അയലത്തെ പയ്യന് പിറന്നാള്‍. അതെ, മലയാളത്തിന്‍റെ ജനപ്രിയതാരം ദിലീപ് ഇന്ന് ജന്‍മദിനം ആഘോഷിക്കുകയാണ്. കമല്‍ സംവിധാനം ചെയ്യുന്ന ‘ആഗതന്‍’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിലാണ് ദിലീപിന്‍റെ പിറന്നാള്‍ ആഘോഷം. മഞ്ജുവും മീനാക്ഷിയും കൂടെയില്ലാത്തതിന്‍റെ വിഷമം ഉണ്ടെങ്കിലും സിനിമാകുടുംബത്തിനൊപ്പമാണ് ആഘോഷം എന്നത് സന്തോഷമുള്ള കാര്യമാണെന്ന് ദിലീപ് പറഞ്ഞു. “ആഘോഷമൊക്കെ സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ മാത്രം. തല്‍ക്കാലം, ചെയ്യുന്ന ജോലിയാണ് പ്രധാനം” - ദിലീപ് നയം വ്യക്തമാക്കുന്നു.
1968 ഒക്ടോബര്‍ 27ന് ഉത്രാടം നക്ഷത്രത്തില്‍ പത്മനാഭ പിള്ളയുടേയും സരോജത്തിന്‍റേയും മകനായി ആലുവയിലാണ് ദിലീപ് ജനിച്ചത്. ശരിയായ പേര് ഗോപാലകൃഷ്ണന്‍. ആണും പെണ്ണും കെട്ട രാധയായും മനസ്സില്‍ നന്മ മാത്രം സൂക്ഷിക്കുന്ന കുഞ്ഞിക്കൂനനായും അധോലോക നായകനായ വാളയാര്‍ പരമശിവമായും മീശപിരിച്ചാല്‍ മോഷണം നടത്തുന്ന മീശ മാധവനായും ജ്യോതിഷത്തിന്‍റെ വിധികല്പനകളെന്ന് വിശ്വസിച്ച് മരണം കാത്തു കഴിയുന്ന സദാനന്ദനായും ദിലീപ് എന്നും മലയാളിയോടൊപ്പമുണ്ട്.
സംവിധായകന്‍ കമലിന്‍റെ സഹായിയായി സിനിമയിലെത്തിയ ദിലീപ് ഇന്ന് സൂപ്പര്‍ താരവും സൂപ്പര്‍ നിര്‍മ്മാതാവുമാണ്. മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായ ട്വന്‍റി 20യുടെ നിര്‍മ്മാതാവായി കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ദിലീപിന് ഈ വര്‍ഷം അഭിനേതാവെന്ന നിലയില്‍ അത്ര നല്ലതല്ലെങ്കിലും വരുന്ന സിനിമകളില്‍ താരത്തിന് പ്രതീക്ഷയുണ്ട്.
പി സുകുമാര്‍ സംവിധാനം ചെയ്യുന്ന ‘സ്വന്തം ലേഖകന്‍’, സിദ്ദിഖിന്‍റെ ‘ബോഡിഗാര്‍ഡ്’ എന്നിവയാണ് ഉടന്‍ റിലീസാകുന്ന ദിലീപ് ചിത്രങ്ങള്‍. ബോക്സോഫീസ് വിജയങ്ങളും താരപദവിയുമൊക്കെ സ്വന്തമായപ്പോഴും അവാര്‍ഡുകള്‍ ദിലീപിന് എന്നും പുറംതിരിഞ്ഞു നിന്നു. 2002 മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നഷ്ടമായത് ശക്തമായ മത്സരത്തിനൊടുവിലാണ്. നിഴല്‍ക്കുത്തിലെ അഭിനയത്തിലൂടെ ഒടുവില്‍ ഉണ്ണീകൃഷ്ണന്‍ മികച്ച നടനായപ്പോള്‍ കുഞ്ഞിക്കൂനനിലെ കൂനനെ അവിസ്മരണീയമാക്കിയതില്‍ ദിലീപിന് പ്രത്യേക ജൂറി അവാര്‍ഡ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
അവാര്‍ഡുമോഹം ഉള്ളിലുണ്ടെങ്കിലും അതിനേക്കാള്‍ വലുതാണ് ജനപ്രീതിയെന്ന് തിരിച്ചറിഞ്ഞ താരം നല്ല ചിത്രങ്ങളുടെ ഭാഗമാകാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമാണ് സ്വലേ, ആഗതന്‍, ബോഡി ഗാര്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍.