കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ഭ്രമരം, വീണ്ടും മോഹന്‍ലാല്‍ മാജിക്! (Read Review of Mohanlal's movie, Bhramaram - Bhramaram Review)
നിരൂപണം
Feedback Print Bookmark and Share
 
ഭ്രമരം
PROPRO
ചിത്രത്തെക്കുറിച്ച് ബ്ലെസ്സി നേരത്തെ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞത് മനസ്സിലുള്ളതിനാല്‍ ഒരു ബ്ലെസ്സി ചിത്രം കാണാന്‍ പോകുന്ന തയ്യാറെടുപ്പൊന്നുമില്ലാതെയാണ് തിയറ്ററില്‍ കയറിയത്. തയ്യാറെടുപ്പൊന്നുമില്ലേ എന്ന് ചോദിച്ചാല്‍ ബ്ലെസ്സിയുടെ ആദ്യ ത്രില്ലര്‍ പശ്ചാ‍ത്തലത്തിലുള്ള ചിത്രമല്ലേ അതു കൊണ്ട് മോഹന്‍ലാല്‍ വിമര്‍ശകരായ ചില സുഹൃത്തുക്കളെ കൂടി ഒരു ധൈര്യത്തിന് കൂടെ കൂട്ടിയിരുന്നു.

മാനസികമായി സ്വല്‍പം പ്രശ്നമില്ലേ എന്ന് പ്രേക്ഷകരെക്കൊണ്ട് ചോദിപ്പിക്കുന്ന കഥാപാത്രമായാണ് സിനിമയുടെ പകുതിവരെ മോഹന്‍‌ലാല്‍ അഭിനയിക്കുന്നത്. കോയമ്പത്തൂരില്‍ തന്റെ പഴയ കൂട്ടുകാരനെ കാണാന്‍ എത്തുകയാണ് ജോസ് (മോഹന്‍‌ലാല്‍). എന്നാല്‍ സുഹൃത്തായ ഉണ്ണിക്ക് (സുരേഷ് മേനോന്‍) ആളെ തിരിച്ചറിയാന്‍ ആവുന്നില്ല. എന്തായാലും മര്യാദ വിടാതെ ജോസിനെ ഫ്ലാറ്റില്‍ സ്വീകരിക്കുകയാണ് ഉണ്ണിയും ഭാര്യയും (ലക്ഷ്മി ഗോപാലസ്വാമി) മകളും (ബേബി നിവേദിത).

ഉണ്ണിയുടെ (ശിവന്‍ കുട്ടിയുടെയും) അടുത്ത സുഹൃത്താണ് അലക്സ് (മുരളീകൃഷ്ണന്‍). ഇയാളും ജോസിനോടൊപ്പം ഒരേ സ്കൂളില്‍ പഠിച്ചവനാണ്. ഉണ്ണി ഒരു ഷെയര്‍ ബ്രോക്കറാണെങ്കില്‍ അലക്സൊരു ഡോക്‌ടറാണ്. തങ്ങളെ തേടിയെത്തിയ ജോസിന്‍റെ യഥാര്‍ത്ഥ പേര് ജോസല്ലെന്നും അയാള്‍ തങ്ങളെ തേടിയെത്തിയതിനു പിന്നില്‍ വ്യക്തമായ ഒരു ലക്‍ഷ്യമുണ്ടെന്നും അലക്സും ഉണ്ണിയും മനസ്സിലാക്കുന്നതോടെ കഥ പിരിമുറുക്കത്തിലേക്ക് കടക്കുന്നു.

പ്രതികാരത്തിന്‍റെ കനല്‍ അയാളുടെ മനസ്സില്‍ എരിയുന്നുണ്ടെന്ന് ഇരുവരും തിരിച്ചറിയുന്നു. പിന്നെ അവരുടെയും പ്രേക്ഷകരുടെയും സംശയങ്ങള്‍ ദൂരീകരിച്ചുകൊണ്ട് ജോസിന്റെ കഥയുടെ ചുരുളഴിയുന്നു. അങ്ങനെ അപ്രതീക്ഷിതമല്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു ക്ലൈമാക്സിലേക്ക് ഭ്രമരം പ്രവേശിക്കുന്നു.

പല സന്ദര്‍ഭങ്ങളിലും ചെറുതായി ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ഒരു ചെറിയ കഥയെ സംവിധായകന്‍റെ കൈയ്യൊപ്പുള്ള ഒരു മനോഹര ചിത്രമാക്കുന്നതില്‍ ബ്ലെസ്സി വിജയിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം. തിരക്കഥ അല്‍പ്പം കൂടി മുറുക്കമുളളതായിരുന്നെങ്കില്‍ തന്‍‌മാത്രയ്ക്കും മുകളില്‍ നില്‍ക്കുന്ന ഒരു ചിത്രം സമ്മാനിക്കാന്‍ ബ്ലെസ്സിക്ക് കഴിഞ്ഞേനെ.

ലാല്‍ എന്ന നടന്‍റെ അഭിനയ പാടവമാണ് പ്രേക്ഷകരെ പിടിച്ചു നിര്‍ത്തുന്നത്. എന്നാല്‍ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ മറ്റ് താരങ്ങളെ തെരഞ്ഞെടുക്കാനായി പലപ്പോഴും അഭിനയ ക്ലാസുകള്‍ വരെ നടത്താറുളള ബ്ലെസ്സിക്ക് ഇത്തവണ പിഴച്ചു പോയി എന്ന് പറയാതിരിക്കാനാവില്ല. ബ്ലെസ്സി കഥാപാ‍ത്രങ്ങളിലെ സ്വാഭാവികത (കാഴ്ചയിലെ മുത്തച്ഛനെ ഓര്‍ക്കുക) ഭ്രമരത്തിലെ മറ്റ് പല കഥാപാത്രങ്ങളിലും കാണാന്‍ കഴിഞ്ഞില്ല. ഡോ അലക്സ് മാത്രമാണ് ഇതിനൊരപവദം. ഇത് ചിത്രത്തിന്‍റെ മൊത്തത്തിലുള്ള ആസ്വാദനത്തെ സാരമായിതന്നെ ബാധിക്കുന്നുമുണ്ട്.

ലാലിന്‍റെ ഭാര്യയായി എത്തുന്ന ഭൂമികയ്ക്കൊ, മകളായി എത്തുന്ന ബാലതാരത്തിനോ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അജയന്‍ വിന്‍സെന്‍റിന്‍റെ ഛായാഗ്രാഹണം കഥയുടെ മൂഡിന് അനുയോജ്യമാണ്. മോഹന്‍ സിതാരയുടെ സംഗീതവും (പ്രത്യേകിച്ച് അണ്ണാരക്കണ്ണാ എന്ന് ഗാനം).

എങ്കിലും ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഭ്രമരം റിലീസ് ചെയ്യുന്നതിനു മുന്‍പ് ബ്ലെസ്സി പറഞ്ഞ ഒരു കാര്യം ഓര്‍മ വന്നു. മോഹന്‍ ലാല്‍ എന്ന നടന്‍റെ അഭിനയ ജീവതത്തിലെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഭ്രമരത്തിലെ ശിവന്‍ കുട്ടി എന്ന കാര്യം. തിയറ്ററിനു പുറത്തിറങ്ങിയ ഞാന്‍ ഇക്കാര്യം കൂടെയുള്ള ലാല്‍ വിമര്‍ശകരോട് ചോദിച്ചു.

അവരും ബ്ലെസ്സിയുടെ അഭിപ്രായത്തെ തലകുലുക്കി അംഗീകരിച്ചു. ഇത് തന്നെയാണ് ഭ്രമരം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. സിനിമ കണ്ടിറങ്ങിയശേഷം അല്‍പ്പനേരത്തേക്കെങ്കിലും ലാല്‍ പകര്‍ന്നാടിയ കഥാപാത്രം പ്രേക്ഷക മനസ്സില്‍ ഉണ്ടാവും. ഇന്ന് എത്ര ചിത്രങ്ങള്‍ക്ക് അതിനു കഴിയുന്നു എന്ന് കൂടി ഓര്‍ക്കുമ്പോള്‍ ഭ്രമരം നഷ്ടപ്പെടുത്തേണ്ട സിനിമയല്ലെന്ന് നമുക്ക് മനസ്സിലാവുന്നു. പ്രതികാരത്തിന്റെ അഗ്നിയില്‍ ചാലിച്ചെടുത്ത വികാരനിര്‍ഭരമായ ഈ സിനിമ മിസ് ചെയ്യാതിരിക്കുക!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മോഹന്ലാല്, ബ്ലെസി, ബ്ലെസ്സി, സിനിമ, ഭ്രമരം നിരൂപണം, റിവ്യൂ, വിമര്ശനം, ഫിലിം, ഭ്രമരം