കുറച്ചുകാലം മുമ്പ് ഒരു ത്രില്ലര്‍ സിനിമ മലയാളത്തില്‍ വന്നിരുന്നു. ‘ഡിറ്റക്ടീവ്’ എന്ന ആ ചിത്രം കണ്ടപ്പോള്‍ ഇത് മലയാളത്തിലെ സംവിധായകര്‍ സ്ഥിരമായി സഞ്ചരിക്കുന്ന പാതയല്ലല്ലോ എന്ന് മനസില്‍ തോന്നുകയും ചെയ്തു. ജിത്തു ജോസഫ് എന്ന ചെറുപ്പക്കാരനായിരുന്നു ആ ചിത്രം സംവിധാനം ചെയ്തത്. ഇതുപോലെ ചിന്തിക്കുന്ന യുവസംവിധായകര്‍ എന്തുകൊണ്ട് കൂടുതലായി മലയാളത്തില്‍ ഉണ്ടാകുന്നില്ല എന്ന ആലോചനയും അന്ന് മനസിനെ ഭരിച്ചതായി ഇപ്പോള്‍ ഓര്‍ക്കുന്നു.
ജിത്തു ജോസഫിന്‍റെ ആ വേറിട്ട വഴിയില്‍ ഒരു യുവ സംവിധായകന്‍ കൂടി ചലിച്ചുതുടങ്ങിയിരിക്കുന്നു. രഞ്ജിത് ശങ്കര്‍ എന്ന ആ സംവിധായകന്‍റെ ആദ്യ സിനിമയായ ‘പാസഞ്ചര്‍’ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഒരു ബന്ദ് ദിവസമാണ് പാസഞ്ചര്‍ റിലീസായത് എന്നത് ഈ സിനിമയിലെ മുഹൂര്‍ത്തങ്ങള്‍ പോലെ യാദൃശ്ചികമായി.
പാസഞ്ചര്‍ മലയാളത്തിലെ മുതിര്‍ന്ന സംവിധായകര്‍ക്ക് മുന്നിലേക്ക് വയ്ക്കുന്ന ഒരു വെല്ലുവിളിയാണ്. ഈ രീതിയിലും സിനിമയെടുക്കാം. ഇങ്ങനെയും കഥ പറയാം. ഈ കഥ പറച്ചിലിന് താരത്തിന്‍റെ ഇമേജ് സംരക്ഷിക്കേണ്ട ആവശ്യമില്ല. താരത്തെ തന്നെ ആവശ്യമില്ല. കഥാപാത്രങ്ങള്‍ മാത്രം. അതുകൊണ്ടു തന്നെയാണ് ഒരു സിനിമ എന്ന നിലയില്‍ പാസഞ്ചര്‍ വിജയമായി മാറുന്നതും.
അബദ്ധങ്ങള്‍ ആരുടെ ജീവിതത്തിലും സംഭവിക്കാം. അങ്ങനെയൊരു അബദ്ധമാണ് സത്യനാഥ(ശ്രീനിവാസന്‍)നും അന്ന് പിണയുന്നത്. സ്ഥിരമായി സഞ്ചരിക്കാറുള്ള തീവണ്ടിയില്‍ ഇറങ്ങേണ്ട സ്റ്റേഷനെത്തിയിട്ടും അയാള്‍ ഇറങ്ങിയില്ല. ക്ഷീണം കാരണം ഒരു മയക്കം. അതാണ് നന്ദന്‍മേനോന്‍(ദിലീപ്) എന്ന അഭിഭാഷകനെ പരിചയപ്പെടാന്‍ ഇടയാക്കിയത്. ഇതേ സമയത്തു തന്നെ, മറ്റൊരിടത്ത് നന്ദന്‍റെ ഭാര്യയും ടി വി ജേര്‍ണലിസ്റ്റുമായ അനുരാധ(മംമ്ത) സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ട ഒരു സ്കൂപ്പ് പുറത്തുകൊണ്ടുവരാന്‍ തയ്യാറെടുക്കുന്നു. കുറച്ചു നിമിഷം മുമ്പു വരെ ഈ ദമ്പതികള്‍ക്ക് അപരിചിതനായിരുന്ന സത്യനാഥന്‍ എന്ന മനുഷ്യന്‍ അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയായി മാറുകയാണ്.
നന്ദന്‍റെയും സത്യനാഥന്‍റെയും യാത്ര ഗുരുവായൂരില്‍ അവസാനിക്കുകയും എന്നാല്‍ ഗുരുവായൂരില്‍ നിന്ന് ഭ്രാന്തമായ മറ്റൊരു യാത്രയ്ക്ക് തുടക്കമാകുകയും ചെയ്യുന്നു. ഒരു ഗംഭീരമായ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറാണ് പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ രഞ്ജിത് ശങ്കര്‍ സമ്മാനിച്ചിരിക്കുന്നത്. അമിതമായ പരസ്യ കോലാഹലങ്ങളൊന്നുമില്ലാതെ എത്തിയ ഈ സിനിമ പുതിയ ഒരു കാഴ്ചാനുഭവമാണ് നല്‍കുന്നത്.
കൂടുതലും ഒരു പാസഞ്ചര്‍ ട്രെയിനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വിരസമായേക്കാമെന്ന മുന്‍വിധി ഉണ്ടായിരുന്നു. എന്നാല്‍ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ തഴക്കം വന്ന ഒരു സംവിധായകന്‍റെ പ്രാഗത്ഭ്യമാണ് സംവിധായകന്‍ പ്രദര്‍ശിപ്പിക്കുന്നത്. ചില ഇമേജുകള്‍ തകര്‍ക്കപ്പെടുന്നത് ഈ സിനിമയില്‍ കാണാം. ജഗതി ശ്രീകുമാര്‍ എന്ന നടനെ ഉപയോഗപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക. കുശാഗ്രബുദ്ധിക്കാരനായ ആഭ്യന്തരമന്ത്രി തോമസ് ചാക്കോയെയാണ് ജഗതി അവതരിപ്പിക്കുന്നത്. സംശയിക്കേണ്ട, കൊടിയ വില്ലന്‍ തന്നെ.
ശ്രീനിവാസന്‍റെ മികച്ച പ്രകടനവും എടുത്തു പറയണം. ഒരു സാധാരണക്കാരന്‍റെ ചിന്തകളും സ്വപ്നങ്ങളുമാണ് അദ്ദേഹം അവതരിപ്പിക്കുന്ന സത്യനാഥന്‍ എന്ന കഥാപാത്രത്തിനുള്ളത്. അത് പ്രേക്ഷകനുമായി രജിസ്റ്റര്‍ ചെയ്യുന്നതില്‍ നൂറുശതമാനവും ശ്രീനിവാസന്‍ വിജയിച്ചിരിക്കുന്നു. ദിലീപിന്‍റെയും മംമ്‌തയുടെയും കഥാപാത്രങ്ങളും നന്നായി. അവര്‍ അത് കൃത്യതയോടെ അവതരിപ്പിക്കുകയും ചെയ്തു.
പി സുകുമാറിന്‍റെ ഛായാഗ്രഹണവും ശങ്കരന്‍കുട്ടിയുടെ പശ്ചാത്തല സംഗീതവുമാണ് പാസഞ്ചറിന്‍റെ ജീവന്‍ എന്നു പറയാം. പ്രേക്ഷകന്‍റെ കണ്ണും കാതും വിഷയത്തില്‍ നിന്ന് തെന്നിമാറാതിരിക്കാന്‍ ഇരുവരുടെയും പ്രതിഭ സഹായിച്ചിരിക്കുന്നു.
എന്തായാലും അടുത്തകാലത്ത് കണ്ട ഏറ്റവും വ്യത്യസ്തമായ ചിത്രമാണ് പാസഞ്ചര്‍. രണ്ടു മണിക്കൂര്‍ സമയം ത്രില്ലടിച്ചു കാണാവുന്ന എന്‍റര്‍ടെയ്നര്‍. അതുകൊണ്ടുതന്നെ ‘തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം’ എന്ന് കണ്ണുമടച്ച് ശുപാര്‍ശ ചെയ്യാം.