ഈ ചോദ്യങ്ങള്‍ ഉത്തരം കിട്ടാനായി പ്രിയ വായനക്കാര്‍ തീയേറ്ററില്‍ പോവുക. കന്തസാമി കാണാനായി നിങ്ങള്‍ ചെലവഴിക്കുന്ന തുക ഒരിക്കലും പാഴാവുകയില്ല!
മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നത് പോലെ, ഒരു ബ്രഹ്മാണ്ഡ സിനിമ തന്നെയാണ് കന്തസാമി. വിക്രം തന്നെ സിനിമയുടെ ആകര്‍ഷണം. സ്ത്രീവേഷമടക്കം ആറോളം ഗെറ്റപ്പുകളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. വിവേക രചിച്ച്, ദേവി ശ്രീപ്രസാദ് ഈണം നല്‍കിയ ഗാനങ്ങളില്‍ നാലെണ്ണം പാടിയത് വിക്രം തന്നെ. ആക്ഷന്‍ രംഗങ്ങളിലെ പ്രകടനവും ഫാന്റസി കഥാപാത്രമായുള്ള തകര്‍പ്പന്‍ രൂപമാറ്റവും വിക്രമിനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാക്കും എന്നതില്‍ സംശയമില്ല.
ഭീമയുടെ നഷ്ടം വിക്രം ഈ ചിത്രത്തിലൂടെ തിരുത്തുകയാണ്. അന്യനു ശേഷം, അതിലും മികച്ചുനില്‍ക്കുന്ന പ്രകടനമാണ് വിക്രം നല്‍കുന്നത്. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും വിക്രം അത്ഭുതപ്പെടുത്തുമ്പോള്‍ കമലഹാസനെയാണ് പ്രേക്ഷകര്‍ ഓര്‍ത്തുപോകുന്നത്. അടുത്ത കമലഹാസന്‍ ആരെന്ന ചോദ്യത്തിന് മറ്റു പേരുകള്‍ തിരയേണ്ടതില്ല.
ശ്രേയയുടെ കഥാപാത്രത്തിനും ഏറെ പ്രാധാന്യമുണ്ട് ഈ ചിത്രത്തില്‍. വളരെ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ശ്രേയയുടെ വസ്ത്രാലങ്കാരം ഏറെ അഭിനന്ദനമര്‍ഹിക്കുന്നു.
ഷങ്കറിനെ കടത്തിവെട്ടാനാണ് സംവിധായകന്‍ സുസി ഗണേശന്‍ ശ്രമിച്ചിരിക്കുന്നത്. ഒരു പരിധി വരെ അതില്‍ വിജയിച്ചിരിക്കുന്നതും കാണാം. ചെറിയ സിനിമകള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ള സുസി ഗണേശന്‍റെ ഈ സിനിമ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവാണ്.
ഒട്ടേറെ പുതുമകള്‍ സമ്മാനിക്കുന്നുണ്ട് എന്‍ കെ ഏകാംബരത്തിന്റെ ഛായാഗ്രാഹണം. തോട്ടാ ധരണിയുടെ കലാസംവിധാനം അത്ഭുതപ്പെടുത്തുന്നു. ദേവി ശ്രീപ്രസാദ് ഈണം നല്‍കിയ പാട്ടുകള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളവയാണ്. ‘എക്സ്ക്യൂസ് മീ മിസ്റ്റര്‍ കന്തസാമി’ എന്ന ഗാനം തരംഗം സൃഷ്ടിക്കുമെന്നതില്‍ സംശയമൊന്നുമില്ല.