സമസ്താപരാധം പൊറുക്കേണമേ!

യാത്രി ജെസെന്‍
തിങ്കള്‍, 13 ഏപ്രില്‍ 2009( 19:19 IST )
ഒരു സിനിമ ഹിറ്റായാല്‍ അതിനോട് സാദൃശ്യമുള്ള കഥ കണ്ടു പിടിച്ച് ട്രെന്‍ഡിന് അനുസരിച്ച് സിനിമകള്‍ പടച്ചുവിടുന്നത് മലയാള സിനിമ ഉണ്ടായ കാലം മുതല്‍ നടക്കുന്ന കാര്യമാണ്. അങ്ങനെയുള്ളവയില്‍ വികലസൃഷ്ടികളെ ജനം തള്ളിക്കളഞ്ഞാലും വീണ്ടും ഇത്തരം ചാപിള്ളകള്‍ ജനിച്ചുകൊണ്ടിരിക്കും. മാര്‍ക്കറ്റുള്ള നടന്‍റെ ഡേറ്റ് കിട്ടിയാല്‍ കഥയെക്കുറിച്ച് അധികം തല പുകയ്ക്കേണ്ടതില്ലല്ലോ. അക്ഷരം കൂട്ടിയെഴുതാനറിയാവുന്ന ആരെയെങ്കിലും കൊണ്ട് ഒരു തിരക്കഥ തല്ലിക്കൂട്ടുക. ഷൂട്ടിംഗ് തുടങ്ങുക!
രംഗങ്ങള്‍ക്ക് പരസ്പരബന്ധമോ, കഥയ്ക്ക് സാമാന്യയുക്തിയോ, സംഭാഷണങ്ങള്‍ക്ക് അല്‍പമെങ്കിലും ആഴമോ ഇല്ലാത്ത ചേതനയറ്റ ഒരു ചിത്രം കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തി. സമസ്തകേരളം പി ഒ എന്നാണ് ചിത്രത്തിന് പേര്. നായകന്‍ ജയറാം. സംവിധാനം - ബിപിന്‍ പ്രഭാകര്‍. തിരക്കഥ - കെ ഗിരീഷ്കുമാര്‍.
രാഷ്ട്രീയ ചിത്രം, കുടുംബചിത്രം എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ വല്ലാതെ തെറ്റിദ്ധരിച്ചതിന്‍റെ ഫലമായാണ് ഈ സിനിമയുടെ പിറവിയെന്ന് വ്യക്തം. കാരണം, നിര്‍ബന്ധമായും ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ സൃഷ്ടിക്കണമെന്ന വാശിയാണ് ഈ കൊച്ചു സിനിമ അതിന്‍റെ ലക്‍ഷ്യത്തില്‍ നിന്ന് ദിശതെറ്റി പാതാളത്തില്‍ പതിക്കാന്‍ കാരണം. കഥ ലളിതമാകണമെന്നും അതു കാണാന്‍ കുടുംബപ്രേക്ഷകര്‍ ഇരച്ചുകയറണമെന്നും മനസിലുറപ്പിച്ച് ഒരു സിനിമ തട്ടിക്കൂട്ടിയപ്പോള്‍ അത് എങ്ങും തൊടാത്ത ഒരു പാഴ്ചരക്കായി മാറി. കുടുംബചിത്രമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച് വഴിതെറ്റിപ്പോവുകയാണ് സമസ്തകേരളത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.
പ്രഭാകരന്‍ എന്ന പഞ്ചായത്തു മെമ്പറായാണ് ജയറാം ഈ സിനിമയില്‍ വേഷമിടുന്നത്. ഇദ്ദേഹം ഒരു ഗാന്ധിയനാണ്. വ്യത്യസ്തമായ സമരമുറകളിലൂടെ തോന്നൂര്‍ക്കര പഞ്ചായത്തിലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തലവേദനയുണ്ടാക്കുന്ന സ്വതന്ത്രമെമ്പര്‍. എന്നാല്‍ യഥാര്‍ത്ഥ കഥയിതൊന്നുമല്ല. അതെന്താണെന്ന് അറിയണമെങ്കില്‍ ജയറാമിന്‍റെ തന്നെ മുന്‍ചിത്രങ്ങളായ ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, പൌരന്‍ തുടങ്ങിയ സിനിമകള്‍ കാണുക.