചാടിക്കടക്കാന്‍ പ്രേക്ഷകന്‍ ഹൈജമ്പ് ട്രെയിനിംഗിന് പോകേണ്ടി വരും.
‘വടക്കന്‍ വീട്ടില്‍ കൊച്ചുകുഞ്ഞ്’ മോഹന്‍ലാലിന്‍റെ പഴയ കഥാപാത്രങ്ങളുടെ പകര്‍പ്പു തന്നെയാണ്. ആറാം തമ്പുരാനിലെ, അല്ലെങ്കില്‍ ദേവാസുരത്തിലെ, അതുമല്ലെങ്കില്‍ ഉസ്താദിലെ. പിന്നെ സിനിമ മൊത്തത്തില്‍ രണ്ടു ചിത്രങ്ങളുടെ സങ്കലനമാണ് - ലേലവും ഉസ്താദും. തമിഴിലെ ബാഷയും പോക്കിരിയുമൊക്കെ ഈയൊരു സമവാക്യത്തിന്‍റെ തന്നെ സൃഷ്ടികളാണ്. പ്രേക്ഷകന്‍ ഇത്തരം സിനിമകള്‍ക്ക് നല്‍കിയ വന്‍ വരവേല്‍പ്പു തന്നെയാകും ‘താന്തോന്നി’ പടയ്ക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് പ്രചോദനമേകിയിട്ടുണ്ടാവുക.
പതിവ് ‘ഷാഹിദ് നായക’നെപ്പോലെ തന്നെ നാടുവിട്ടു പോയ ശേഷം തിരികെയെത്തുന്നവനാണ് കൊച്ചുകുഞ്ഞ്. തിരിച്ചുവന്ന ശേഷം അയാള്‍ താന്തോന്നിത്തരങ്ങള്‍ തുടങ്ങുകയാണ്. ആ താന്തോന്നിത്തരങ്ങള്‍ സഹിച്ചിരിക്കാന്‍ വിധിക്കപ്പെട്ട പാവം പ്രേക്ഷകര്‍. പൃഥ്വിയുടെ ചില ഡയലോഗുകള്‍ കാതിലെത്തിയപ്പോള്‍ തിയേറ്ററില്‍ നിന്നും ചില കമന്‍റുകളും ഒപ്പമെത്തി - “ഇയാളെ മോഹന്‍ലാല്‍ കടിച്ചതാണോ?”.
സിനിമ മായികമാണ്. അതില്‍ നടക്കുന്ന കഥകള്‍ ഫാന്‍റസി നിറഞ്ഞതു തന്നെയാണ്. അങ്ങനെ ഉറച്ച ബോധമുള്ളവര്‍ പോലും താന്തോന്നി കണ്ടാല്‍ ‘നല്ല നമസ്കാരം’ പറഞ്ഞു പോകും. നാട്ടില്‍ ഒരു ‘താന്തോന്നി’പരിവേഷവും മറ്റൊരു നാട്ടില്‍ അധോലോകത്തിന്‍റെ ആഡംബരവും ഒക്കെ ക്ലബ്ബ് ചെയ്യുന്ന കഥ കണ്ട് ത്രില്ലടിച്ചിരിക്കുന്ന പ്രേക്ഷകന്‍റെ വംശം കുറ്റിയറ്റു എന്നു തോന്നുന്നു. കാരണം കൈയടിയേക്കാള്‍ ഞാന്‍ കേട്ടത് കൂവലാണ്. അതു ചില സിനിമക്കാരു പറയുന്നതു പോലെ ‘കൂവിത്തോല്‍പ്പിക്കല്‍’ ആയിരുന്നില്ല. ആത്മാര്‍ത്ഥമായൊരു പ്രതിഷേധമായിരുന്നു. അല്ലെങ്കില്‍ ഓരോ പ്രേക്ഷകനും ആത്മപരിഹാസം നടത്തിയതാണ് എന്നു പറയാം, ഈയൊരു ഗതികേടില്‍ അകപ്പെട്ടുപോയതില്‍.
പാട്ടുകളില്‍ ഒന്നു കൊള്ളാം. ‘ആകാശമറിയാതെ...” എന്നു തുടങ്ങുന്ന ആ പാട്ട് ഗിരീഷിന്‍റെ മാന്ത്രികപദങ്ങളാല്‍ അനുഗ്രഹീതമാണ്. തിയേറ്റര്‍ വിട്ടിട്ടും ആ പാട്ട് കൂടെയുണ്ട്. അല്ലെങ്കില്‍, അതു മാത്രമേ കൂടെയുള്ളൂ.