കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ‘വെല്‍കം’ അമിത പ്രതീക്ഷ വേണ്ട
നിരൂപണം
Feedback Print Bookmark and Share
 
WELCOME
IFMIFM
ബോളീവുഡില്‍ നിന്നും കിട്ടാവുന്ന എല്ലാ നല്ല കൊമേഡിയന്‍മാരെയും പങ്കാളികളാക്കി 155 മിനിറ്റുകളെ രണ്ടായി പകുത്ത് തമാശകള്‍ കുത്തിനിറച്ച് തീയറ്ററില്‍ എത്തിയ ബോളീവുഡ്ചിത്രം ‘വെല്‍കം’ അത്ര മികച്ച കോമഡി അല്ലെങ്കിലും കോമഡി ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തില്ല. എന്നാല്‍ ഇത്രയും കൊമേഡിയന്‍‌മാരെ ഒന്നിച്ചു ചേര്‍ക്കുന്ന ആദ്യ ബോളീവുഡ് ചിത്രം കൂടിയായതിനാല്‍ വെല്‍കം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്നു മാത്രം.

കോമഡിയുടെ കാര്യത്തില്‍ സമീപകാലത്ത് ബോളീവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന പരേഷ് റാവല്‍-അക്ഷയ് കുമാര്‍ കൂട്ടുകെട്ടിനൊപ്പം പരുക്കന്‍‌മാരായ ഫിറോസ് ഖാന്‍, നാനാ പടേക്കര്‍, അനില്‍കപൂര്‍ എന്നിവരേയും പുതിയ ട്രാക്കില്‍ കാണുന്നത് തികച്ചും കൌതുകകരമാണ്. പ്രത്യേകിച്ചും അവരുടെ പ്രകടനം മികച്ചതാകുമ്പോള്‍.

തമാശക്കാരായ അധോലോക രാജാക്കന്‍‌മാരാണ് ഉദയ് ഷെട്ടിയും (നാനാപടേക്കര്‍) മജ്നുവും (അനില്‍കപൂര്‍) അവരുടെ ബോസ് സിക്കന്ദറും (ഫിറോസ് ഖാന്‍). ഇവരുടെ സുന്ദരിയായ സഹോദരി സഞ്ജനയ്‌ക്ക് (കത്രീന കൈഫ്) നല്ല കുടുംബത്തില്‍ നിന്നും ഒരു വിവാഹം വേണം. തന്‍റെ സഹോദരിയെ കാണാനായി സുന്ദരനായ രാജീവിനു(അക്ഷയ് കുമാര്‍) ഒരു അവസരം ഒരുക്കുകയാണ് ഉദയ്. എന്നാല്‍ അറിയപ്പെടാത്ത കുടുംബത്തില്‍ നിന്നും ഒരു വിവാഹം നടത്താന്‍ രാജീവിന്‍റെ അമ്മാവനായ ഡോക്ടര്‍ ഘുംഗ്രൂ(പരേഷ് റാവല്‍) സമ്മതിക്കുന്നില്ല.

തന്‍റെ സഹോദരങ്ങളുടെ ഗൂഡ പദ്ധതിയെ കുറിച്ച് തീരെ അറിവില്ലാതിരുന്ന സഞ്ജന അവിചാരിതമായി രാജീവിനെ കണ്ടു മുട്ടി. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തില്‍ അകപ്പെട്ടെന്നു പറഞ്ഞാല്‍ മതിയല്ലോ. എന്നാല്‍ ആദ്യ ഉടക്കി നിന്ന ഘുംഗ്രൂ സഞ്ജന മാഫിയക്കാരുടെ സഹോദരിയാണെന്ന് അറിയാതെ പിന്നീട് സ്വീകരിക്കാന്‍ തയ്യാറാവുകയാണ്. എന്നാല്‍ ഇക്കാര്യം തിരിച്ചറിയുന്നതോടെ ഘുംഗ്രൂ മരുമകനുമായി അപകടകാരികളായ സഹോദരങ്ങളില്‍ നിന്നും രക്ഷപെടാന്‍ നടത്തുന്ന ശ്രമങ്ങളും അതേ തുടര്‍ന്നു വരുന്ന നാടകീയ രംഗങ്ങളും സ്റ്റണ്ടുകളുമാണ് ചിത്രത്തെ തമാശഭരിതമാക്കുന്നത്. രാജീവിന്‍റെ പ്രതിശ്രുത വധുവാണെന്നു പറഞ്ഞ് മല്ലിക ഷെരാവത്ത് കൂടിയെത്തുന്നതോടെ ചിത്രത്തിലെ കോമഡി കൂടുതല്‍ ശക്തമാകുകയാണ്.

അക്ഷയ് കുമാര്‍, പരേഷ് റാവല്‍, വിജയ് റാസ്, അസ്രാണി, മുസ്താഖ് ഷെയ്‌ക്ക് ബോളീവുഡിലെ പരിചയ സമ്പന്നരായ മുഴുവന്‍ കോമഡി നടന്‍‌മാരെയും വെല്‍കമില്‍ പരീക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ കാല വില്ലന്‍ രണ്‍ജീത്ത് ഉള്‍പ്പടെയുള്ളവരാണ് തമാശ ഒരുക്കിയിരിക്കുന്നത്. ഓരൊ കോമഡി രംഗങ്ങളും മറ്റൊന്നുമായി കൂട്ടിയിണക്കിയിരിക്കുന്നു.

കോമഡി രംഗങ്ങള്‍ ഉണ്ടാക്കാന്‍ സംവിധായകനു കഴിഞ്ഞെങ്കിലും മുന്‍ ചിത്രമായ ‘നോ എണ്ട്രി’യില്‍ കണ്ടെത്തിയ ഫോം ഇത്തവണ പുലര്‍ത്താന്‍ സംവിധായകന്‍ അനീസ് ബസ്മിക്കു കഴിഞ്ഞിട്ടില്ല. കഥാപാത്രങ്ങളെല്ലാം നല്ല തമാശക്കാരാണെങ്കിലും അവരിലെ രസതന്ത്രം പലപ്പോഴും ചോരുന്നതായി തോന്നും. എഡിറ്റിംഗ് പരാജയമാണ്. നാലു സംഗീത സംവിധായകരെ കുത്തി നിറച്ചിട്ടും കേള്‍ക്കാന്‍ സുഖമുള്ള ഗാനങ്ങള്‍ പകരാനായില്ല എന്നു മാത്രമല്ല ആവശ്യമില്ലാതെ പാട്ടുകളും കുത്തിനിറച്ചിരിക്കുന്നു. ഛായാഗ്രാഹകന്‍ സഞ്ജയ് എഫ് ഗുപ്ത കാട്ടിത്തരുന്ന ദൃശ്യങ്ങള്‍ അസ്വാദ്യകരമാണ്.

പരുക്കനായ നാനാപടേക്കര്‍ കോമഡി ചെയ്തു ഫലിപ്പിക്കുന്നത് വ്യത്യസ്തമായ കാഴ്ചയാണ്. നല്ല ഹ്യൂമര്‍ സെന്‍സുള്ള അനില്‍കപൂറും ഒന്നാന്തരമായി കോമഡി ഒരുക്കുന്നു. പരേഷ് റാവലും ഫിറോസ് ഖാനും മികച്ച ഫോമിലാണ്. എന്നാല്‍ അടുത്ത കാലത്ത് വേഷങ്ങളുടെ പകര്‍ച്ചയാകാം അക്ഷയ് കുമാര്‍ ആവര്‍ത്തന വിരസത ഉളവാക്കുന്നുണ്ട്. പലപ്പോഴും അമിതാഭിനയത്തിലെക്കു വീഴുന്നോ എന്ന സംശയവും ന്യായമായും ഉണ്ടാകും. രണ്ടാം പകുതിയില്‍ ചെറിയ വേഷത്തില്‍ എത്തുന്ന മല്ലികാ ഷെരാവത്ത് ചിത്രത്തിന്‍റെ ഒഴുക്കുമായി ഒത്തു പോകുന്നുണ്ട്. എന്നാല്‍ കത്രീനയ‌ക്ക് പ്രേമിക്കുക എന്ന ചുമതല ഒഴിച്ചാല്‍ വെറുതെ നില്‍ക്കാം.

അവസാനമായി അനാവശ്യമായ പ്രതീക്ഷകള്‍ വച്ചു ചിത്രത്തിനായി കയറി ഇരിക്കരുത്. എന്തും വിശ്വസിക്കും എന്ന മാനസീകാവസ്ഥയിലായിരിക്കണം ചിത്രത്തിനായി കയറേണ്ടത്. കൂടുതലായി പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരും. അതേസമയം ആദ്യ ദിവസം ചിത്രത്തിനു നല്ല തുടക്കം കിട്ടിയിട്ടുള്ളതിനാല്‍ മുടക്കുമുതല്‍ തിരിച്ചു പിടിക്കും ഉറപ്പ്.