ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി 16 വര്‍ഷം ചെലവഴിക്കുക. കഥയ്ക്ക് അനുയോജ്യമായ നടീനടന്‍മാര്‍ക്കായി മാസങ്ങളോളം കാത്തിരിക്കുക. സിനിമ ഒരു തപസു പോലെ ആവുക. ഇതൊക്കെ മലയാള സിനിമയില്‍ ഒരു സംവിധായകനില്‍ നിന്ന് ഇക്കാലത്ത് പ്രതീക്ഷിക്കാനാകാത്ത കാര്യമാണ്.
ആര്‍ സുകുമാരന്‍ എന്ന സംവിധായകന്‍ വ്യത്യസ്തനാകുന്നത് അവിടെയാണ്. ഒരു ധ്യാനം പോലെ തന്‍റെ സിനിമകളെ സമീപിക്കുന്ന വ്യക്തിയാണ് സുകുമാരന്‍. വര്‍ഷങ്ങള്‍ നീണ്ട ആ ധ്യാനത്തിന്‍റെ ഫലമാണ് ‘യുഗപുരുഷന്‍’ എന്ന സിനിമ. മമ്മൂട്ടിയും ദേവനും ജഗതിയും നവ്യാ നായരുമൊക്കെ ഉള്‍പ്പെട്ട ഒരു അടിച്ചുപൊളി കൊമേഴ്സ്യല്‍ സിനിമയല്ല ഇത്. ഓരോ മലയാളിയുടെയും മനസിന് നേരെ പിടിച്ച കണ്ണാടിയാണ് യുഗപുരുഷന്‍.
ആര്‍ സുകുമാരന്‍റെ സിനിമകള്‍ ഭരതന്‍ ചിത്രങ്ങളോട് ഫ്രെയിം ക്രിയേഷന്‍റെ കാര്യത്തില്‍ അടുത്തു നില്‍ക്കാറുണ്ട്. പാദമുദ്രയും രാജശില്‍പ്പിയുമൊക്കെ ഉദാഹരണം. ഒരു മനുഷ്യനെ അവന്‍റെ എല്ലാ നന്‍മതിന്മകളോടും കൂടി പൂര്‍ണമായി അവതരിപ്പിക്കുന്ന ശൈലിയൊക്കെ സമാനതകളുള്ളതാണ്. എന്നാല്‍ ഭരതന്‍ കൈവച്ചിട്ടില്ലാത്ത കേരള ചരിത്രമാണ് ആര്‍ സുകുമാരന്‍ ഇത്തവണ തന്‍റെ സിനിമയ്ക്ക് ആധാരമാക്കിയത്.
ഒരു സമുദ്രത്തിന്‍റെ ആഴമുള്ള ശ്രീനാരായണഗുരു ദര്‍ശനങ്ങളെ ഏറ്റവും ഭംഗിയായി പറഞ്ഞുതരികയാണ് യുഗപുരുഷനിലൂടെ അദ്ദേഹം ചെയ്യുന്നത്. സാധാരണക്കാര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും ആശ്രയമായി ഗുരു ജീവിച്ചുതീര്‍ത്ത ധന്യമായ ജീവിതം എല്ലാ മനുഷ്യര്‍ക്കും പാഠമാകേണ്ടതാണ്. പാവപ്പെട്ടവര്‍ക്കായി തന്‍റെ ജീവിതം മാറ്റിവയ്ക്കുന്ന ഗുരുവില്‍ നിന്ന് തുടങ്ങി, ഓരോ സംഭവങ്ങളോടും പ്രവര്‍ത്തനങ്ങളോടും കാലത്തോടും ഗുരു എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാണിച്ചു തരികയാണ് സംവിധായകന്‍.
ശ്രീനാരായണഗുരുവായി അഭിനയിച്ചിരിക്കുന്നത് തമിഴ് നടന്‍ തലൈവാസല്‍ വിജയ് ആണ്. ഈ കഥാപാത്രത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതുപോലെ ഒരാള്‍. (മമ്മൂട്ടിയെയാണ് ആര്‍ സുകുമാരന്‍ ഗുരുവാകാന്‍ ആദ്യം പരിഗണിച്ചത്. എന്നാല്‍ തനിക്ക് അത് കഴിയില്ലെന്ന് സ്നേഹപൂര്‍വം അറിയിച്ച് കെ സി കുട്ടന്‍ എന്ന കഥാപാത്രമായി അഭിനയിച്ച് ഒതുങ്ങി നിന്നു മമ്മൂട്ടി. അദ്ദേഹത്തിന് ബുദ്ധിയുണ്ട്. തനിക്ക് യോജിക്കുന്ന വേഷമേതെന്ന് തിരിച്ചറിയാനുള്ള പക്വതയാണ് മമ്മൂട്ടിയെ മഹാനടനാക്കുന്നത്.)
ഗുരുവിന്‍റെ കഥ പറയുന്നു എന്നാല്‍ കേരളത്തിന്‍റെ കഥ പറയുന്നു എന്നാണ്. ഒരു കാലഘട്ടത്തിലൂടെയുള്ള ഗുരുവിന്‍റെ യാത്ര. ഇതിനിടയില്‍ ഗുരുവിന്‍റെ ജീവിതദര്‍ശനത്താല്‍ പുണ്യം പേറുന്ന അനവധി കഥാപാത്രങ്ങള്‍. കോരന്‍(കലാഭവന്‍ മണി), സാവിത്രി(നവ്യാ നായര്‍), കെ സി കുട്ടന്‍(മമ്മൂട്ടി) തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. സാവിത്രിയെന്നാല്‍ കുമരനാശാന്‍റെ ദുരവസ്ഥയിലെ സാവിത്രിയെ അനുസ്മരിപ്പിക്കുന്നവള്‍ തന്നെ.