നീരജ് പാണ്ഡേയുടെ ‘എ വെനസ്‌ഡേ’യും ‘ഉന്നൈപ്പോല്‍ ഒരുവ’നും താരതമ്യം ചെയ്യരുത് എന്ന് കമല്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഉന്നൈപ്പോല്‍ ഒരുവന്‍ കണ്ട്, തീയേറ്റര്‍ വിട്ടിറങ്ങിയപ്പോള്‍ കമല്‍ പറഞ്ഞകാര്യം ഓര്‍മ വന്നു. കാരണം, മൂലചിത്രത്തെ അതേപടി പകര്‍ത്താതെ, മെച്ചപ്പെടുത്തി, പുനരാവിഷ്കരിച്ചിരിക്കുകയാണ് ചക്രി തൊലേത്തിയുടെ ഉന്നൈപ്പോല്‍ ഒരുവനില്‍. അതായത് ഈ സിനിമ റീമേക്കല്ല, തീര്‍ത്തും ‘ഫ്രഷ്’ ആയ പുതിയൊരു ‘അറ്റംപ്റ്റ്’ ആണ്. നെഞ്ചില്‍ തൊട്ട് പറയട്ടെ, എ വെനസ്‌ഡേയേക്കാള്‍ നന്നായിട്ടുണ്ട്, ഉന്നൈപ്പോല്‍ ഒരുവന്‍.
മൂന്ന് കാര്യങ്ങളാണ് എന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത്. ഒന്ന്, വെള്ളിത്തിരയില്‍ ഒരുപാടുകാലം നാം കണ്ട് പരിചയിച്ച രണ്ട് മഹാമേരുക്കളുടെ - കമലിന്റെയും ലാലിന്റെയും - അഭിനയ മത്സരം. രണ്ടാമത്തേതാകട്ടെ, നമ്മുടെ കാലത്തെ ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നായ ഭീകരവാദത്തിന്റെ പച്ചയായ ആവിഷ്കരണം. മൂന്ന്, നമ്മെപ്പോലെയുള്ള ‘സാധാരണക്കാര്‍’ വിചാരിച്ചാലും ഇവിടെയെന്തെങ്കിലും നടക്കുമെന്ന ഗുണപാഠം.
സിറ്റി പൊലീസ് കമ്മീഷണറായിരുന്ന രാഘവന്‍ മാരാ(മോഹന്‍ലാല്‍)രുടെ ഓര്‍മ്മകളിലൂടെയാണ് ഉന്നൈപ്പോല്‍ ഒരുവന്‍റെ കഥ പറയുന്നത്. മാരാരുടെ ഓര്‍മ്മകളില്‍ നിറയെ അയാളാണ്, ഒരു സാധാരണക്കാരന്‍. പേരോ ഊരോ മതമോ അറിയാത്ത ഒരു സാധാരണക്കാരന്‍ (കമലാഹാസന്‍) ‘അത്’ ചെയ്തിരിക്കുന്നു. നാട്ടില്‍ നടക്കുന്ന ഭീകരതയ്ക്കെതിരെ ഒറ്റയാള്‍ പട്ടാളം നയിച്ച്, ഭരണവ്യവസ്ഥയെ അടിയറവ് പറയിച്ച്, തനിക്ക് വേണ്ടത് അയാള്‍ സാധിച്ചിരിക്കുന്നു. മാരാരുടെ ഓര്‍മകളില്‍ നിന്ന് കഥ വിടരുന്നു.
നഗരത്തില്‍ പലയിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഒരു ഫോണ്‍ കോള്‍ കമ്മീഷണറെ തേടിയെത്തുന്നു. ബോംബ് പൊട്ടാതിരിക്കണമെങ്കില്‍ നാല് ഭീകരവാദികളെയാണ് ഫോണ്‍ വിളിച്ചയാളിന് വേണ്ടത്. ആരെങ്കിലും പറ്റിക്കാന്‍ വേണ്ടി ചെയ്ത കോളാകും എന്ന് കരുതി മാരാര്‍ അത് അവഗണിക്കുന്നു. എന്നാല്‍, കോളില്‍ പറഞ്ഞ പോലെ, കനത്ത സുരക്ഷാ സജ്ജീകരണങ്ങളുള്ള ഒരു പൊലീസ് സ്റ്റേഷനില്‍ ബോംബ് കണ്ടെത്തുന്നതോടെ മാരാര്‍ക്ക് സ്ഥിതിയുടെ ഗൌരവം മനസിലാകുന്നു.
PRO
സ്ഥിതിഗതികള്‍ നേരിടാന്‍, പൊലീസിലെ ഏറ്റവും മികച്ചൊരു ടീമിനെ (പ്രേം, ഗണേശ് വെങ്കട്ടരാമന്‍) തന്നെ മാരാര്‍ ഒരുക്കുന്നു. വിളിച്ചയാളുടെ ഇടം കണ്ടെത്തുന്ന ജോലി ഒരു കമ്പ്യൂട്ടര്‍ വിദഗ്ധനെ ഏല്‍പ്പിക്കുന്നു. എന്നാല്‍ മാരാരുടെ ആസൂത്രണങ്ങള്‍ വിജയിക്കുന്നില്ല. ഇതിനിടയില്‍ ഫോണ്‍ ചെയ്തയാള്‍ ഒരു മാധ്യമപ്രവര്‍ത്തകയെ (അനുജ അയ്യര്‍) വിളിക്കുകയും അയാള്‍ പറയുന്ന കാര്യങ്ങള്‍ ലോകത്തോട് അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
അവസാനം, ജയിലിലുള്ള ഭീകരരെ ഫോണ്‍ ചെയ്തയാള്‍ക്ക് വിട്ടുകൊടുക്കാന്‍ മാരാര്‍ നിര്‍ബന്ധിതനാകുന്നു. എന്നാല്‍ ഭീകരരെ രക്ഷിക്കുകയല്ല, പകരം കൊല്ലുകയാണ് ഫോണ്‍ ചെയ്തയാളുടെ ലക്‌ഷ്യമെന്ന് ഏറെത്താമസിയാതെ മാരാര്‍ മനസിലാക്കുന്നു. താനൊരു സാധാരണക്കാരില്‍ സാധാരണക്കാരന്‍ ആണെന്നും ‘കണ്ണിന് കണ്ണ്’ എന്ന തത്വമേ ഭീകരതയ്ക്ക് കടിഞ്ഞാണിടൂവെന്നും അളമുട്ടിയാല്‍ സാധാരണക്കാര്‍ ഇതിലപ്പുറവും ചെയ്യുമെന്നും മാരാരോട് പറഞ്ഞ് ഫോണ്‍ ചെയ്തയാള്‍ സംഭാഷണം അവസാനിപ്പിക്കുന്നു.
അടുത്ത പേജില്‍ - ഹിന്ദുക്കളില്‍ ഭീകരര്‍ ഉണ്ടാകില്ലേ?