എയ്ഞ്ചല്‍ ജോണ്‍ എത്തി. സിനിമയുടെ കഥ ഏകദേശം അറിയാവുന്നതുകൊണ്ട് അളവില്‍ കൂടിയ ആകാംക്ഷയോടെയല്ല ഞാന്‍ തിയേറ്ററില്‍ എത്തിയത്. കഴിഞ്ഞ വാരം പഴശ്ശിരാജയ്ക്കുണ്ടായ തിരക്കോ ആഘോഷമോ എയ്ഞ്ചല്‍ ജോണ്‍ കളിക്കുന്ന തിയേറ്ററിനു മുന്നില്‍ എന്തുകൊണ്ടോ കണ്ടില്ല. മോഹന്‍ലാല്‍ ആരാധകരുടെ ആവേശപ്രകടനവും കണ്ടില്ല.
മോഹന്‍ലാല്‍ ഫാന്‍സ് വലിയ ആവേശം കാണിക്കാതിരുന്നതിന്‍റെ കാരണം സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ മനസിലായി. ചിത്രത്തിന്‍റെ പകുതി ഭാഗത്തു മാത്രമാണ് മോഹന്‍ലാലിന്‍റെ പ്രകടനമുള്ളത്. ലാലിന് വെല്ലുവിളിയാകുന്നതോ അസാധാരണമായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്നതോ ആയ ഒരു മുഹൂര്‍ത്തം പോലും ഈ ചിത്രത്തിലില്ല. എന്നാല്‍ ഒരു സിനിമ എന്ന നിലയില്‍ ശരാശരി പ്രകടനം എയ്ഞ്ചല്‍ ജോണ്‍ കാഴ്ച വയ്ക്കുന്നുണ്ട്. ത്രില്ലടിച്ചു കാണാമെന്നു പ്രതീക്ഷ വേണ്ട, ഒരു സിനിമ എന്ന നിലയില്‍ കണ്ടിരിക്കാം, അത്രമാത്രം.
സ്പീഡ് ട്രാക്കിന് ശേഷം എസ് എല്‍ പുരം ജയസൂര്യ ഒരുക്കിയ എയ്ഞ്ചല്‍ ജോണില്‍ മലയാളത്തില്‍ പുതുമുഖമായ ശന്തനു ഭാഗ്യരാജാണ് നായകന്‍(മോഹന്‍ലാല്‍ നായകനല്ല, നായകന് താങ്ങായെത്തുന്ന എയ്ഞ്ചല്‍. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ കഥ വിശ്വസിക്കേണ്ടി വരും. കാരണം ജീവിതം പകുതി റിയാലിറ്റിയും പകുതി ഫാന്‍റസിയുമാണെന്നാണ് എസ് എല്‍ പുരം ജയസൂര്യയുടെ വാദം. സമ്മതിച്ചുകൊടുത്തേക്കാം, അല്ലേ?)
മറഡോണ എന്നാണ് ശന്തനു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഏറെയേറെ വികൃതിയായ ഒരു 21കാരന്‍. കുരുത്തക്കേടുകള്‍ നിറഞ്ഞ ഒരു സ്വഭാവസൃഷ്ടിയാണ് മറഡോണയ്ക്കുള്ളത്. ബാങ്കുമാനേജര്‍ ജോണി(ലാലു അലക്സ്)ന്‍റെ മകനാണ്. അച്ഛനു തന്നെ മകന്‍റെ ചെയ്തികള്‍ ഇഷ്ടമാകുന്നില്ല. പിന്നെ സമൂഹത്തിന് എങ്ങനെ ബോധ്യപ്പെടും. മകന്‍റെ ദോഷങ്ങള്‍ക്ക് വേണ്ടത്ര പ്രചാരം കൊടുക്കുന്നതില്‍ അച്ഛന്‍ തന്‍റേതായ ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്.
ഒരു ഇന്‍റര്‍നെറ്റ് കഫേയൊക്കെ തുടങ്ങുന്നുണ്ടെങ്കിലും എല്ലാത്തിനും വില്ലനായി മറഡോണയുടെ സ്വഭാവം തന്നെ മതിയല്ലോ. ഒടുവില്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റുകള്‍, വിഹരിക്കാന്‍ പാടില്ലാത്ത മേഖലകള്‍ ഇതൊക്കെ മറഡോണയുടെ ജീവിതത്തില്‍ സംഭവിക്കുകയാണ്. മരിക്കാന്‍ തീരുമാനിച്ചു ഒടുവില്‍ മറഡോണ. ആത്മഹത്യ ചെയ്യുക ആര്‍ക്കും രക്ഷപെടാനുള്ള എളുപ്പവഴിയാണല്ലോ. അവിടെയാണ് എയ്ഞ്ചല്‍ അവതരിക്കുന്നത്.