കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » പൊക്കിഷം - സമ്പൂര്‍ണ ബോറടി! (Pokkishom - Review)
നിരൂപണം
Feedback Print Bookmark and Share
 
PRO
ചില സംവിധായകര്‍ അങ്ങിനെയാണ്. തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച ഒരു ചിത്രമെടുത്തു കഴിഞ്ഞാല്‍ പിന്നെ അതിന്‍റെ ബാധ അവരുടെ വരും സിനിമകളിലും അറിഞ്ഞോ അറിയാതെയോ പിന്തുടരും. ചേരന്‍ സംവിധാനം ചെയ്ത പൊക്കിഷം എന്ന ചിത്രവും ഇത്തരത്തിലൊന്നാണ്. ചേരന്‍റെ ഓട്ടോഗ്രാഫ് കണ്ടൊരു സുഹൃത്താണ് പൊക്കിഷം കാണാന്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയത്. ചേരന്‍റെ ചില സിനിമകള്‍ മുന്‍പ് കണ്ട അനുഭവമുള്ളതിനാല്‍ ഒന്ന് ശങ്കിച്ചുവെങ്കിലും പിന്നെ രണ്ടും കല്‍‌പ്പിച്ച് നിര്‍ബന്ധത്തിന് വഴങ്ങി.

സാഹിത്യത്തെയും കമ്യൂണിസത്തെയും ഒരുപോലെ സ്നേഹിക്കുന്ന നായകനായ ലെനിന്‍ (ചേരന്‍) കാമുകി നാദിറ (പത്മപ്രിയ)ക്ക് എഴുതിയ കത്തുകളിലൂടെയാണ് പൊക്കിഷം ആരംഭിക്കുന്നത്. ലെനിന്‍റെ മകന്‍ അച്ഛന്‍റെ പ്രണയ ലേഖനങ്ങള്‍ വായിക്കുന്നതിലൂടെ പൊക്കിഷം വികസിക്കുന്നു. 70കളിലാണ് കഥ നടക്കുന്നത്. മറൈന്‍ എഞ്ചിനീയറായ ലെനിന്‍ കൊല്‍ക്കത്തയിലാണ്. അച്ഛന്‍റെ അസുഖവുമായി ബന്ധപ്പെട്ട് അടിയന്തിരമായി ചെന്നൈയിലേക്ക് വരേണ്ടിവന്ന ലെനിന് കുറച്ചു ദിവസം അച്ഛന്‍റെ കൂടെ ആശുപത്രിയില്‍ കഴിയേണ്ടി വരുന്നു.

ഈ സമയത്താണ് ഉമ്മക്ക് കൂട്ടായി എത്തുന്ന നാദിറ (പത്മപ്രിയ)യെന്ന യാഥാസ്ഥിതിക മുസ്ലിം പെണ്‍കുട്ടിയെ ലെനിന്‍ കാണുന്നതും പരിചയപ്പെടുന്നതും. ഉമ്മയുടെ ശസ്ത്രക്രിയക്ക് സമയത്തിന് പണമടക്കാന്‍ കഴിയാതിരുന്ന നാദിറയെ ലെനിന്‍ സഹായിക്കുന്നതോടെ ഇരുവരുടെയും സൌഹൃദം ദൃഢമാവുന്നു. പിന്നീട് ജോലി സ്ഥലത്തേക്ക് തിരികെപോകുന്ന ലെനിന്‍ കത്തുകളിലൂടെ നാദിറയുമായുള്ള ബന്ധം തുടരുന്നു.

തികച്ചും യാഥാസ്ഥിതികനായ നാദിറയുടെ ബാപ്പ ഒരിക്കല്‍ ഈ കത്തിടപാട് കണ്ടു പിടിക്കുന്നതോടെ നാദിറയുടെ മറുപടി നിലയ്ക്കുന്നു. ഇതോടെ നാദിറയെ തേടി ചെന്നൈയിലെത്തുന്ന ലെനിന്‍ അച്ഛനെയും കൂട്ടി നാദിറയുടെ വീട്ടില്‍ വിവാഹ ആലോചനയുമായി എത്തുന്നു. ഒരു വിഷമ സന്ധിയില്‍ തങ്ങളെ സഹായിച്ചവരെ കൈയ്യൊഴിയില്ലെന്നും പഠിത്തം പൂര്‍ത്തിയായാല്‍ നാദിറയെ ലെനിന് വിവാഹം കഴിച്ചു കൊടുക്കാമെന്നും നാദിറയുടെ ബാപ്പ ലെനിന്‍റെ അച്ഛനും ലെനിനും ഉറപ്പ് നല്‍കുന്നു.

ഒപ്പം ഇനി മുതല്‍ മാസത്തില്‍ ഒരു കത്തേ പാടുള്ളൂവെന്നും. സന്തോഷത്തോടെ കൊല്‍ക്കത്തയിലേക്ക് തിരിച്ചു പോകുന്ന ലെനിന്‍ വീണ്ടും കത്തുകള്‍ വായിക്കാന്‍ തുടങ്ങുന്നു. ഒപ്പം പ്രേഷകര്‍ കോട്ടുവായ ഇടാനും. പെട്ടെന്ന് നാദിറയുടെ കത്ത് നിലക്കുന്നതോടെ അസ്വസ്ഥനാവുന്ന ലെനിന്‍ വീണ്ടും നാദിറയെ തേടി നാട്ടിലെത്തുന്നു. എന്നാല്‍ വീടും നാടും ഉപേക്ഷിച്ച് ഒരു തെളിവുപോലും ബാക്കിവെക്കാതെ നാദിറയെയും കൊണ്ട് ബാപ്പ നാടു വിട്ടുവെന്ന് അറിയുന്ന ലെനിന്‍ ഭ്രാന്തനെപ്പോലെ അലയുന്നു. ഇതോടെ കഥ ഫ്ലാഷ് ബാക്ക് വിട്ട് തിരിച്ചെത്തുന്നു.

ലെനിന്‍റെ പ്രണയ ലേഖനങ്ങള്‍ നാദിറക്ക് കൈമറിയാലെ അച്ഛന്‍റെ ആത്മാവിന് ശാന്തി ലഭിക്കൂവെന്ന് തിരിച്ചറിഞ്ഞ മകന്‍ മഹേഷ് അമ്മയുടെ സമ്മതത്തോടെ നാദിറയെ തേടിയിറങ്ങുന്നു. വര്‍ഷങ്ങളോളം ലെനിന്‍ തേടിയലഞ്ഞ നാദിറ മലേഷ്യയിലുണ്ടെന്ന് മകന്‍ മഹേഷ് നിമിഷ നേരം കൊണ്ട് കണ്ടെത്തുന്നു. അച്ഛന്‍ നാദിറക്കെഴുതിയ കത്തുകളുമായി മലേഷ്യയിലേക്ക് പോകുന്ന മഹേഷ് ഒടുവില്‍ നാദിറയെ കണ്ടെത്തി കത്തുകള്‍ കൈമാറുന്നു.

ഒറ്റവരിയില്‍ പറഞ്ഞു പോകാവുന്ന ഒരു പ്രണയകഥയെ റബ്ബര്‍ ബാന്‍ഡ് പോലെ വലിച്ച് നിട്ടിയ ചേരന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് രണ്ടര മണിക്കൂര്‍ വിരസത മാത്രം. ക്ലൈമാക്സില്‍ ലെനിനെഴുതിയ നീണ്ട കത്തുകള്‍ വായിച്ചുകൊണ്ട് നാദിറ കണ്ണീര്‍ പൊഴിക്കുന്ന രംഗങ്ങളില്‍പോലും പ്രേക്ഷകര്‍ പരസ്പരം കുശലം പറഞ്ഞും കോട്ടുവായിട്ടും തിയറ്ററിലിരിക്കുന്ന കാഴ്ച ചിത്രത്തിന്‍റെ മന്ദതക്ക് അടിവരയിടുന്നു. നാദിറയുടേ ഓരോ മറുപടിയും ലെനിനെ ആഹ്ലാദിപ്പിക്കുമ്പൊള്‍ വരുന്ന പാട്ടു രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് അല്‍പ്പം ആശ്വാസമാണ്. കാരണം അത്രനേരമെങ്കിലും കത്ത് വായിക്കില്ലല്ലോ.

70കളിലെ കൊല്‍ക്കത്ത നഗരവും ബസുകളുമെല്ലാം പുനരാവിഷ്കരിച്ച കലാസംവിധായകന്‍ വൈരബാലന്‍ അഭിനന്ദനമര്‍ഹിക്കുന്നു. അതുപോലെ കേള്‍ക്കാന്‍ ഇമ്പമുള്ള ഒന്നു രണ്ട് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ സബേഷും. ചേരന്‍റെ അഭിനയത്തെക്കുറിച്ച് പ്രത്യകിച്ചൊന്നും പറയേണ്ട കാര്യമില്ല. നദീറയായി എത്തുന്ന പത്മപ്രിയയുടെ സൌന്ദര്യം ഒപ്പിയെടുത്തതിന് ഛായാഗ്രാഹകന്‍ രാജേഷ് യാദവിനും പ്രേഷകര്‍ നന്ദി പറയേണ്ടിയിരിക്കുന്നു.

ഇന്‍റര്‍നെറ്റിന്‍റെയും ഇന്‍സ്റ്റന്‍റ് മെസേജിംഗിന്‍റെയും ഇന്നത്തെ കാലത്തത്ത് കത്തുകളിലൂടെ മാത്രം പ്രണയിച്ചവരുടെ ഒരു കഥയുമായി പ്രേക്ഷകരെ സമീപിക്കാനുള്ള ധൈര്യം കാണിച്ച ചേരന്‍റെ ചങ്കൂറ്റത്തെയും സമ്മതിച്ചു കൊടുത്തേ മതിയാവൂ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പൊക്കിഷം, ചേരന്, ഓട്ടോഗ്രാഫ്, സിനിമ, റിവ്യൂ, തമിഴ്