ആദ്യമേ തന്നെ എഴുതട്ടെ, ശ്രദ്ധിച്ച് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാത്ത പക്ഷം കലാഭവന്‍ മണിയെന്ന നടന്‍ ഉടന്‍ പെട്ടിയിലാവും. ബെന്‍ ജോണ്‍സന്‍ എന്ന കിടിലന്‍ ഹിറ്റിന് ശേഷം മറ്റൊരു തകര്‍പ്പന്‍ വിജയം സമ്മാനിക്കാന്‍ കലാഭവന്‍ മണി നായകനായ സിനിമകള്‍ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, അവയൊക്കെയും തന്നെ ഫ്ലോപ്പുകളുമായിരുന്നു. സി എസ് സുധീഷിന്റെ സംവിധാനത്തില്‍ കലാഭവന്‍ മണി നായകനാവുന്ന 'മലയാളി' എന്ന സിനിമയുടെ ഗതിയും മറ്റൊന്നല്ല.
പ്രേക്ഷകര്‍ കണ്ടുമടുത്ത 'വല്യേട്ടന്‍' കഥകളില്‍ നിന്നുള്ള ഊര്‍ജമാണ് മലയാളി എന്ന സിനിമയെയും മുന്നോട്ട് നയിക്കുന്നത് എന്നതുതന്നെ ഏറ്റവും വലിയ മൈനസ് പോയിന്റ്. മമ്മൂട്ടിയും മോഹന്‍ലാലും പലവട്ടം ചവച്ചുതുപ്പിയ 'ദയാനിധിയും' ആവശ്യം വരുമ്പോള്‍ 'രൗദ്രമൂര്‍ത്തിയും' ആവുന്ന 'വല്യേട്ടന്‍' കഥകളില്‍ നിന്ന് ഊരിയെടുത്ത കഥാ സന്ദര്‍ഭങ്ങള്‍ കുത്തിക്കയറ്റിയാണ് മലയാളി എന്ന സിനിമാക്കോലം കെട്ടിയുയര്‍ത്തിയിരിക്കുന്നത് എന്നത് രണ്ടാമത്തെ മൈനസ് പോയിന്റ്.
അതീവ സമ്പന്ന കുടുംബമായ നന്തിലേടത്ത് തറവാട്ടിലെ മൂത്ത സന്തതിയാണ് വേലായുധന്‍ (കലാഭവന്‍ മണി). വള്ളുവനാടന്‍ ഭാഷ പൊലിപ്പിച്ചും പാടത്തും പറമ്പിലും കലാഭവന്‍ മണിയെ ഉരുട്ടി കറുമ്പനാക്കിയും 'ഈ വക ആണുങ്ങള്‍ ഭൂമീലുണ്ടോ' എന്ന് പ്രേക്ഷകരെക്കൊണ്ട് ചോദിപ്പിക്കും വിധം വഷളാക്കിയിട്ടുണ്ട് സംവിധായകന്‍ സി എസ് സുധീഷ്. സഹോദരങ്ങളോട് വേലായുധന് സ്നേഹം മാത്രമേ ഉള്ളൂ. എന്നാല്‍, എന്നത്തെയും പോലെ, സഹോദരങ്ങള്‍ അത്യാര്‍ത്തിക്കാരാണ്, തരം കിട്ടുമ്പോള്‍ പാലം വലിക്കുന്നവരാണ്.
കഥ തുടങ്ങുമ്പോള്‍ തന്നെ പ്രേക്ഷകര്‍ മനസില്‍ കരുതിയത് നടക്കുകയായി. ഏട്ടനോട് ഭാഗം ചോദിക്കുകയാണ് തലതെറിച്ച സഹോദരങ്ങള്‍. പരമ്പര പരമ്പരയായി കൃഷി ചെയ്തുവരുന്ന ഭൂമിയില്‍ തലതെറിച്ചവര്‍ക്ക് ഒരു ഹെറിറ്റേജ് ഹോട്ടല്‍ കെട്ടണമെത്രെ! പോരേ പൂരം! നിസ്വാര്‍ത്ഥനായ ചേട്ടന് ഒന്നും വേണ്ട. എല്ലാം സഹോദരങ്ങള്‍ക്ക് ദാനം ചെയ്ത്, മൂപ്പര്‍ പഴനിക്ക് വണ്ടികയറുന്നു.
പാപി ചെല്ലുന്നേടം പാതാളം എന്നാണല്ലോ. പഴനിയിലും വേലായുധനിലെ 'ദയാനിധി'ക്ക് സമാധാനം കിട്ടുന്നില്ല. കാരണം, അച്ഛന്‍ മരിച്ചതില്‍ പിന്നെ സകല കഷ്ടപ്പാടുകളും അനുഭവിക്കുന്ന ഒരു പാവം പാരലല്‍ കോളേജ് ടീച്ചറുമായി (നിയ) വേലായുധന്‍ അടുക്കുന്നു. ഇനിയെന്ത് സംഭവിക്കുമെന്ന് എന്തായാലും ഞാനിവിടെ എഴുതുന്നില്ല. ഈ സസ്‌പെന്‍സ് കാണാനായിട്ടെങ്കിലും ആരെങ്കിലും തീയേറ്ററില്‍ പോകുന്നെങ്കില്‍ പോവട്ടെ.
സി എസ് സുധീഷിന്റെ കഥ ആര്‍ക്കും ഊഹിക്കാവുന്നതാണ്. ഇതിന് പള്ളാശേരി രചിച്ചിരിക്കുന്ന തിരക്കഥ അറുപഴഞ്ചനും. പി. സുകുമാറിന്റെ ക്യാമറയ്ക്കിതെന്ത് പറ്റി എന്ന് ആരും ചോദിച്ചുപോവും. അനില്‍ പനച്ചൂരാന്‍ രചിച്ച് മോഹന്‍ സിത്താര ഈണം പകര്‍ന്ന പാട്ടുകള്‍ ഒന്നുപോലും ഇമ്പമുള്ളവയല്ല. കെ.ആര്‍. വിജയ തൊട്ട് മധു വാര്യര്‍ വരെയുള്ള വലിയൊരു താരനിരയുണ്ടെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനില്ല.