ജയസൂര്യയും ഭാമയും തകര്‍ത്തഭിനയിച്ചിരിക്കുകയാണ് ഈ സിനിമയില്‍. ജയസൂര്യയ്ക്ക് മുമ്പ് ഇത്തരം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്ന് സംശയം. കാവ്യ എന്ന പെണ്‍കുട്ടിയുടെ ചടുല ഭാവങ്ങളെ മനോഹരമാക്കി ഭാമ. മലയാള സിനിമയ്ക്ക് ഈ പെണ്‍കുട്ടിയില്‍ നിന്ന് ഏറെ മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കാം. സംവൃതയുടെ കഥാപാത്രവും നന്ന്. നവ്യയുടെ അതിഥിവേഷം പ്രേക്ഷകര്‍ രസിക്കുന്നുണ്ട്.
സിദ്ദിഖിന്‍റെയും രേഖയുടെയും പക്വതയാര്‍ന്ന പ്രകടനമാണ് എടുത്തുപറയേണ്ടത്. മിതത്വം പുലര്‍ത്തുന്ന അഭിനയശൈലിയിലൂടെ ഇരുവരും തിളങ്ങുന്നു. ഗൌരവമായ ഒരു വിഷയം നര്‍മ്മത്തില്‍ ചാലിച്ചു പറയുന്ന രീതി തിരക്കഥാകൃത്തിന് നന്നായി വഴങ്ങുന്നുണ്ട്. കൃഷ്ണ പൂജപ്പുരയുടെ സംഭാഷണങ്ങള്‍ക്കും ചന്തമുണ്ട്.
ഭാമ അവതരിപ്പിക്കുന്ന കാവ്യയ്ക്കാണ് കൃഷ്ണയുടെ സംഭാഷണങ്ങളുടെ കരുത്ത് ഗുണമായത്. “പുരുഷന്‍മാര്‍ക്ക് ജീന്‍സും ടീഷര്‍ട്ടും ആകാം, അവന്‍ സ്വപ്നം കാണുന്ന ഭാര്യക്ക് മുണ്ടും നേര്യതും തുളസിക്കതിരും”, “ഭര്‍ത്താക്കന്‍മാര്‍ക്ക് മാത്രമേ ദേഷ്യം വരാന്‍ പാടുള്ളൂ? ഭര്‍ത്താക്കന്‍മാരുടെ കുറ്റപ്പെടുത്തലുകള്‍ സഹിക്കുന്ന ഭാര്യമാര്‍ക്കും ദേഷ്യമാകാം”, “ആദ്യം എന്‍റെ ജോലിയില്ലാതാക്കി, ഇപ്പോള്‍ എന്‍റെ ജീവിതവും ഇല്ലാതാക്കി” - കത്തിക്കയറുകയാണ് അക്ഷരാര്‍ത്ഥത്തില്‍ ഭാമ.
സുരാജ് വെഞ്ഞാറമ്മൂടിന്‍റെ കോമഡി രംഗങ്ങള്‍ ചിത്രത്തെ രസകരമായി മുന്നോട്ടു കൊണ്ടുപോകുന്നു. വെറുതെ ഒരു ഭാര്യയ്ക്ക് ശേഷം സുരാജിന് പെര്‍ഫോം ചെയ്യാനുള്ള മികച്ച അവസരമാണ് സംവിധായകന്‍ ഈ ചിത്രത്തില്‍ ഒരുക്കുന്നത്.
കഥ പറഞ്ഞു പോകവേ ഇടയ്ക്ക് ചെറിയ വലിച്ചുനീട്ടല്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ഒഴുക്കിനെ അത് കാര്യമായി ബാധിക്കുന്നില്ല. സജി സുരേന്ദ്രന്‍റെ മിക്ക സീരിയലിലും ക്യാമറാമാനായിരുന്ന അനില്‍ നായരാണ് ഈ സിനിമയുടെയും ഛായാഗ്രഹണം. ഗാനരംഗങ്ങളുടെ മനോഹാരിതയ്ക്കായി ഛായാഗ്രാഹകനും ചിത്രസംയോജകനും വഹിച്ച പങ്ക് ചെറുതല്ല.
എം ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങള്‍ ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന സിനിമയുടെ ഹൈലൈറ്റാണ്. “എനിക്കു പാടാന്‍ പാട്ടിലുണ്ടൊരു പെണ്ണ്” കുറച്ച് സ്പീഡിയായ ഒരു നമ്പരാണെങ്കില്‍ “പാഴ്മുളം തണ്ടില്‍ ഒരു പാതിരാപ്പാട്ടില്‍” മനോഹരമായ ഒരു മെലഡിയാണ്. ഈ ഗാനങ്ങള്‍ രണ്ടും പ്രേക്ഷകരെ കീഴ്പ്പെടുത്തിക്കളഞ്ഞു.
ഒരു മികച്ച കഥയും അതിന്‍റെ മനോഹരമായ അവതരണവും ‘ഇവര്‍ വിവാഹിതരായാല്‍’ സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന് ഉറപ്പു നല്‍കുന്നു. ലളിതമായ സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ഒരു വിരുന്നായിരിക്കും ഈ സിനിമ. ഇത്തരം പരീക്ഷണങ്ങളാണ് ശ്വാസം കിട്ടാതെ വലയുന്ന മലയാള സിനിമയ്ക്ക് ഓക്സിജനായി മാറുന്നത്.