ബുദ്ധിജീവികളെയും കോമേഷ്യല്‍ ആരാധകരെയും ഒരു പോലെ രസിപ്പിക്കുന്ന ചിത്രങ്ങള്‍ ഒരുക്കുന്നതിലാണ് ധനുഷിന്‍റെ മൂത്ത സഹോദരന്‍ ശെല്‍വ രാഘവന്‍റെ ഭ്രമം. അതുകൊണ്ടാകാം ശെല്‍വയുടെ സഹായിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന മിത്രന്‍ ജവഹറിനും ആദ്യ ചിത്രത്തിനായി ശെല്‍വരാഘവനെ ആശ്രയിക്കേണ്ടിവന്നത്.
തെലുങ്കില്‍ വിജയം നേടിയ ‘അഡവാരി മാറ്റലക്ക് അര്‍തലു വെരലു’ തമിഴില്‍ എത്തിയപ്പോള്‍ യാരെടി മോഹിനിയായി. ത്രിഷയെയും വെങ്കിടേഷിനെയും നായികാ നായകന്‍മാരാക്കി ശെല്‍വരാഘവന്‍ ചെയ്ത ചിത്രം തമിഴിലേക്ക് രൂപം മാറിയപ്പോല്‍ നയന്‍ താരയും ധനുഷും നായികാ നായകന്‍മാരായി. സെന്‍റിമെന്‍സും ആക്ഷനും ഗ്ലാമറും കുടുംബ കഥയും ഒക്കെ കൂടി ഒരു സാധാരണ തമിഴ് ചിത്രത്തിനപ്പുറത്തേക്കുള്ള കൌതുകങ്ങളൊന്നും ചിത്രം നല്‍കുന്നില്ല.
മതിയായ യോഗ്യതയുണ്ടെങ്കിലും അഞ്ച് വര്‍ഷമായി യാതൊരു തൊഴിലും ഇല്ലാത്ത വാസു (ധനുഷ്) പിതാവിന്‍റെ വരുമാനത്തിലാണ് കഴിയുന്നത്. സാഹചര്യം കൂടുതല്‍ ദരിദ്രമാകുന്നത് ഒരു തൊഴില്‍ നേടണമെന്ന അയാള്‍ക്ക് മേലുള്ള സമ്മര്‍ദ്ദം കൂട്ടുന്നു. അച്ഛന്‍റെ (രഘുവരന്‍) കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവത്വത്തിന്‍റെ കളിചിരികള്‍ വിട്ട് വാസു തൊഴില്‍ തേടല്‍ ആരംഭിക്കുന്നു. ഇതിനിടയിലാണ് കീര്‍ത്തിയെ (നയന്‍ താര) അയാള്‍ കാണുന്നത്.
ആദ്യ കാഴ്ചയില്‍ തന്നെ അവളെ പ്രണയിച്ചു പോയ വാസുവിന് അവളുടെ കമ്പനിയില്‍ തന്നെ ജോലി നേടണമെന്ന് സ്വപ്‌നവും ഉടന്‍ തന്നെ സഫലമാകുകയാണ്. അവിടെ നടക്കുന്ന ഒരു വാക് ഇന്‍ ഇന്‍റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വാസു കീര്‍ത്തിയുടെ കമ്പനിയില്‍ തന്നെ എത്തി. കീര്‍ത്തിയുടെ സഹായത്തോടെ തന്നെ തൊഴിലെല്ലാം പഠിച്ചെടുക്കുന്ന വാസുവിനെ ഡെപ്യൂട്ടേഷന്‍ ജോലിക്കായി കമ്പനി കീര്‍ത്തിക്കൊപ്പം ഓസ്ട്രേലിയയിലേക്ക് അയയ്‌ക്കുകയാണ്.
ഓസ്ട്രേലിയയില്‍ താമസിക്കുന്നതിനിടയില്‍ തന്‍റെ പ്രണയം വാസു കീര്‍ത്തിയെ അറിയിക്കുന്നു. എന്നാല്‍ തന്‍റെ വിവാഹം തീരുമാനിച്ചിരിക്കുകയാണെന്നും അടുത്ത മാസം തന്നെ ഉണ്ടെന്നുമുള്ള കീര്‍ത്തിയുടെ വെളിപ്പെടുത്തല്‍ വാസുവിനെ തകര്‍ത്ത് കളഞ്ഞു. മകന്‍റെ തകര്‍ന്ന മാനസിക നില കണ്ടറിയുന്ന പിതാവ് കീര്‍ത്തിയോട് സംസാരിച്ച് മനസ്സ് മാറ്റാന്‍ ഒരു ശ്രമം നടത്തി. എന്നാല്‍ വാസുവിന്‍റെ പിതാവിനെ പരിഹാസിക്കാനും അപമാനിക്കാനും കീര്‍ത്തി മടിച്ചില്ല.
|