സംവിധാന സ്വപ്നം മനസ്സിലിട്ട് അവസാന മിനുക്ക് പണികള്‍ക്കായി ശരവണന്‍ തയ്യാറാക്കി വച്ചിരിക്കുന്ന തിരക്കഥ തട്ടിയെടുത്ത് കണ്ണയ്യന്‍ മറ്റൊരു സംവിധായകനു കൊടുക്കുകയും അതില്‍ നായകനായി അഭിനയിച്ച് വന്‍ വിജയം കൊയ്യുകയുമാണ്. ദിലീപ്കാന്തെന്ന പുതിയ പേരു സ്വീകരിച്ച് ഇന്‍ഡസ്ട്രിയില്‍ വലിയ താരമാകുന്ന കണ്ണയ്യനും കൂട്ടത്തില്‍ അയാളുടെ മാനേജരും (എം എസ് ഭാസ്കര്‍) നടത്തുന്ന പൊങ്ങച്ചങ്ങളാണ് പിന്നീട്.
അതേ സമയം മറുവശത്ത് പരാജയങ്ങള്‍ വേട്ടയാടുന്ന ശരവണന്‍ തകര്‍ന്ന് പോകുകയാണ്. തന്നെ പ്രണയിച്ചിരുന്ന ഇന്‍ഡസ്ട്രിയിലെ വലിയ നടിയായ മൈഥിലിയെ (ഗോപിക) അയാള്‍ വിവാഹം കഴിക്കുകയും ചെയ്യുന്നു. തന്‍റെ കുടുംബത്തില്‍ നിന്നുള്ള ശല്യമാണ് മൈഥിലിയെ ഉദയനിലേക്ക് എത്തിക്കുന്നത്.
വിവാഹിതയായതോടെ അഭിനയവും മൈഥിലി മതിയാക്കി. എന്നിട്ടും സിനിമയില്‍ സ്വന്തമായി ഒരിടം തേടാന്‍ ശരവണന്‍ നടത്തുന്ന ശ്രമങ്ങള്‍ അത്രയും പാളുകയാണ്. ജീവിതത്തിലും കഷ്ടപ്പെടുന്ന ശരവണന്‍റെ സ്വപ്‌നങ്ങള്‍ക്ക് തടസ്സമാകാതെ സ്വതന്ത്രമായി വിടുക എന്ന ഉദ്ദേശത്തില്‍ മൈഥിലി അയാളില്‍ നിന്നും വേര്‍പെടുകയും ചെയ്യുന്നു.
ശരവണന് ശക്തമായ മുറിവാണ് ഇത് സമ്മാനിച്ചത്. ജീവിതം തന്നെ മടുത്തെന്ന ഘട്ടത്തില്‍ ഒരു നിര്‍മ്മാതാവ് (ശരത് ബാബു) ശരവണന് അവസരവുമായി വരികയാണ്. എന്നാല്‍ താന്‍ പണം മുടക്കുന്ന സിനിമ ഓടുന്നതിനായി ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ താരമായ ദിലീപ്കാന്തിനെ നായകന്‍ ആക്കണമെന്നാണ് നിര്‍മ്മാതാവിന്‍റെ കരാര്‍.
ഈ നിര്‍ദേശം സ്വീകരിച്ച ശരവണന്‍ തന്‍റെ സിനിമയില്‍ ദിലീപ് കാന്തിനെ നായകനാക്കുന്നു. എന്നാല്‍ പഴയ കണ്ണയ്യന്‍ ദിലീപ് കാന്തായതിന്‍റെ അഭ്യാസങ്ങളും സെറ്റില്‍ തുടങ്ങി. എന്നാല്‍ തനിക്ക് വേണ്ടത് ലഭിക്കാതെ ശരവണന്‍ താരത്തെ വിടുന്നില്ല എന്ന ഘട്ടത്തിലായി കാര്യങ്ങള്‍. ഇതില്‍ പ്രതിക്ഷേധിച്ച ദിലീപ്കാന്ത് ഷൂട്ടിംഗ് തടസ്സപ്പെടുത്തുന്നു. ഒടുവില്‍ ക്ലൈമാക്‍സ് ഷൂട്ടിംഗില്‍ ശരവണന്‍റെ കൌശലം വിജയിക്കുകയാണ്.