കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » നാ‍ട്യങ്ങളില്ലാത്ത ഭവാനിയമ്മ (Adoor bhavani passes away)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PRO
മലയാള സിനിമിമയില്‍ അഭിനയിക്കാനറിയാത്ത ചുരുക്കം ചിലരേയുള്ളൂ. ജീവിതം അതുപോലെ സിനിമയിലേക്ക് പകര്‍ത്തിവെക്കുന്ന ചിലര്‍. ഒടുവില്‍ ഉണ്ണികൃഷ്ണനും കുതിരവട്ടം പപ്പുവും ആ ചിലരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ നടിമാരില്‍ അത്തരക്കാരെ അപൂര്‍വാമയേ കാണാറുള്ളു. ആ അപൂര്‍വം ചിലരില്‍ ഒന്നാമത്തെ പേരായിരുന്നു അടൂര്‍ ഭവാനി.

അമ്മ വേഷമായാലും കുശുമ്പുള്ള അടുക്കളക്കാരിയുടെ വേഷമായാലും ഭവാനിയമ്മ പകര്‍ന്നാടുമ്പോള്‍ അത് നമുക്ക് അഭിനയമാകുന്നില്ല. നമ്മുടെ പരിസരത്ത് കണ്ട് മറന്ന ജീവിതമേ ആകുന്നുള്ളു. അല്ലെങ്കില്‍ ചെമ്മീനിലെ മരക്കാത്തിയും കുടുംബവിശേഷങ്ങളിലെ അടുക്കളക്കാരിയും സി ബി ഐ ഡയറികുറിപ്പിലെ ചെവി കേള്‍ക്കാത്ത വേലക്കാരിയുമൊക്കെ അഭിനയമായിരുന്നുവെന്ന് ആര്‍ക്ക് വിശ്വസിക്കാനാവും. സ്വാഭാവികതയായിരുന്നു ഭവാനിയമ്മയിലെ നടിയുടെ പ്രത്യേകത. ഒടുവില്‍ കഥാപാത്രങ്ങളെ സ്ക്രീനില്‍ ബാക്കിയാക്കി ഭവാനിയമ്മയും തിരശ്ശീലക്ക് പിന്നിലേക്ക് മറയുന്നു.

പാറപ്പുറത്ത്‌ കുഞ്ഞിരാമന്‍ പിളളയുടെയും അമ്മ കുഞ്ഞൂഞ്ഞൂമ്മയുടെയും മകളായി ജനിച്ച ഭവാനി യാദൃശ്ചികമായായിരുന്നു നാട്യലോകത്തെത്തിയത്. പട്ടിണി പാറപ്പൂറത്ത് വീട്ടിലെ നിത്യസന്ദര്‍ശകനായപ്പോള്‍ തനിക്ക് മുന്‍പേ നടിയായ ഇളയ സഹോദരി അടൂര്‍ പങ്കജം 'പ്രേമലേഖനം' എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ കൂട്ടുപോയതായിരുന്നു ഭവാനി. സെറ്റില്‍വച്ച് ഭവാനി തിക്കുറിശിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പിന്നീട് തിക്കുറിശ്ശി നിര്‍മ്മിച്ച് സംവിധാനം ചെയ്ത 'ശരിയോ തെറ്റോ' എന്ന ചിത്രത്തിലൂടെ ഭവാനി മലയാള സിനിമയുടെ ഭാഗമായി.

പിന്നീടായിരുന്നു 'വേലുത്തമ്പി ദളവ' എന്ന നാടകത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ക്കൊപ്പം അഭിനയിച്ചത്. ഇക്കാലത്ത് കലാനിലയം കൃഷ്ണന്‍നായരുടെ നാടകങ്ങളിലും ഭവാനി വേഷമിട്ടു. അവിടെ നിന്നാണ് ഭവാനിയിലെ അഭിനയ പ്രതിഭയെ തേടി തോപ്പില്‍ഭാസി ആശാന്‍ വരുന്നത്. അങ്ങനെ ഭവാനി കെ പി എ സിയുടെ വേദിയിലെത്തി. കെ.പി.എ.സിയില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഭവാനി ചന്ദ്രതാരയുടെ 'മൂടുപടം' എന്ന സിനിമയില്‍ അഭിനയിച്ചത്.

'മുടിയനായ പുത്രന്‍' സിനിമയായപ്പോള്‍ നാടകത്തില്‍ അഭിനയിച്ച വേഷം കൈകാര്യം ചെയ്യാന്‍ ഭവാനിതന്നെ ക്ഷണിച്ചു. തുടര്‍ന്ന് കാര്യാട്ടിന്റെ മിക്ക ചിത്രങ്ങളിലും ഭവാനിയ്ക്ക് അവസരം ലഭിച്ചു. 'ചെമ്മീനിലെ മരക്കാത്തി കൂടി ശ്രദ്ധിക്കപ്പെട്ടതൊടെ ഭവാനി മലയാള സിനിമയിലെ നിറസാന്നിധ്യമായി.
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അടൂര് ഭവാനി, മരണം, അഭിനേത്രി, ഭവാനിയമ്മ