ഒരുകാലത്ത് തെന്നിന്ത്യയുടെ താരറാണിയായിരുന്ന മീന ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരുന്നു. വിവാഹത്തോടെ അഭിനയത്തിന് തല്‍ക്കാലം അവധി നല്‍കിയ മീന ഗംഭീരമായ തിരിച്ചുവരവാണ് നടത്താനൊരുങ്ങുന്നത്. പ്രഭുവിന്‍റെ നായികയായി ആയിരിക്കും മീനയുടെ മടക്കം.
‘തമ്പിക്കോട്ടൈ’ എന്ന സിനിമയിലൂടെയാണ് മീന മടങ്ങിവരുന്നത്. നരേനും പ്രഭുവുമാണ് ചിത്രത്തിലെ നായകന്‍മാര്‍. നരേന്‍റെ നായികയായി പൂനം ബജ്‌വ അഭിനയിക്കും. “തമ്പിക്കോട്ടൈയിലേക്കുള്ള ഓഫര്‍ ഞാന്‍ സ്വീകരിച്ചു. കാരണം കഥയില്‍ ഏറെ പ്രാധാന്യമുള്ള വേഷമാണ് എന്‍റേത്. മാത്രമല്ല വളരെ മനോഹരമായ ഒരു കഥയാണിത്. എന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഈ ചിത്രത്തിലേത്” - മീന പറയുന്നു.
നവാഗതനായ അമ്മു രമേഷാണ് തമ്പിക്കോട്ടൈയുടെ സംവിധായകന്‍. ആര്‍ കെ സുരേഷ് നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ സംഗീത, കൌസല്യ, എം എസ് ഭാസ്കര്‍, സന്താനം, ഗഞ്ചാ കറുപ്പ് തുടങ്ങിയവരും അഭിനയിക്കുന്നു. ഡി ഇമ്മാനാണ് ചിത്രത്തിന്‍റെ സംഗീതം.
ബാലതാരമായി തമിഴ് സിനിമയില്‍ അരങ്ങേറിയ മീന പിന്നീട് തെന്നിന്ത്യയിലെ ഒന്നാം നമ്പര്‍ നായികയായി മാറുകയായിരുന്നു. എന്‍ രാസാവിന്‍ മനസിലേ, ഇദയ വാസല്‍, സേതുപതി ഐ പി എസ്, യജമാന്‍, തായ് മാമന്‍, നാട്ടാമൈ, നാടോടി മന്നന്‍, മുത്തു, അവ്വൈ ഷണ്മുഖി, പൊര്‍ക്കാലം, ഭാരതി കണ്ണമ്മ, നാം ഇരുവര്‍ നമുക്ക് ഇരുവര്‍, പാളയത്തു അമ്മന്‍, തെനാലി, റിഥം, സിറ്റിസണ്‍, മായി, വില്ലന്‍, പാറൈ, കുസേലന്‍, മര്യാദൈ തുടങ്ങിയവയാണ് മീന തിളങ്ങിയ തമിഴ് ചിത്രങ്ങള്‍.
കഥ പറയുമ്പോള്‍, മിസ്റ്റര്‍ ബ്രഹ്മചാരി, സാന്ത്വനം, വര്‍ണ്ണപ്പകിട്ട്, കുസൃതിക്കുറുപ്പ്, കറുത്ത പക്ഷികള്‍, ബ്ലാക്ക് ക്യാറ്റ്, മാജിക് ലാമ്പ്, ഉദയനാണ് താരം, കഥ സംവിധാനം കുഞ്ചാക്കോ, ചന്ദ്രോത്സവം, നാട്ടുരാജാവ്, രാക്ഷസരാജാവ്, ഡ്രീംസ്, ഫ്രണ്ട്സ്, ഒളിമ്പ്യന്‍ അന്തോണി ആദം തുടങ്ങിയ മലയാള ചിത്രങ്ങളിലും മീന വേഷമിട്ടു.