പതിനാലു വയസുകാരന്‍ വിക്കിയുമൊത്താണ് ഞാന്‍ സിനിമാഹാളിലെത്തിയത്. സത്യത്തില്‍ അവന്‍റെ നിര്‍ബന്ധമായിരുന്നു ആദ്യ ദിവസം തന്നെ ‘ക്രേസി ഫോറി’നെ കാണുക എന്നുള്ളത്. മഹാദേവനെയും ഗോവിന്ദന്‍കുട്ടിയെയും തോമസുകുട്ടിയെയും അപ്പുക്കുട്ടനെയുമൊക്കെ എന്നേക്കാള്‍ പരിചയം വിക്കിക്കാണ്. അവന്‍ അവരുമായി ദിവസവും സല്ലപിക്കാറുണ്ട്. അവരുടെ തമാശകളാണ് അവന്‍ ഇപ്പോഴും അനുകരിക്കാറുള്ളത്.
രജനീകാന്തിന്‍റെ സിനിമകള്‍ റിലീസാകുമ്പോള്‍ തമിഴ്നാട്ടിലാണ് സിനിമാഹാളിനുള്ളില്‍ ഭ്രാന്തന്‍മാരെപ്പോലെ ആര്‍പ്പുവിളിക്കുന്ന കാണികളെ ഞാന്‍ കണ്ടിട്ടുള്ളത്. മലയാളത്തില്‍, ഫോര്‍ ദി പീപ്പിളിലെ ‘ലജ്ജാവതി’ പാടുമ്പോള്‍ ആളുകള്‍ക്ക് നിയന്ത്രണം വിടുന്നത് ശ്രദ്ധിച്ചിരുന്നു. അത്തരമൊരു അവസ്ഥയില്‍ വീണ്ടും പ്രേക്ഷകരെ കാണുന്നത് ഇപ്പോഴാണ്, ഇന്നലെ, ഏപ്രില്‍ ഒന്നിന് തിരുവനന്തപുരത്ത് ‘2 ഹരിഹര്‍ നഗര്‍’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍. അവര്‍ ഇടയ്ക്കിടെ വിളിച്ചുകൂവുന്നതു കേട്ടു - “തോമസുകുട്ടീ വിട്ടോടാ...”. വിക്കി അതിനു മറുപടിയായി ഉച്ചത്തില്‍ പാടി - “ഏകാന്ത ചന്ദ്രികേ...”. സിനിമ കാണുന്നതിന് മുമ്പ് തന്നെ സിദ്ദിഖ് - ലാലിനെ മനസില്‍ നൂറുവട്ടം അഭിനന്ദിച്ചു. നിങ്ങള്‍ 18 വര്‍ഷം മുമ്പ് ചെയ്ത ഒരു സൃഷ്ടിയുടെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല ‘ഫ്രണ്ട്സ്’.
ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി വരുമ്പോഴേക്കും സിനിമയുടെ പാതിഭാഗം അവസാനിച്ചിരിക്കും. ഈ പരിചയപ്പെടുത്തല്‍ കര്‍മ്മം കഥ പറയാനുള്ള റിസ്ക് കുറയ്ക്കുന്ന ഒരു ലോജിക്കാണ്. ഇടവേളയ്ക്ക് ശേഷം കഥ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നേ പിന്നീട് സംവിധായകനും തിരക്കഥാകൃത്തിനും തലപുകയ്ക്കേണ്ടതുള്ളൂ. എന്നാല്‍ ഇതേ സിനിമയ്ക്ക് രണ്ടാം ഭാഗം ചെയ്യുമ്പോള്‍ പതിയിരിക്കുന്ന അപകടം വളരെ വലുതാണ്. കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകന് നേരത്തേ അറിയാം. അവരെ വീണ്ടും പരിചയപ്പെടുത്തേണ്ട കാര്യമില്ല. കഥ പറയുക എന്ന ജോലി ആദ്യ രംഗം മുതല്‍ ആരംഭിക്കേണ്ടി വരും. ഹരിഹര്‍ നഗറിന്‍റെ രണ്ടാം ഭാഗത്തില്‍ ലാല്‍ അത് ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. പടം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കണ്ട സിനിമാ സുഹൃത്ത് അനില്‍ പറഞ്ഞത് ‘ലാല്‍ അത് ചെയ്തു’ എന്നാണ്. അതെ...ലാല്‍ അത് ചെയ്തിരിക്കുന്നു! ‘2 ഹരിഹര്‍ നഗര്‍’ അടുത്തകാലത്ത് കാണാന്‍ കഴിഞ്ഞ കോമഡി വിസ്മയമാണ്.
നാല്‍വര്‍ സംഘം മടങ്ങിയെത്തുമ്പോള്‍ അവരില്‍ വന്നിരിക്കുന്ന മാറ്റങ്ങളാണ് പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിക്കുക. ശാരീരികമായി അവര്‍ മാറിയിട്ടുണ്ട്. തോമസുകുട്ടി(അശോകന്‍)യും ഗോവിന്ദന്‍ കുട്ടി(സിദ്ദിഖ്)യും ചീര്‍ത്തിട്ടുണ്ട്. മഹാദേവന്‍(മുകേഷ്) കുറച്ചുകൂടി സുന്ദരനായതുപോലെ. അപ്പുക്കുട്ടന്(ജഗദീഷ്) മാത്രം ഒരു മാറ്റവുമില്ല. ‘പതിവായി വ്യായാമം ചെയ്യുന്നതുകൊണ്ടാണെ’ന്നാണ് അയാള്‍ അത് വ്യക്തമാക്കുന്നത്. വ്യായാമം ചെയ്താല്‍ മണ്ടത്തരങ്ങള്‍ക്കും മാറ്റമുണ്ടാകില്ല എന്നുണ്ടോ. ആ പഴയ അപ്പുക്കുട്ടനെ തിയേറ്ററില്‍ വീണ്ടും കണ്ടുമുട്ടുന്നതിന്‍റെ ആഹ്ലാദം തെല്ലൊന്നുമല്ല. ഞാന്‍ ഇടയ്ക്കിടെ വിക്കിയെ ശ്രദ്ധിക്കുന്നുണ്ട്. അവന്‍ എപ്പൊഴേ ഹരിഹര്‍ നഗറിലെ പൂവാലന്‍മാര്‍ക്കൊപ്പം ചേര്‍ന്നുകഴിഞ്ഞു!
മുമ്പത്തെ പോലെ തന്നെ നാലംഗ സംഘത്തിന്‍റെ കടിഞ്ഞാണ്‍ ഇപ്പോഴും മഹാദേവന്‍റെ കൈയ്യിലാണ്. അയാളാണ് തീരുമാനമെടുക്കുന്നതും, അബദ്ധങ്ങളില്‍ ചാടുമ്പോള്‍ “തോമസുകുട്ടീ വിട്ടോടാ” എന്ന് ഉച്ചത്തില്‍ അലറുന്നതും. ഇവര്‍ വീണ്ടും ഒന്നിച്ചു കൂടിയിരിക്കുന്നത് തോമസുകുട്ടിയുടെ വിവാഹത്തിനായാണ്. തോമസുകുട്ടി മാത്രമാണ് അവിവാഹിതന്‍. ബാക്കിമൂന്നുപേരും കുടുംബസ്ഥന്‍മാരാണ്. പക്ഷേ മനസ് ഇപ്പോഴും “കൊച്ചുപെമ്പിള്ളേരുടെ” പിറകേയാണെന്നു മാത്രം.