ശ്രീനിവാസന്‍റെ അഭിപ്രായത്തില്‍ സിനിമാക്കഥയ്ക്ക് അത്യാവശ്യം വേണ്ടത് ഒരു ക്യാച്ചിംഗ് പോയിന്‍റാണ്. എത്രവലിയ ഉന്നത സ്ഥാനത്തെത്തിയാലും സൌഹൃദത്തിന്‍റെ വില മറക്കാത്ത ഒരാള്‍ എന്നതായിരുന്നു ‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ ക്യാച്ചിംഗ് പോയിന്‍റ്. ചതിയിലൂടെയും വഞ്ചനയിലൂടെയും ഉയരങ്ങളിലെത്തുന്ന ഒരാളെക്കാള്‍ അന്തിമവിജയം യഥാര്‍ത്ഥ പ്രതിഭയ്ക്കാണെന്നതായിരുന്നു ഉദയനാണ് താരത്തിന്‍റെ കേന്ദ്രബിന്ദു. പ്രേക്ഷകന്‍റെ ഹൃദയത്തിന്‍മേലുള്ള തിരക്കഥാകൃത്തിന്‍റെ പിടിവള്ളിയാണ് ഇത്തരം ക്യാച്ചിംഗ് പോയിന്‍റുകള്‍.
‘ഇവര്‍ വിവാഹിതരായാല്‍’ എന്ന പുതിയ സിനിമയ്ക്കും അത്തരം ഒരു ആകര്‍ഷണ ഘടകമുണ്ട്. വളരെ നേരത്തേ വിവാഹിതനാകേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് പ്രേക്ഷകരെ ഈ ചെറിയ സിനിമയിലേക്ക് ആകര്‍ഷിക്കുന്നത്. വോട്ടവകാശം നേടാന്‍ 18 വയസ് പൂര്‍ത്തിയായാല്‍ മതി. എന്നാല്‍ ഒരു ചെറുപ്പക്കാരന്‍ വിവാഹം കഴിക്കാന്‍ 21 വയസ് തികയണം. ഇതെന്ത് നീതിയാണ്? ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന യുവാക്കള്‍ക്കുള്ള മറുപടി ‘ഇവര്‍ വിവാഹിതരായാല്‍’ നല്‍കും.
PRO
PRO
സാധാരണ ചെറിയ ചിത്രങ്ങള്‍ റിലീസാകുമ്പോള്‍ കാണാന്‍ കഴിയുന്ന മാന്ദ്യം ഈ സിനിമ കളിക്കുന്ന തിയേറ്ററില്‍ കാണാന്‍ കഴിഞ്ഞില്ല എന്നത് ആശ്വാസകരമാണ്. ചിത്രത്തിലെ ഗാനങ്ങള്‍ കുടുംബ പ്രേക്ഷകരെ മുമ്പു തന്നെ വലയിലാക്കിയതിനാല്‍ സിനിമയ്ക്ക് ആദ്യദിനം തന്നെ തിരക്കേറി. ഏവരും കാത്തിരുന്ന ആ ഗാനം “പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന...” തിയേറ്ററില്‍ കയ്യടിയുടെ പൂരമാണ് സൃഷ്ടിച്ചത്.
പഠനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വിവേകിന്(ജയസൂര്യ) ആവശ്യപ്പെടാന്‍ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ. വിവാഹം കഴിക്കണം. മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഈ ആഗ്രഹം കേട്ട് അന്ധാളിക്കാതിരിക്കുന്നതെങ്ങനെ. എന്നാല്‍ ചെക്കന്‍ വിടുമോ? അവന്‍ തന്‍റെ ആവശ്യത്തില്‍ ഉറച്ചുനിന്നു. വിവാഹമോചനത്തിന്‍റെ കയ്പുമായി നില്‍ക്കുന്ന അച്ഛനും അമ്മയ്ക്കും യഥാര്‍ത്ഥ ദാമ്പത്യമെന്താണെന്ന് കാണിച്ചു കൊടുക്കുക എന്ന ഗൂഢലക്‍ഷ്യവും അവനുണ്ടായിരുന്നു.
വിവേകിന്‍റെ പിടിവാശി ജയിച്ചു. കാവ്യ(ഭാമ) എന്ന പെണ്‍കുട്ടി അവന്‍റെ ഭാര്യയായി. അവളോ? ഇപ്പോള്‍ കല്യാണമേ വേണ്ടെന്ന് നിലപാട് സ്വീകരിച്ചിരുന്ന, സ്വന്തം ജീവിതത്തില്‍ ഒരുപാട് ലക്‍ഷ്യങ്ങളുണ്ടായിരുന്ന ഒരു പെണ്‍കുട്ടി. ഒരു റേഡിയോ ജോക്കി. സ്വന്തം കരിയറില്‍ ഏറെ മുന്നേറണമെന്ന് സ്വപ്നം കണ്ടിരുന്നവള്‍. കാവ്യയെ ചതിച്ചത് അവളുടെ ജാതകമാണ്. ഇപ്പോള്‍ വിവാഹം കഴിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് ജാതകം പറയുന്നുണ്ടത്രേ. കാവ്യയുടെ അമ്മയ്ക്ക് ജാതകത്തില്‍ കടുത്ത വിശ്വാസം. മകളുടെ ജീവിതം സുരക്ഷിതമാക്കാന്‍ അവളുടെ എതിര്‍പ്പിനെ അവഗണിക്കേണ്ടി വന്നു ആ അമ്മയ്ക്ക്.
എതിര്‍ധ്രുവങ്ങളിലുള്ള ചിന്താരീതികളുമായി ഒരുമിച്ചു ജീവിതം ആരംഭിക്കേണ്ടി വരുന്ന വിവേകിനും കാവ്യയ്ക്കും ജീവിതത്തില്‍ ഉണ്ടാകുന്ന തിരിച്ചടികളെക്കുറിച്ചുള്ള രസകരമായ ആഖ്യാനമാണ് സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയും പ്രേക്ഷകര്‍ക്കു മുന്നില്‍ വയ്ക്കുന്നത്. മനോഹരമായ ഒരു തിരക്കഥയുടെ മികച്ച സിനിമാരൂപമാണ് ഇവര്‍ വിവാഹിതരായാല്‍. കുടുംബകഥ പറയാന്‍ ഒരു സാങ്കേതികതയേ ഉള്ളൂ, അത് ഹൃദയത്തിന്‍റെ ഭാഷയില്‍ പറയുക എന്നതാണെന്ന് തിരിച്ചറിഞ്ഞ സംവിധായകനാണ് സജി. സീരിയല്‍ രംഗത്തു നിന്ന് വന്ന അദ്ദേഹം ബിഗ്സ്ക്രീനിന്‍റെ വ്യാകരണവും വേഗം തിരിച്ചറിഞ്ഞതാണ് ഈ സിനിമയുടെ വിജയം.
അടുത്ത പേജില്‍ വായിക്കുക - ഗാനങ്ങളുടെ വശ്യത, സംഭാഷണങ്ങളുടെ ചാരുത