ശക്തമായ കഥയും കഥാപാത്രങ്ങളുമുണ്ടെങ്കില്‍ യുവതാരങ്ങളുടെ ചിത്രങ്ങള്‍ക്കും പ്രേക്ഷകരുണ്ട്. ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥ രചിച്ച് ജോണി ആന്‍റണി സംവിധാനം ചെയ്ത സൈക്കിള്‍ മലയാള സിനിമയ്ക്ക് പ്രതീക്ഷ നല്‍കുന്നു. യുവാക്കളുടെ കഥ പറയുമ്പോള്‍ നിറക്കൂട്ടുകള്‍ക്ക് മാത്രമാണ് അവസരമെന്ന അബദ്ധ ധാരണ തിരുത്തി പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു.
നഗരത്തിലെ പണമൊഴുകുന്ന ഷോപ്പിംഗ് കോംപ്ളക്സിലെ കൗസ്തുഭം ഫൈനാന്‍സിയേഴ്സില്‍ കാഷ്യറാണ് റോയി (വിനീത് ശ്രീനിവാസന്‍). ഗള്‍ഫില്‍ പോയി നാലു കാശുണ്ടാക്കണമെന്ന മോഹമാണ് മനസു നിറയെ. ക്രിക്കറ്റ് താരമാവാന്‍ കൊതിച്ച് ഇപ്പോള്‍ ഇലക്ട്രോണിക്സ് ഷോപ്പില്‍ സെയില്‍സ്മാനായി ജോലി നോക്കുന്ന സഞ്ജു(വിനു മോഹന്‍)വാണ് റോയിയുടെ ഉറ്റ സുഹൃത്ത്. കൗസ്തുഭത്തിന് എതിര്‍വശത്തുള്ള ട്രാവല്‍ ആജന്‍സിയില്‍ ജോലി ചെയ്യുന്ന ആനി (ഭാമ)യോട് റോയിക്ക് മനസില്‍ ഇഷ്ടമുണ്ട്.
അറുപിശുക്കനായ കൗസ്തുഭന്‍ (ജഗതി) മുതലാളിയുടെ മകള്‍ മീനാക്ഷി (സന്ധ്യ) കൂട്ടുകാരുമൊത്ത് കോംപ്ളക്സില്‍ ചുറ്റിത്തിരിയാനെത്തുക പതിവാണ്. സഞ്ജുവിനോട് മീനാക്ഷിക്ക് വല്ലാത്ത ഭ്രമമാണ്. കളിച്ചു നടന്ന് പഠനം ഉഴപ്പി പ്രാരാബ്ദങ്ങള്‍ക്കിടെ കഴിയുന്ന സഞ്ജുവിന് മീനാക്ഷിയുടെ പ്രണയം കണ്ടെന്ന് നടിക്കാനായില്ല. തുച്ഛമായ വരുമാനം മാത്രമുള്ള ഇവര്‍ക്ക് പലപ്പോഴും പണം നല്‍കി സഹായിക്കുന്നത് മീനാക്ഷിയാണ്.