കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » രണ്ട് കാലങ്ങളിലൂടെയുള്ള യാത്ര - ലവ് ആജ് കല്‍ (Love aaj kal - Review)
നിരൂപണം
Feedback Print Bookmark and Share
 
IFM
‘ജബ് വീ മെറ്റ്’ കണ്ടതിന്‍റെ ഓര്‍മ്മയിലാണ് ഞാന്‍ ഇപ്പോഴും. പ്രണയത്തിന്‍റെ കടും നിറങ്ങള്‍ മനോഹരമായി സന്നിവേശിപ്പിച്ച് എന്നെ അത്ഭുതപ്പെടുത്തിയ സിനിമയാണത്. ഇംതിയാസ് അലി എന്ന സംവിധായകനെ പിന്തുടരാന്‍ തീരുമാനിച്ചതും ആ ചിത്രത്തിന് ശേഷം. ഇതാ അടുത്ത സിനിമയും സംഭവിച്ചിരിക്കുന്നു - ‘ലവ് ആജ് കല്‍’.

സെയ്ഫ് അലിഖാന്‍, ദീപിക പദുക്കോണ്‍, രാഹുല്‍ ഖന്ന, റിഷി കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. ആദ്യം തന്നെ പറയട്ടെ, ഈ പ്രണയകഥ(കഥകള്‍ എന്നു പറയണം. രണ്ടു കഥയാണ് ചിത്രത്തില്‍) മുഷിപ്പിക്കുന്നില്ലെങ്കിലും തിരക്കഥയുടെ ദൌര്‍ബല്യം പ്രകടമാണ്.

ഈ ചിത്രതിനുള്ളത് ഒരു സാധാരണ ഘടനയല്ല. അല്‍പ്പം സങ്കീര്‍ണമാണ് ഇതിന്‍റെ തിരക്കഥാനിര്‍മ്മിതി. ഒരു സാധാരണ പ്രണയകഥ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്ന ലാഘവത്തോടെ ഇത് പൂര്‍ത്തിയാക്കാനാകില്ല. രണ്ടു കാലഘട്ടത്തില്‍ നടക്കുന്ന രണ്ട് പ്രണയകഥകളാണ് ചിത്രം പറയുന്നത്. എന്നാല്‍ സമാനമായ ക്ലൈമാക്സും. ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട തിരക്കഥ പലയിടത്തും പാളിപ്പോയപ്പോള്‍ ലവ് ആജ് കല്‍ ഒരു അനുഭവമാക്കി മാറുന്നതില്‍ പരാജയപ്പെടുന്നു.

തിരക്കഥ പാളിയപ്പോള്‍ ആശക്കുഴപ്പം ഉണ്ടായത് പ്രേക്ഷകര്‍ക്കാണ്. ഒരു നിമിഷം സ്ക്രീനില്‍ നിന്ന് മിഴിയൊന്നടര്‍ത്തിയാല്‍ കഥയെന്ത്?, കഥാപാത്രമെന്ത്? എന്ന് കുഴങ്ങിപ്പോകുന്നു കാഴ്ചക്കാര്‍. സെയ്ഫ് അലിഖാന് ഇരട്ടവേഷമാണ് സംവിധായകന്‍ നല്‍കിയത്. പുതിയ കാലഘട്ടത്തിന്‍റെ പ്രണയ നായകനും, റിഷി കപൂറിന്‍റെ ചെറുപ്പകാലവുമാണ് സെയ്ഫ് അവതരിപ്പിച്ചത്. ഈ രണ്ടു കഥാപാത്രങ്ങളും തന്നെയാണ് ഒരു ഘട്ടത്തില്‍ ചിന്താകുഴപ്പമുണ്ടാക്കുന്നത്. പ്രേക്ഷകന്‍റെ ബുദ്ധിപരമായ അധ്വാനം ചിത്രം ആവശ്യപ്പെടുന്നുണ്ടെന്ന് ചുരുക്കം.

എന്നാല്‍ തിരക്കഥയുടെ പാളിച്ചകളും വ്യക്തതയില്ലായ്മയും ഒഴിച്ചു നിര്‍ത്തിയാല്‍, സംവിധായകന്‍ എന്ന നിലയില്‍ ഇംതിയാസ് അലി ഏറെ മുന്നേറിയ ചിത്രമാണ് ലവ് ആജ് കല്‍. വ്യത്യസ്തതയ്ക്ക് വേണ്ടിയുള്ള ഒരു ശ്രമം ഈ പ്രൊജക്ടിലുണ്ട്. ഒരേ സമയം കൊമേഴ്സ്യലും ഓഫ്ബീറ്റുമാകാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന മൈനസ് മാര്‍ക്കുകളാണ് ലവ് ആജ് കലിന് ദോഷമായി മാറിയത്.

ജയ്(സെയ്ഫ്), മീര(ദീപിക) എന്നിവരാണ് ചിത്രത്തിലെ നായകനും നായികയും. കടുത്ത പ്രണയത്തിലാണ് ഇവര്‍. എന്നാല്‍ വിധിയുടെ വിളയാട്ടം ഇവരുടെ ജീവിതത്തെ വ്യത്യസ്ത ദിശകളില്‍ പറിച്ചു നടുന്നു. അതോടെ ഇവര്‍ പിരിയാന്‍ തയ്യാറാകുകയാണ്. വെല്ലുവിളികളെ അതിജീവിച്ച് പ്രണയത്തില്‍ വിജയം വരിക്കാനുള്ള പക്വത ഇരുവര്‍ക്കുമില്ലാതെ പോകുന്നു. എന്നാല്‍ വീര്‍ സിംഗ്(റിഷി കപൂര്‍) പ്രണയത്തിനു വേണ്ടി ത്യാഗം സഹിച്ച ഒരാളാണ്. താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ മുഖമൊന്നു കാണാന്‍, ഒരു വാക്കു മിണ്ടാന്‍ ഒക്കെ അയാള്‍ നടത്തിയ ശ്രമങ്ങളെ എങ്ങനെ വാഴ്ത്തണം? പ്രണയത്തെക്കുറിച്ചുള്ള ഈ രണ്ട് സങ്കല്‍പ്പങ്ങളെ ഒന്നിച്ചു ചേര്‍ക്കുകയാണ് ഇംതിയാസ് അലി ഈ ചിത്രത്തില്‍.

ബന്ധങ്ങളുടെ തീവ്രതയും ആഴവും രണ്ടു കാലഘട്ടത്തില്‍ രണ്ടു രീതിയിലായിരിക്കാം. എന്നാല്‍ പ്രണയത്തിന്‍റെ ഭാഷയും സ്നേഹത്തിന്‍റെ വര്‍ണവും എന്നും ഒന്നുതന്നെയായിരിക്കും. ഇതാണ് സംവിധായകന്‍ ലവ് ആജ് കലിലൂടെ പറയാന്‍ ശ്രമിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലൂടെയുള്ള സഞ്ചാരം സാധ്യമാക്കുന്ന അസാധാരണമായ ഒരു അറ്റം‌പ്റ്റ് സംവിധായകന്‍ നടത്തുമ്പോള്‍ തന്നെ ആ പരീക്ഷണം പിഴവായി മാറുന്ന ദുരവസ്ഥ ഈ സിനിമ അനുഭവിക്കുന്നു.

സെയ്ഫ് അലിഖാനും ദീപിക പദുക്കോണും അവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. സെയ്ഫിന്‍റെ മികവ് എടുത്തു പറയണം. രണ്ടു കഥാപാത്രങ്ങളുടെ മാനസിക ഭാവങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയമാണ്. റിഷി കപൂറും അപാരമായ പെര്‍ഫോമന്‍സാണ് കാഴ്ച വയ്ക്കുന്നത്. ചെറിയ കഥാപാത്രമാണെങ്കിലും രാഹുല്‍ ഖന്നയും തിളങ്ങിയിരിക്കുന്നു. നീതു കപൂര്‍ അവസാന നിമിഷങ്ങളില്‍ ത്രില്ലടിപ്പിക്കുന്നു.

പ്രീതം ഈണം നല്‍കിയ ഗാനങ്ങള്‍ നല്ല രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. നടരാജന്‍ സുബ്രഹ്‌മണ്യത്തിന്‍റെ ഛായാഗ്രഹണവും നന്നായിരിക്കുന്നു. പ്രത്യേകിച്ചും റിഷി കപൂറിന്‍റെ പ്രണയകാലം ചിത്രീകരിക്കുന്ന എപ്പിസോഡുകള്‍. എന്തായാലും, പ്രണയ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് കണ്ടിരിക്കാവുന്ന ചിത്രമാണ് ലവ് ആജ് കല്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ലവ് ആജ് കല്, റിതു ഇറാനി, ഇംതിയാസ് അലി, ജബ് വീ മെറ്റ്