മുദ്ര, മൃഗയ, സദയം തുടങ്ങിയ സിനിമകളില്‍ മികച്ച അഭിനയം കാഴ്ചവച്ച മഹേഷെന്ന നടനെ മലയാളിക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യമല്ല. സിനിമയെല്ലാം ഉപേക്ഷിച്ച് വിദേശത്ത് ഒരുപാടുകാലം ജോലി ചെയ്ത് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് മഹേഷിപ്പോള്‍. നടനായിട്ടല്ല, സംവിധായകനായിട്ടാണ് മഹേഷ് ഇത്തവണ സിനിമയില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. പൃഥ്വിരാജും നവ്യാനായരും അഭിനയിക്കുന്ന കലണ്ടര്‍ എന്ന സിനിമയിലൂടെയാണ് മഹേഷിന്റെ കന്നിയങ്കം. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, മഹേഷിന്റെ കലണ്ടര്‍ നിരാശപ്പെടുത്തുന്നു.
ഒട്ടേറെ പുതുമകള്‍ ഉള്ള സിനിമയാണ് കലണ്ടര്‍ എന്നായിരുന്നു പ്രിവ്യൂ വാര്‍ത്തകള്‍. ‘മദനോത്സവം’ ഫെയിം സറീനാ വഹാബിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്. മല്ലികാ സുകുമാരന്റെയും മകന്‍ പൃഥ്വിരാജിന്റെയും ഒന്നിച്ചുള്ള അഭിനയം. ഏറെക്കാലത്തിന് ശേഷം പ്രതാപ് പോത്തന്‍ വീണ്ടും സിനിമയില്‍. അതിലുമുപരി, ചാമരത്തിന് ശേഷം പ്രതാപ് പോത്തനും സറീനയും ഒന്നിച്ച ചിത്രം. ഹിറ്റ് മേക്കറായ ബാബു ജനാര്‍ദ്ദനന്‍ എഴുതുന്ന തിരക്കഥ. കോമഡി താരങ്ങളായ ജഗതി, മുകേഷ്, മണിയന്‍ പിള്ള രാജു, കോട്ടയം നസീര്‍ എന്നിവരില്‍ നിന്നുള്ള തമാശപ്പടക്കങ്ങള്‍. എന്നാല്‍ ഇവയ്ക്കൊന്നിനും കലണ്ടറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വിധവയായ തങ്കം ജോര്‍ജിന്റെയും (സറീനാ വഹാബ്) മകള്‍ കൊച്ചുറാണിയുടെയും(നവ്യാ നായര്‍) കഥയാണിത്. സുന്ദരിയായ കൊച്ചുറാണിയെ സ്ഥലത്തെ പ്രധാന പയ്യനായ സോജപ്പന്(പൃഥ്വിരാജ്) ‘ക്ഷ’ ബോധിക്കുന്നു. ഒരുപാട് ബിസിനസുകള്‍ ഉള്ള, കാശുകാരനായ സോജപ്പനെ ആര്‍ക്കും ഇഷ്ടമാകേണ്ടതാണ്. എന്നാല്‍ സോജപ്പന്റെ അരയന്നം(ജഗതി ശ്രീകുമാര്‍) ഈ വിവരം തങ്കത്തിനെ അറിയിക്കുമ്പോള്‍ അനുകൂല സമ്മതമല്ല ഉണ്ടാവുന്നത്.
അമ്മയും മകളും തമ്മിലുള്ള തീവ്രമായ ബന്ധം മകള്‍ക്കൊരു വരനെ കണ്ടെത്തുന്നതില്‍ നിന്ന് അമ്മയെ വിലക്കുന്നു. എന്നാല്‍ സോജപ്പനാവട്ടെ കൊച്ചുറാണിയെ കൈവശപ്പെടുത്താന്‍ ഒരുങ്ങിപ്പുറപ്പെടുകയും ചെയ്യുന്നു. ഇനി പ്രേക്ഷകര്‍ കാണുക, ക്ലൈമാക്സിലേക്ക് ലക്കും ലഗാനുമില്ലാതെ കുതിക്കുന്ന ഒരു സിനിമയെയാണ്. പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്ന ഫ്ലാഷ്ബാക്കുകളും മറ്റുമായി ‘എവിടെ നിന്നോ തുടങ്ങി എവിടെയോ അവസാനിക്കുന്ന’ സിനിമയായി കലണ്ടര്‍ ഒടുങ്ങുന്നു.
സംവിധാനപ്പിഴവും തിരക്കഥയിലെ വ്യക്തതയില്ലായ്മയുമാണ് കലണ്ടറിനെ ഒരു മോശം സിനിമയാക്കുന്നത്. ക്യാമറയും ഗാനങ്ങളും കൊള്ളാം. തങ്കം ജോര്‍ജ് എന്ന കഥാപാത്രം വലിയ വെല്ലുവിളികളൊന്നും സെറീനാ വഹാബിന് ഉയര്‍ത്തുന്നില്ല. കണ്ടുമറന്ന വേഷം എന്നതിലുപരി പൃഥ്വിരാജിന് പെര്‍ഫോം ചെയ്യാന്‍ ഒന്നുമില്ലാത്ത കഥാപാത്രമാണ് സോജപ്പന്‍. മമ്മൂട്ടി കോമഡി കാണിക്കാന്‍ തുടങ്ങിയ കാലത്തെ കഥാപാത്രങ്ങളെയാണ് സോജപ്പന്‍ ഓര്‍മിപ്പിക്കുന്നത്.
നവ്യാ നായര്‍ കിട്ടിയ കഥാപാത്രം മുഷിപ്പിക്കാതെ അവതരിപ്പിച്ചിരിക്കുന്നു. ജഗതി, മുകേഷ് തുടങ്ങിയവരും തരക്കേടില്ല. നന്ത്യാട്ട് ഫിലിംസിന്റെ ബാനറില്‍ സജി നന്ത്യാട്ടാണ് നിര്‍മ്മിച്ചിരിയ്‌ക്കുന്നത്.