ഒടുവില്‍ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ലോകമെമ്പാടുമുള്ള ആയിരത്തോളം തിയേറ്ററുകളില്‍ കന്തസാമി എത്തി. സംവിധായകന്‍ സുസി ഗണേശനും നിര്‍മാതാവ് കലൈപ്പുലി എസ് താണുവും നായകന്‍ വിക്രമും പ്രവചിച്ചപോലെ തന്നെ കൊടുങ്കാറ്റ് ഉയര്‍ത്തിക്കൊണ്ട്! മോഹന്‍ലാലും കമലും ഒന്നിച്ച ‘ഉന്നൈപ്പോല്‍ ഒരുവന്‍’ എന്ന സിനിമയുടെ റീലീസ്, ‘കന്തസാമി’ എന്ന ടൊര്‍ണാഡോയില്‍ കടപുഴകാതിരിക്കാന്‍ നീട്ടിവച്ചത് വാര്‍ത്തയായിരുന്നു. എന്തായാലും ആ തീരുമാനം നന്നായിരുന്നുവെന്ന് കന്തസാമി കണ്ടപ്പോള്‍ തോന്നി.
റോബിന്‍ഹുഡിന്‍റെ ഒരു ഇന്ത്യന്‍ പതിപ്പാണ് ഈ സിനിമയെന്ന് ഒറ്റ വാചകത്തില്‍ പറയാം. ഓരോ സീനും, ഓരോ ഷോട്ടും ഭ്രമിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന അപൂര്‍വമായ അനുഭവം സമ്മാനിക്കുന്ന ചിത്രം. കന്തസാമി സാങ്കേതികമായി ഇന്ത്യന്‍ സിനിമയുടെ ഒരു ഗംഭീര ചുവടുവയ്പാണ്. സ്പെഷ്യല്‍ ഇഫക്ടുകളുടെ കാര്യത്തില്‍ ഒരു വിസ്മയമുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. വിക്രമിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. രണ്ടാം പകുതി അല്‍പം ഇഴയുന്നത് മാത്രമാണ് നെഗറ്റീവ് ആയി തോന്നിയത്.
ശങ്കറിന്റെ, വിക്രം തന്നെ നായകനായി അഭിനയിച്ച ‘അന്യന്‍’ എന്ന ചിത്രത്തെയും രജനിയുടെ ‘ശിവാജി’ എന്ന ചിത്രത്തെയും ഓര്‍മ്മിപ്പിക്കുന്ന ഒരു ഫാന്റസിക്കഥയാണ് കന്തസാമിയുടേത്. കന്തസാമി (സ്കന്ദ ഭഗവാന്‍) എന്നത് മുരുകഭഗവാന്റെ പര്യായങ്ങളില്‍ ഒന്നാണ്. പറക്കാന്‍ കഴിയുന്ന, മുഖംമൂടിയിട്ട രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ഫാന്റസി കഥാപാത്രം (വിക്രം) തങ്ങളുടെ കണ്ണീരൊപ്പാന്‍ എത്തിയിരിക്കുന്ന ഭഗവാനാണെന്ന് ജനങ്ങള്‍ കരുതുന്നു.
ക്ഷേത്രത്തിലുള്ള മരത്തിന്റെ ചില്ലകളില്‍ പരാതികള്‍ എഴുതിയ കടലാസ് കെട്ടിയാല്‍ ഭഗവാന്‍ രക്ഷക്കെത്തുകയായി. തങ്ങളെ സഹായിക്കാന്‍ എത്തുന്നത് ഭഗവാനാണെന്ന് ജനങ്ങള്‍ കരുതുമ്പോഴും പൊലീസ് ഡിഐജിക്ക് (പ്രഭു) ഈ കഥ അത്ര പന്തിയായി തോന്നുന്നില്ല.
ഭഗവാന്റെ ദുരൂഹത ഒരു വഴിക്ക് തുടരുന്നതിനിടെ, നാം കന്തസാമിയെന്ന സിബിഐ ഓഫീസറെ (വിക്രം) പരിചയപ്പെടുന്നു. അഴിമതിക്കെതിരെ അണുവിട പോലും വിട്ടുകൊടുക്കാതെ പൊരുതുന്ന സത്യസന്ധനായ ഓഫീസറാണ് കന്തസാമി.