തഷന്‍ എന്ന ബോളിവുഡ് ചിത്രം കണ്ടിരിക്കാന്‍ കൊള്ളാം. അക്ഷയ്‌കുമാര്‍ തകര്‍ത്ത് അഭിനയിച്ച ചിത്രമെന്നോ കരീന കപൂര്‍ ഗ്ലാമറസായി അഭിനയിച്ച ചിത്രമെന്നോ ഇതിനെ വിശേഷിപ്പിക്കാം. കഥാപാത്രങ്ങളുടെ അവതരണത്തില്‍ പുതുമ അവകാശപ്പെടാനും ഈ ചിത്രത്തിന് സാധ്യമാവും.ധൂമിന്‍റെ തിരക്കഥാകൃത്ത് വിജകൃഷ്ണ ആചാര്യയാണ് തഷന്‍റെ തിരക്കഥയും സംവിധാനവും. ആദ്യ സംവിധാന സംരംഭത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപെടാനുള്ള ചേരുവകള്‍ ഒരുക്കിയിട്ടുണ്ട് എങ്കിലും വിജയ് തിരക്കഥയുടെ കാര്യത്തില്‍ പലയിടത്തും സ്വന്തം കഴിവ് ഉപയോഗിച്ചിട്ടില്ല എന്നു വേണം കരുതാന്‍.ഭയ്യാജി എന്ന ഗൂണ്ടയെ ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള ചുമതല കോള്‍ സെന്‍റര്‍ എക്സിക്യൂട്ടീവായ ജിമ്മിക്ക് (സയ്ഫ് അലി ഖാന്‍) ലഭിക്കുന്നു. എന്നാല്‍ ജിമ്മി പൂജയുടെ (കരീന കപൂര്‍) വലയില്‍ വീണുപോയി. അവളുടെ ഉപദേശ പ്രകാരം ഭയ്യാജിയെ പറ്റിച്ച് 25 കോടി രൂപ ഉണ്ടാക്കി. കബളിപ്പിക്കപ്പെട്ടു എന്ന് അറിഞ്ഞാല്‍ ഭയ്യാജി അടങ്ങിയിരിക്കുമോ? വഞ്ചനയ്ക്ക് പരിഹാരമായി നഷ്ടപ്പെട്ട പണവും പൂജയുടെയും ജിമ്മിയുടെയും ജീവനുമെടുക്കാന്‍ ഭയ്യാജി തീരുമാനിക്കുന്നു. ഈ ജോലി ബച്ചന്‍ പാണ്ഡെയെ (അക്ഷയ് കുമാര്‍) ആണ് ഏല്‍പ്പിക്കുന്നത്. ഭയ്യാജിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ജിമ്മി കീഴടങ്ങുന്നു. ഇതിനെ തുടര്‍ന്നുള്ള സംഭവങ്ങളിലൂടെയാണ് തഷന്‍ മുന്നേറുന്നത്.