അനാവശ്യമായ മാനറിസങ്ങളാല്‍ അരോചകമാണ് ലാല്‍ അവതരിപ്പിക്കുന്ന ഡോക്‌ടര്‍. ഇതിനോടൊപ്പം യുക്തിക്ക് നിരക്കാത്ത ഒരു തിരക്കഥ കൂടിയായപ്പോള്‍ എല്ലാം പൂര്‍ണ്ണമായി. വിവരസാങ്കേതികവിദ്യയെ പറ്റിയോ ശാസ്ത്രീയ വിഷയങ്ങളെ പറ്റിയോ തരിമ്പും ബോധമില്ലാതെയാണ് സംവിധായകന്‍ ഇതില്‍ പലതും കാണിച്ചിരിക്കുന്നത്. ബോംബ് ഡിഫ്യൂസ് ചെയ്യുന്ന രംഗവും മറ്റും ഉദാഹരണം.
കുരുതിപ്പുനല്‍, എ വെനസ്ഡേ എന്നിങ്ങനെയുള്ള സിനിമകളെ പോലെ ദ്രുതഗതിയില്‍ വികസിക്കുന്ന ഭഗവാനിലെ സംഭവഗതികള്‍ക്കിടയില്‍ ആര്‍ക്ക് കണ്ട് രസിക്കാനാണാവോ സംവിധായകന്‍ പാട്ടുകള്‍ കുത്തിക്കയറ്റിയിരിക്കുന്നത്? പ്രശസ്ത കവിയായ മുരുകന്‍ കാട്ടാക്കടയും ഭഗവാന് വേണ്ടി ഗാനരചന നടത്തിയിട്ടുണ്ട് എന്ന് എവിടെയോ വായിച്ചിരിരുന്നു. എന്തായാലും ഇതിലെ ഗാനരംഗങ്ങള്‍ കാണണമെങ്കില്‍ ‘കണ്ണടകള്‍ വേണം, മുന്‍ഭാഗം മൂടിക്കെട്ടിയ കണ്ണടകള്‍ വേണം’. ചില രംഗങ്ങളുടെ ആവര്‍ത്തനം കണ്ട് മടുത്ത പ്രേക്ഷകര്‍ കൂവിയും സീറ്റുകളില്‍ ഇടിച്ചും ബഹളമുണ്ടാക്കിയത് കൌതുകകരമായി തോന്നി. ‘താരമല്ല താരം’ എന്നാണ് പ്രേക്ഷകര്‍ വിളിച്ചുപറയുന്നത് എന്ന് തോന്നി.
‘വേട്ടയാട് വിളയാട്’, ‘പഠിക്കാതവന്‍’ തുടങ്ങിയ തമിഴ് സിനിമകളില്‍ സൈക്കോപാത്ത് വില്ലനായി അവതരിപ്പിക്കപ്പെട്ട ഡാനിയല്‍ ബാലാജിയാണ് ഭഗവാനിലെ വില്ലന്‍. തമിഴില്‍ ചെയ്തുകൊണ്ടിരിക്കുന്ന സൈക്കോപാത്ത് വേഷം പോലൊന്ന് ഇതിലും ബാലാജിക്ക് ലഭിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ കണ്ട് പഴകിയ വില്ലന്‍ വേഷം മാത്രമാണ് ബാലാജിയുടേത്. ബാലഗോപാലിന്റെ ഭാര്യയെ അവതരിപ്പിക്കുന്നത് ലക്ഷ്മി ഗോപാലസ്വാമി. ഇതും തഥൈവ വേഷം തന്നെ. ഷഫ്ന, സുധീഷ്, ശിവജി ഗുരുവായൂര്‍, ലക്ഷണ, ലെന, ഇബ്രാഹിംകുട്ടി, ശ്രീലത തുടങ്ങിയവരും ലക്കും ലഗാനുമില്ലാതെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം.
ഒറ്റ ലൊക്കേഷനില്‍ ആറ് സെറ്റുകളിട്ട് ഒരേ സമയം ആറോളം ക്യാമറകള്‍ ഉപയോഗിച്ചാണ് ചിത്രം തയ്യാറാക്കിയിട്ടുള്ളത്. പക്ഷേ, സിനിമ കണ്ടാല്‍ ‘അങ്ങനെ തോന്നുകയേ ഇല്ല’! ലോകനാഥാണ് ഭഗവാന് വേണ്ടി ആറുക്യാമറകളും ചലിപ്പിച്ചിരിക്കുന്നത്. അരുണ്‍ മൂവീസിന്റെ ബാനറില്‍ പികെ ചന്ദ്രന്‍ നിര്‍മിച്ച് അരുള്‍ റിലീസ് വിതരണം ചെയ്യുന്ന ഈ ചിത്രം എന്തായാലും സിനിമ എങ്ങനെ ആയിരിക്കരുത് എന്നതിന് ഉത്തമോദാഹരണമാണ്.