പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള സംവിധായകനാണ് ജോഷി. കളികള്‍ എത്ര കണ്ടിരിക്കുന്നു. ‘വിലക്കിക്കളയും’ എന്ന ഭീഷണിയൊന്നും വകവച്ചുകൊടുക്കുന്ന ആളല്ല അദ്ദേഹം. അങ്ങനെയായിരുന്നെങ്കില്‍ ഇത്രയും കാലം മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകനായി നില്‍ക്കാന്‍ കഴിയില്ലായിരുന്നു. പുതിയ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്സുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെയും സ്വതസിദ്ധമായ ചിരിയോടെ അവഗണിക്കുകയാണ് ജോഷി.
സാധാരണയായി, വിവാദങ്ങള്‍ മനഃപൂര്‍വം ഉണ്ടാക്കാന്‍ ശ്രമിക്കാത്തയാളാണ് അദ്ദേഹം. മാധ്യമങ്ങളില്‍ തന്‍റെ പടമൊന്നു പതിഞ്ഞു കാണാനായി സംവിധായക പ്രതിഭകള്‍ ചാനലുകളും പത്രമോഫീസുകളും കയറിയിറങ്ങുന്ന ഇക്കാലത്ത് ഇന്‍റര്‍വ്യൂകള്‍ അനുവദിക്കാത്ത അപൂര്‍വം സംവിധായകരില്‍ ഒരാള്‍. തനിക്ക് പറയാനുള്ളത് തന്‍റെ സിനിമ പറഞ്ഞുകൊള്ളുമെന്ന് വിശ്വസിക്കുന്നയാള്‍.
എന്തായാലും ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്സിനെ വിലക്കാന്‍ തന്നെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 12ന് ഷൂട്ടിംഗ് തുടങ്ങിയാല്‍ അത് തടയാനും നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ചെലവ് മൂന്നരക്കോടിയില്‍ ഒതുക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
മോഹന്‍ലാല്‍, അര്‍ജുന്‍, സുരേഷ്ഗോപി, ദിലീപ്, കാവ്യാ മാധവന്‍ എന്നിവര്‍ ഒന്നിക്കുന്ന സിനിമയുടെ ബജറ്റാണ് മൂന്നരക്കോടിയില്‍ ഒതുക്കാന്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് ജോഷി ഇത് ചിരിച്ചുതള്ളുന്നതും മോഹന്‍ലാല്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ഈ പ്രൊജക്ട് നടക്കണമെന്ന് ആഗ്രഹിക്കുന്നതും. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനം അനുസരിച്ചാണെങ്കില്‍ ഒരു പഴശ്ശിരാജ ഇനി മലയാള സിനിമയില്‍ നടക്കില്ല. ജോഷിയെയോ ഹരിഹരനെയോ പോലുള്ള മാസ്റ്റര്‍ ഡയറക്ടര്‍മാര്‍ക്ക് മൂക്കുകയറിടുകയാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ ലക്‍ഷ്യം.
എന്നാല്‍ സാങ്കേതികമികവിന്‍റെ കാര്യത്തില്‍ ബോളിവുഡിനോട് മത്സരിക്കാന്‍ നമുക്ക് ഒരു ജോഷി മാത്രമാണുള്ളതെന്ന് വിലക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ മറന്നുപോകുന്നു.