ഒടുവില്‍ ‘കേരളാ കഫെ’ എത്തി. ഒരു ഓഫ് ബീറ്റ് സിനിമയോടുള്ള പ്രതികരണമാണ് പ്രതീക്ഷിച്ചതെങ്കിലും സാമാന്യം ഭേദപ്പെട്ട തിരക്ക് തിയേറ്ററില്‍ ദൃശ്യമായിരുന്നു. മമ്മൂട്ടി, സുരേഷ്ഗോപി, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയ താരങ്ങളുടെ പോസ്റ്ററുകള്‍ കണ്ട് മറ്റൊരു ‘ട്വന്‍റി 20’ പ്രതീക്ഷിച്ച് എത്തിയവരാകാം. ഇത്രയും താരങ്ങള്‍ അണിനിരക്കുന്ന ഒരു സിനിമയ്ക്ക് സാധാരണയായി ഉണ്ടാകാറുള്ള ആര്‍പ്പുവിളിയും കൂവലുമൊനും ഉണ്ടായില്ല. സിനിമ ശാന്തമായി തുടങ്ങി, അവസാനിച്ചു.
10 സംവിധായകര്‍ - 10 യാത്രകള്‍ - ഒരു സിനിമ
ആദിമധ്യാന്തപ്പൊരുത്തമുള്ള കഥ പറയുന്ന സിനിമകളില്‍ നിന്ന് ഹോളിവുഡ് ശൈലിയിലേക്കുള്ള ഒരു മാറ്റം മലയാള സിനിമയ്ക്ക് സമ്മാനിക്കുന്ന ചിത്രമാണ് കേരളാ കഫെ. ഇത് പറയുന്നത് വ്യത്യസ്തമായ ജീവിതക്കാഴ്ചകളും തീര്‍ത്തും വ്യത്യസ്തമായ വിഷയങ്ങളുമാണ്. ‘യാത്ര’ എന്ന ഒരു കേന്ദ്രത്തില്‍ കൊരുത്തു നില്‍ക്കുന്നു എന്നേയുള്ളൂ. എല്ലാം വ്യത്യസ്തമായ വഴികള്‍. രഞ്ജിത്തിന് നന്ദി പറയാം, ഇങ്ങനെ ഒരു അനുഭവം മലയാളത്തിന് പരിചയപ്പെടുത്തിയതിന്. പക്ഷേ, തന്‍റെ ശ്രമം പൂര്‍ണമായും വിജയത്തിലെത്തിക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞില്ലെന്നും ഒപ്പം പറയട്ടെ.
കഥകള്‍ തെരഞ്ഞെടുത്തതിലും അതിന്‍റെ അവതരണ രീതികളിലും സംവിധായകര്‍ക്കുണ്ടായ പിഴവുകള്‍ ചിത്രത്തിന്‍റെ മൊത്തം ഗതിയെ ബാധിച്ചു. എം പത്മകുമാര്‍, ശ്യാമപ്രസാദ്, നവാഗതനായ ശങ്കര്‍ രാമകൃഷ്ണന്‍, ഉദയ് അനന്തന്‍ എന്നിവരുടെ ഹ്രസ്വചിത്രങ്ങള്‍ സമ്മാനിച്ചത് നിരാശ മാത്രമാണ്. ഏറ്റവും മികച്ചു നിന്നത് ലാല്‍ ജോസ് തന്നെ. പ്രേക്ഷകരെ ഞെട്ടിക്കുന്നത് അന്‍വര്‍ റഷീദും ഷാജി കൈലാസുമാണ്. അവരില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ, പുതിയ ചിന്ത ഉള്‍ക്കൊള്ളുന്ന സിനിമകളാണ് നല്‍കിയത്‍. ബി ഉണ്ണികൃഷ്ണന്‍ പുതിയ കാലത്തിന്‍റെ ചിത്രമാണ് അവതരിപ്പിച്ചത്.
PRO
കേരളാ കഫെയ്ക്ക് തുടക്കമാകുന്നത് എം പത്മകുമാറിന്‍റെ ‘നൊസ്റ്റാള്‍ജിയ’ എന്ന ചിത്രത്തോടെയാണ്. ദിലീപും നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രവാസിയുടെ ജീവിതവീക്ഷണങ്ങളാണ് അവതരിപ്പിച്ചത്. അതിനായി തെരഞ്ഞെടുത്ത കഥയിലും കഥാപാത്രങ്ങളിലും പുതുമയില്ല. ഒട്ടും ചലനം സൃഷ്ടിക്കാത്ത ആഖ്യാന ശൈലിയാണ് ഈ ചിത്രത്തിന് വേണ്ടി പത്മകുമാര്‍ സ്വീകരിച്ചത്. കേരളാ കഫെ എന്ന പുതിയ കാഴ്ചയെ ഉള്‍ക്കൊള്ളാനെത്തുന്ന പ്രേക്ഷകനെ വിരസമായ ഈ സിനിമയാണ് വരവേല്‍ക്കുന്നത് എന്നത് അസ്വാസ്ഥ്യം ഉളവാക്കും.
രണ്ടാമതായി കാഴ്ചക്കാരെ നേരിടുന്നത് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ഐലന്‍ഡ് എക്സ്പ്രസ്’. പൃഥ്വിരാജ് ജയസൂര്യ, റഹ്മാന്‍, സുകുമാരി തുടങ്ങിയവരാണ് താരങ്ങള്‍. ഒരു ബുദ്ധിജീവിജാഡയുള്ള ചിത്രമാണ് ഇത്. ഇതിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷ സാധാരണ പ്രേക്ഷകന് ദഹിക്കില്ല. ഈ രീതിയില്‍ സംസാരിക്കുന്നവര്‍ കേരളത്തിലുണ്ടോ എന്ന് സംശയിച്ചുപോകും. കഥയും അതുപോലെ തന്നെ. പെരുമണ്‍ദുരന്തവുമായി ഒരു എഴുത്തുകാരന്‍റെ ജീവിതത്തെ ബന്ധിപ്പിക്കുകയാണ്. പൃഥ്വിരാജിന്‍റെ ഗെറ്റപ്പും ഡയലോഗ് ഡെലിവറിയും പുതുമയാണെങ്കിലും കഥയും അവതരണവും ദുര്‍ഗ്രഹമാകുമ്പോള്‍ കേരളാ കഫെയിലെ രണ്ടാമത്തെ കാഴ്ചയും നിരാശ നല്‍കുന്നു.