‘തമിഴ് സിനിമയില്‍ സമീപകാലത്ത് സംഭവിക്കുന്നതെന്ത്’ എന്ന വിഷയത്തില്‍ അടുത്തിടെ കോഴിക്കോട് ഒരു സൌഹൃദചര്‍ച്ച നടന്നിരുന്നു. ആ ചര്‍ച്ചയ്ക്കിടയില്‍ പലരും നടന്‍ സൂര്യയെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. അടുത്ത കമലഹാസനാണ് സൂര്യ എന്നുവരെ എത്തി അഭിപ്രായങ്ങള്‍. പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കാനും വ്യത്യസ്ത പ്രമേയങ്ങള്‍ ഏറ്റെടുക്കാനും ആ നടന്‍ കാണിക്കുന്ന ഉത്സാഹവും, അഭിനയത്തില്‍ പെര്‍ഫെക്ഷനായി നടത്തുന്ന കഠിനശ്രമവും ചൂണ്ടിക്കാട്ടിയായിരുന്നു ആ പ്രശംസാവചനങ്ങള്‍.
കാക്ക കാക്ക, ഗജിനി, വാരണം ആയിരം എന്നീ സിനിമകളാണ് സൂര്യയുടേതായി അന്ന് വിലയിരുത്തപ്പെട്ടത്. ഇതില്‍ വാരണം ആയിരത്തിലെ സൂര്യയുടെ പെര്‍ഫോമന്‍സ് ‘ഔട്ട്‌സ്റ്റാന്‍ഡിംഗ്’ എന്ന് ഒരേസ്വരത്തില്‍ അവിടെ അംഗീകരിക്കപ്പെട്ടു. ഒരു നടന്‍ തന്‍റെ ശരീരം എങ്ങനെ കഥാപാത്രത്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് വാരണം ആയിരം.
ആ ചിത്രം മനസില്‍ ഫ്രഷായി നില്‍ക്കുന്നതുകൊണ്ടാണ് സൂര്യയുടെ പുതിയ സിനിമയായ ‘അയന്‍’ കാണുന്നതിനും താല്‍പര്യപ്പെട്ടത്. മറ്റ് പ്രത്യേകതകളും അയനിന്‍റെ കാര്യത്തില്‍ സ്വാധീനിച്ചു. ഈ സിനിമയുടെ സംവിധായകന്‍ കെ വി ആനന്ദാണ് നമ്മുടെ ‘തേന്‍മാവിന്‍ കൊമ്പ’ത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത്. തേന്‍മാവിന്‍റെ വിഷ്വലുകള്‍ മനസിലുള്ളവര്‍ക്ക് ആനന്ദിനെ മറക്കാന്‍ കഴിയില്ല. പിന്നീട് ‘കനാ കണ്ടേന്‍’ എന്ന ചിത്രത്തിലൂടെ സംവിധായകനായപ്പോഴും ആനന്ദ് വിസ്മയിപ്പിച്ചു. പൃഥ്വിരാജിന്‍റെ ക്ലീന്‍ വില്ലന്‍ ഉള്ളില്‍ ഇപ്പോഴുമുണ്ട്. “ഞാന്‍ പിന്‍മാറിയാല്‍ അതിനും ഒരു അര്‍ത്ഥമുണ്ട് ഭാസ്കര്‍” എന്ന പൃഥ്വിയുടെ അവസാന ഡയലോഗും!
എന്നാല്‍ കനാ കണ്ടേനില്‍ നിന്ന് തികച്ചും വ്യത്യസ്തമായ സമീപനമാണ് അയനില്‍ കെ വി ആനന്ദ് സ്വീകരിച്ചിരിക്കുന്നത്. അയന്‍ തികച്ചും കൊമേഴ്സ്യലായ ഒരു സിനിമയാണ്. പാട്ടിനു പാട്ട്, സ്റ്റണ്ടിന് സ്റ്റണ്ട് രീതി. ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്ന സൂര്യയുടെ പ്രകടനവും മനോഹരമായ ദൃശ്യങ്ങളും ശ്രുതിമധുരങ്ങളായ ഗാനങ്ങളും സമീപകാലത്ത് തമിഴ് സിനിമയിലുണ്ടായ ഏറ്റവും മികച്ച എന്‍റര്‍ടെയ്‌നറായി ഈ ചിത്രത്തെ മാറ്റുന്നു.
പ്രമേയത്തിലുള്ള സാധാരണത്വം അവതരണമികവിലൂടെ മറികടക്കാന്‍ കഴിഞ്ഞു എന്നത് കെ വി ആനന്ദിന് അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. വിജയ് ചിത്രങ്ങള്‍ പോലെ ഒരു ‘മിക്സഡ് ഫുഡ്’ തന്നെയാണ് ഇതും. എന്നാല്‍ ‘എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു’ എന്ന് ആലോചിച്ച് തല കുഴപ്പത്തിലാക്കേണ്ട ഗതികേട് പ്രേക്ഷകനുണ്ടാകുന്നില്ല. എത്ര വലിയ അസ്വാഭാവികതയ്ക്കും ഒരു ലോജിക് കൊടുക്കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു.
ദാരിദ്ര്യവും പ്രണയവും അധോലോകവും കള്ളക്കടത്തും തന്നെയാണ് അയനും പറയുന്നത്. കള്ളക്കടത്തുകാരനായ അച്ഛന്‍റെ മകനാണ് സൂര്യ അവതരിപ്പിക്കുന്ന ദേവ് എന്ന കഥാപാത്രം. ഒരിക്കലും മകന്‍ ആ പാതയിലേക്ക് പോകരുതെന്ന് അവന്‍റെ അമ്മ(രേണുക) ആഗ്രഹിക്കുന്നു. ഒരു പലചരക്ക് കടയായിരുന്നു ആ കുടുംബത്തിന്‍റെ വരുമാനം. മകന് ഒരു സര്‍ക്കാരുദ്യോഗമാണ് അമ്മയുടെ ലക്‍ഷ്യം. എന്നാല്‍ വിധിയുടെ കളിയില്‍ അവന്‍ അച്ഛന്‍റെ വഴിയിലെത്തി.