കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » ലാല്‍സലാം വേണു! (Lal salma venu)
കഥാപുരുഷന്‍
Bookmark and Share Feedback Print
 
PRO
നിരാശ കാമുകന്‍റെ മലയാളി മുഖമായി സിനിമയില്‍ നിറസാന്നിധ്യമായ വേണു നാഗവള്ളിയാണ് കിലുക്കം എന്ന ചിരിച്ചിത്രത്തിന്‍റെ തിരക്കഥയെഴുതിയതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിയ്ക്കുമോ. കിലുക്കം കണ്ട് ചിരിച്ച് ചിരിച്ച് കണ്ണു നിറയുമ്പോള്‍ പോലും മലയാള സിനിമയിലെ കാല്‍‌പനികനായ ആ കാമുകനെ ഓര്‍ക്കുന്നവര്‍ ചുരുക്കം.

വിഹരിക്കുന്ന ഏത് മേഖലയിലയിലും സ്വന്തം പ്രതിഭ കൊണ്ട് കൈയ്യൊപ്പ് ചാര്‍ത്തിയ അപൂര്‍വ പ്രതിഭയായിരുന്നു വേണു നാഗവള്ളി. അഭിനയവും സംവിധാവും തിരക്കഥയെഴുത്തുമെല്ലാം വേണുവെന്ന പ്രതിഭയ്ക്ക് മുന്നില്‍ എന്നും തലകുനിച്ചു നിന്നിട്ടേയുള്ളു. 1976ല്‍ പുറത്തിറങ്ങിയ ചോറ്റാനിക്കര അമ്മ എന്ന സിനിമയില്‍ ഗായകനായി രംഗത്തെത്തിയ വേണു 1978ല്‍ കെ ജി ജോര്‍ജിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഉള്‍ക്കടലില്‍ നായകനായതോടെയാണ് നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത്.

നടനായി സിനിമയില്‍ ചുവടുറപ്പിച്ചുവന്ന കാലഘട്ടത്തില്‍ തന്നെയാണ് അദ്ദേഹത്തെ മലയാള സിനിമ സ്വപ്നാടകനായ നിരാശകാമുകനായി ബ്രാന്‍ഡ് ചെയ്തത്. താടി വളര്‍ത്തി തോളിലൊരു തുണി സഞ്ചിയും തൂക്കി നീണ്ട ജുബ്ബയും ധരിച്ച് കവിത പാടിനടക്കുന്ന നിരാശകാമുകന്‍റെ മുഖമോര്‍ത്താല്‍ ആദ്യം മനസ്സിലെത്തുന്നതും വേണുവിന്‍റെ മുഖമാണ്.

ആ ബ്രാന്‍ഡ് ചെയ്യപ്പെടലില്‍ നിന്നുള്ള ഒരു മോചനമായിരുന്നു വേണുവിന് സംവിധായക കുപ്പായം. സ്വന്തം ജീവിതത്തിലേക്ക് ക്യാമറ തിരിച്ചു വെച്ച് എടുത്ത സുഖമോ ദേവി മലയാളി പ്രേക്ഷകരുടെ മനസ്സിലിന്നും ഒരു നെരിപ്പോടാണ്. ബൈക്കപകടത്തില്‍ മരിച്ച സ്വന്തം സുഹൃത്ത്‌ സൈമണിന്റെ ജീവിതത്തില്‍ നിന്നാണ്‌ സുഖമോ ദേവിയിലെ സണ്ണി എന്ന കഥാപാത്രത്തെ വേണു സൃഷ്ടിച്ചത്‌.

ഗായത്രീദേവി എന്‍െറ അമ്മ, ദൈവത്തെയോര്‍ത്ത്, ഗുരുജി ഒരു വാക്ക് എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ച ശേഷമാണ് 1986ല്‍ അദ്ദേഹം സുഖമോ ദേവി ഒരുക്കിയത്. തുടര്‍ന്ന് ലാല്‍സലാം മുതല്‍ ഭാര്യ സ്വന്തം സുഹൃത്ത് വരെ 12 ചിത്രങ്ങള്‍ വേണുവിന്‍റെ സംവിധാ‍നത്തില്‍ പുറത്തുവന്നു. കഥാപാത്രങ്ങളെ താരങ്ങള്‍ക്കു വേണ്ടി സൃഷ്ടിക്കാതെ കഥാപാത്രങ്ങളിലേക്ക്‌ താരങ്ങളെ ഇറക്കി വിടുകയായിരുന്നു സ്വന്തം സിനിമകളില്‍ വേണു ചെയ്‌തത്‌. അതുകൊണ്ട് തന്നെ ഇന്നത്തെ മലയാള സിനിമയ്ക്ക് വേണുവിന്‍റെ നഷ്ടം ഒരിക്കലും നികത്താനാവില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വേണു നാഗവള്ളി, മരണം