കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ക്വിക്ക് ഗണ്‍ മുരുകന്‍; ‘ബ്രേവ് അറ്റെം‌പ്റ്റ്’! (Quick Gun Murugan is a brave attempt - Movie Review)
നിരൂപണം
Feedback Print Bookmark and Share
 
Quick Gun Murugan
PRO
PRO
ഇന്ത്യയിലെ ഏക ടെലിവിഷന്‍ ചാനലായ ദൂരദര്‍ശന്‍, സ്വകാര്യ ചാനലുകള്‍ക്ക് വഴിമാറാന്‍ തുടങ്ങിയ കാലം. എം‌ടിവിയും ചാനല്‍ ഫോറും പോലുള്ള സ്വകാര്യ ചാനലുകളിലൂടെ പാശ്ചാത്യ സംസ്കാരം ടെലിവിഷന്‍ പ്രേക്ഷകരെ തേടിവന്ന തൊണ്ണൂറുകള്‍. ചാനല്‍ ഫോറിന്റെ തുടക്കക്കാലത്ത് ജനങ്ങളെ ആകര്‍ഷിക്കാനായി സൃഷ്ടിച്ച ചെറിയ പരസ്യങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന കഥാപാത്രമായിരുന്നു അല്‍‌പം ഭ്രാന്തുള്ള മുരുകന്‍. ‘മൈന്‍ഡ് ഇറ്റ്’, ‘വീ ആര്‍ ലൈക്ക് ദിസ് ഓണ്‍‌ലി’ തുടങ്ങിയ ഇന്ത്യന്‍ ഇംഗ്ലീഷ് ഡയലോഗുകളുതിര്‍ത്ത് ക്വിക്ക് ഗണ്‍ മുരുകന്‍ തകര്‍ത്തു. ആ മുരുകന്റെ സാഹസികകഥയാണ് ‘ക്വിക്ക് ഗണ്‍ മുരുകന്‍’.

പാശ്ചാത്യ സംസ്കാരത്തില്‍ കണ്ണ് നടുകയും ഇന്ത്യന്‍ പാരമ്പര്യത്തില്‍ കാലൂന്നുകയും ചെയ്ത, തൊണ്ണൂറുകളിലെ എം‌ടി‌വി/ചാനല്‍ 4 ഫാന്‍സിന്റെ മനസാണ് മുരുകന് (തെലുങ്ക് നടന്‍ രാജേന്ദ്രപ്രസാദ്). തമിഴ്‌നാട്ടില്‍ നിന്നുള്ള ‘കൌബോയ്’ ആണ് കക്ഷി. ‘കൌ’ബോയ് ആയതിനാല്‍ പശുഹത്യ ഇല്ലായ്മ ചെയ്യേണ്ടത് തന്റെ കടമകളിലൊന്നായി മുരുകന്‍ കരുതുന്നു. എന്നാല്‍ നാട്ടിലുള്ള എല്ലാ ഹോട്ടലുകളും ‘നോണ്‍-വെജ്’ ആക്കാനും ഒരു ‘നോണ്‍-വെജ്’ ദോശക്കൂട്ട് കണ്ടുപിടിക്കാനും ഉള്ള ശ്രമത്തിലാണ് റൈസ് പ്ലേറ്റ് റെഡ്ഡി (തമിഴ് നടന്‍ നാസര്‍).

ഗേള്‍‌ഫ്രണ്ട് (അനു മേനോന്‍) മരിച്ച് പോയതിന്റെ വിരഹദുഖത്തില്‍ ‘വിസ്കിയും മസാലദോശയും’ അടിച്ച് വിലപിക്കുന്ന മുരുകന്റെ ഏക ലക്‌ഷ്യം അശരണരുടെ രക്ഷയും വെജിറ്റേറിയനിസവുമാണ്. എന്നാല്‍ നഗരത്തിലെ വെജിറ്റേറിയന്‍ ഹോട്ടലുടമകളെ, നോണ്‍-വെജിറ്റേറിയനിസത്തിലേക്ക് മാറുവാന്‍ നിര്‍ബന്ധിച്ച് റൈസ് പ്ലേറ്റ് റെഡ്ഡിയുടെ ഗുണ്ടകള്‍ ആക്രമിക്കാന്‍ തുടങ്ങുന്നതോടെ മുരുകനിലെ കൌബോയ് ഉണരുന്നു. അങ്ങനെ, റൈസ് പ്ലേറ്റ് റെഡ്ഡിയുമായി ഏറ്റുമുട്ടി ‘ഡീസന്റായി’ മുരുകന്‍ മരിക്കുന്നു.

മുരുകനെ മറുലോകത്തേക്ക് കൊണ്ടുപോകാന്‍ യമരാജനെത്തുന്നു. എന്നാല്‍ ‘ഐ വാണ്ട് ടു ഗോ ബാക്ക്’ എന്നാണ് മുരുകന്റെ പല്ലവി. യമലോകത്തിന് മുന്നിലെ ‘രജിസ്‌ട്രേഷന്‍ കൌണ്ടറി’ല്‍ വച്ച് ഒരുവിധത്തില്‍ ‘ക്ലര്‍ക്കി’നെ പറഞ്ഞുമനസിലാക്കി ഭൂമിയിലേക്ക് തന്നെ തിരിച്ചെത്തുകയാണ് മുരുകന്‍. പക്ഷേ, ഇതിന് ഏകദേശം 25 എടുക്കേണ്ടിവന്നു എന്നുമാത്രം. മുംബൈയിലെ ഇന്ത്യാ ഗേറ്റിന് മുന്നിലാണ് മുരുകന്‍ യമലോകത്തില്‍ നിന്ന് തിരിച്ചിറങ്ങുന്നത്. ഇതിനകം, ‘മക്‌ദോസാസ്’ എന്ന പേരില്‍ ഒരു ഫുഡ് ചെയിന്‍ കമ്പനി ആരംഭിച്ച് കഴിഞ്ഞിരുന്നു റൈസ് പ്ലേറ്റ് റെഡ്ഡി.

വളരെപ്പെട്ടെന്ന് പാശ്ചാത്യവല്‍‌ക്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മുംബൈ നഗരത്തില്‍ റൈസ് പ്ലേറ്റ് റെഡ്ഡിയെ തിരയുകയാണ് മുരുകന്‍. മണ്ടത്തരങ്ങള്‍ക്കും ‘ഡോണ്‍ ക്വിക്സോട്ട്’ സാഹസികതകള്‍ക്കും ശേഷം മുരുകന് റൈസ് പ്ലേറ്റ് റെഡ്ഡിയെ വകവരുത്താനായി. അങ്ങിനെ റെഡ്ഡിയുടെ ‘നോണ്‍-വെജ്’ ദോശയുടെ ഭാഗമാകുന്നതില്‍ നിന്ന് ഇന്ത്യയിലെ പശുക്കളെ മുഴുവന്‍ കഥാനായകന്‍ ‘കൌ’ബോയ് രക്ഷിക്കുന്നതോടെ കഥ ശുഭം!

സൌത്തിന്‍‌ഡ്യന്‍ ഉച്ചാരണത്തോടെയുള്ള ഇംഗ്ലീഷും ഹിന്ദിയും അല്‍‌പം തമിഴും കലര്‍ന്നതാണ് ക്വിക്ക് ഗണ്‍ മുരുകനിലെ ഭാഷ. ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ ഈ ഭാഷയ്ക്കാകുന്നുണ്ട്. രജനീകാന്ത് അടക്കമുള്ള ഹീറോകളുടെ സാഹസിക രംഗങ്ങളെയും ഡയലോഗുകളെയും മെലോഡ്രാമ കലര്‍ത്തി പരിഹസിക്കുന്നുണ്ട് ഈ സിനിമ. ഇംഗ്ലീഷില്‍ ചിന്തിക്കുകയും വേണം എന്നാല്‍ ഇന്ത്യന്‍ പാരമ്പര്യം കളയാനും വയ്യ എന്ന അവസ്ഥയെയും ഈ സിനിമ കണക്കിന് കളിയാക്കുന്നുണ്ട്. ‘വിസ്കി - മസാലദോശ’ കോമ്പിനേഷന്‍ ഒരു ഉദാഹരണം മാത്രം.

ശശാങ്ക ഘോഷ് ആണ് ഈ ‘ഹിലാരിയസ് കോമഡി’യുടെ സംവിധായകന്‍. ഫാറ്റ് ഫിറ്റ് മോഷന്‍ പിക്ചേഴ്സ് നിര്‍മിച്ചിരിക്കുന്ന ഈ സിനിമയുടെ തിരക്കഥ രാജേസ് ദേവ്‌രാജിന്റേതാണ്. രാജേന്ദ്രപ്രസാദിനും നാസറിനുമൊപ്പം രംഭയും രാജു സുന്ദരവും അഭിനയിക്കുന്നുണ്ട്. മികച്ച തിരക്കഥയുടെയും മികവുറ്റ സംവിധാനത്തിന്റെയും ‘സറ്റയര്‍’ പശ്ചാത്തലത്തിന്റെയും പിന്‍‌ബലത്തില്‍ ഒഴിവാക്കാനാവാത്ത സിനിമയാവുകയാണ് ‘ക്വിക്ക് ഗണ്‍ മുരുകന്‍’. കുറഞ്ഞ ബജറ്റില്‍ ചെയ്തിരിക്കുന്ന ഈ സിനിമ ഒരു ‘ബ്രേവ് അറ്റെം‌പ്റ്റ്’ ആണെന്നും പറയട്ടെ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ശശാങ്ക ഘോഷ്, ക്വിക്ക് ഗണ് മുരുകന്, ബോളിവുഡ്, റിവ്യൂ, നിരൂപണം, നാസര്, രംഭ, രാജേന്ദ്രപ്രസാദ്