നരിയുടെ വേട്ട
ആര്. രാജേഷ്
മമ്മൂട്ടി-ഫുള്ളി ലോഡഡ്. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത രൗദ്രം എന്ന ചിത്രത്തിന്‍റെ പരസ്യ വാചകമാണിത്. ഈ പരസ്യവാചകത്തില്‍ പതിരില്ലായെന്ന് മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനം തെളിയിക്കുന്നു.മാഫിയാ ബന്ധമുള്ള കമ്പിളിക്കണ്ടം ജോസിന്‍റെ (സുബൈര്‍) കൊലപാതകം അന്വേഷിക്കാനാണ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ നരി എന്നറിയപ്പെടുന്ന അസിസ്റ്റന്‍റ് കമ്മീഷണര്‍ നരേന്ദ്രന്‍റെ (മമ്മൂട്ടി)കൊച്ചിയിലേയ്ക്കുള്ള വരവ്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യവും ഈ അന്വേഷണത്തിനു പിന്നില്‍ ഉണ്ടായിരുന്നു. അഴിമതിക്കാരെ എക്കാലവും വിറളി പിടിപ്പിച്ചിട്ടുള്ള നരി അന്വേഷണം തുടങ്ങി. പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ഡിഐജി ശിഹാബുദീന്‍റെയും (രാജന്‍ പി ദേവ് ) എസ്.പി. തോമസ് ആന്‍റണി (ലാലു അലക്സ്)യുടേയും സഹായത്തോടെ അവയൊക്കെ തരണം ചെയ്ത് അന്വേഷണവുമായി നരി മുന്നേറി. എന്നാല്‍ ഇത് തങ്ങളെ തന്നെ വിഴുങ്ങുമെന്ന് ചിലര്‍ തിരിച്ചറിഞ്ഞതോടെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുമുണ്ടായി. നരേന്ദ്രന്‍ എന്ന പൊലീസ് കഥാപാത്രം മമ്മൂട്ടിയുടെ കൈയില്‍ സുഭദ്രം. രണ്‍ജി ഒരുക്കിയ സ്ഫോടനാത്മകമായ നെടുങ്കന്‍ വാചകങ്ങള്‍ മമ്മൂട്ടി അനായാസം കൈകാര്യം ചെയ്തു. സംഘട്ടന രംഗങ്ങളിലും ചടുലത നിലനിര്‍ത്താന്‍ മമ്മൂട്ടി ശ്രദ്ധിച്ചു. പൊലീസ് വേഷങ്ങള്‍ ചെയ്യാന്‍ താന്‍ കഴിഞ്ഞേ മറ്റൊരാള്‍ ഉള്ളൂ എന്ന് സ്ഥാപിക്കുകയും ചെയ്തു. പതിവുപോലെ വില്ലന്‍ വേഷം സായ്കുമാര്‍ നന്നായി കൈകാര്യം ചെയ്തു. എന്നാല്‍ കണ്ണിറുക്കി, ചുണ്ട് കടിച്ച് സായ് കുമാര്‍ അഭിനയിക്കുമ്പോള്‍ മുമ്പ് സമാനമായ വേഷങ്ങള്‍ അവതരിപ്പിച്ചത് ഓര്‍മയായി കടന്നു വരുന്നുണ്ടെന്നത് ന്യൂനതയാണ്. വിജയ രാഘവന്‍ അവതരിപ്പിച്ച് പുരുഷോത്തമന്‍ എന്ന കഥാപാത്രം ഏകലവ്യനിലെ ചേറാടി കറിയയെ അനുസ്മരിപ്പിക്കുന്നു. അഴിമതിക്കാരനും തല്ലുകൊള്ളിയുമായ പൊലീസുകാരനെ ഷമ്മി തിലകന്‍ പതിവു രീതിയില്‍ അവതരിപ്പിച്ചു.