പിന്നീട് ചെറുതും വലുതുമായി മുന്നൂറോളം വേഷങ്ങള്‍. സിനിമയിലെ തിരക്ക് കുറഞ്ഞുവന്ന കാലത്ത് അടൂര്‍മാതാ എന്ന പേരില്‍ 1980ല്‍ നാടകസംഘം ആരംഭിച്ചു. കടുത്ത കടബാധ്യതയിലേക്ക് അടൂര്‍മാതാ കൂപ്പൂ കുത്തിയതോടെ നാടകസമിതി അടച്ചുപൂട്ടി. കളഭക്കിണ്ണമായിരുന്നു അടൂര്‍മാതയുടേതായി അവസാനം അരങ്ങൊലെത്തിയ നാടകം.
പിന്നീട് നിരവധി ടിവി സീരിയലുകളിലും ഭവാനിയമ്മ വേഷമിട്ടു. ശ്രീകുമാരന്‍ തമ്പിയുടെ അക്കരപ്പച്ചയാണ് അവസാനം ചെയ്‌ത സീരിയല്‍. അവസാനകാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഭവാനിയമ്മയുടെ കുടുംബമെങ്കിലും സിനിമാരംഗത്തുനിന്നുള്ളവരുടെ കാര്യമായ സഹായമൊന്നും അവര്‍ക്ക് ലഭിച്ചിരുന്നില്ല. വീണു നട്ടെല്ലൊടിഞ്ഞപ്പോള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ഡയറക്ടറായിരുന്ന ഡോ. വര്‍ഗീസ് പുളിക്കലായിരുന്നു ഭവാനിയമ്മയെ സഹായിച്ചത്. മൂന്നു ലക്ഷത്തോളം രൂപ ചെലവിട്ട് അദ്ദേഹം സൗജന്യ ചികിത്സ നല്‍കി.
ചെന്നൈയിലെ നുങ്കംപാക്കത്തു നിന്ന് എല്ലാ മാസവുമെത്തുന്ന 750 രൂപയുടെ ചെക്കും, സംസ്ഥാന സര്‍ക്കാരിന്റെ 1000 രൂപയുടെ അവശകലാകാരന്‍മാര്‍ക്കുള്ള പെന്‍ഷനും, താരസംഘടന അമ്മയുടെ 2000 രൂപ കൈനീട്ടവും, ചങ്ങനാശേരി മൈത്രി എന്ന സംഘടന എല്ലാ മാസവും മുടങ്ങാതെയയ്ക്കുന്ന 2000 രൂപയും മാത്രമായിരുന്നു ഒരുകാലത്ത് വെള്ളിത്തിരയിലൂടെ നമ്മെയൊക്കെ വിസ്മയിപ്പിച്ച ഭവാനിയമ്മയുടെ വരുമാനം.
1970 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരവും 1993 ല്‍ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ ചലച്ചിത്ര പ്രതിഭാ പുരസ്‌കാരവും 2001ല്‍ മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവയെ മുന്‍നിര്‍ത്തി പ്രേംജി പുരസ്കാരവും ഭവാനിയമ്മയെ തേടി വന്നു.