മലയാളത്തിന്‍റെ ശ്രീല സൌഭാഗ്യമായിരുന്ന നടി ശ്രീവിദ്യ ഓര്‍മയുടെ തിരശീലയിലേക്ക് മറഞ്ഞിട്ട് മൂന്നുവര്‍ഷമാകുന്നു. അഭിനയം ജീവിതമാക്കിയ ഈ അതുല്യ അഭിനേത്രിയുടെ ഓര്‍മ്മകള്‍ക്ക് ഇന്നും യൌവനമാണ്. അഭിനയം എന്നുപറഞ്ഞാല്‍ ഒരു കണ്ടെത്തലാണ്. ശ്രീവിദ്യയ്ക്ക് ജീവിതവും സംഭവബഹുലമായ ഒരു സിനിമപോലെയായിരുന്നു.
ജീവിതം ശ്രീവിദ്യയെ പലതും പഠിപ്പിച്ചു. പുരുഷന്‍റെ നാട്യങ്ങളെ കുറിച്ച് സിനിമാലോകത്തിന്‍റെ കാപട്യത്തെ കുറിച്ച്. ബന്ധങ്ങളുടെ നിഷ്ഫലതയെ കുറിച്ച്., സ്നേഹത്തിന്‍റെ കയ്പ്പിനെകുറിച്ച് എല്ലാം... അമ്മ, കാമുകന്‍, ഭര്‍ത്താവ് - ഏതൊരു പെണ്ണിനും എപ്പോഴെങ്കിലുമൊക്കെ സ്വാസ്ഥ്യത്തിന്‍റെ സങ്കേതങ്ങളാകേണ്ടതൊക്കെയും ഏതെങ്കിലും വിധത്തില്‍ ദുഃഖകാരണമായിരുന്നു ശ്രീവിദ്യയ്ക്ക്.
പ്രണയം, പ്രണയനഷ്ടം, വിവാഹം, വിവാഹമോചനം, അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ക്കിടെ മാരകമായ രോഗം, ആദ്ധ്യാത്മികതയില്‍ പുനര്‍ ജന്മം... ഇങ്ങനെ നീളുന്നതായിരുന്നു ശ്രീവിദ്യയുടെ ജീവിതം. ഏല്ലാസൗഭാഗ്യങ്ങളും കൈവന്നപ്പോള്‍ അത് അനുഭവിക്കാന്‍ യോഗമില്ലാതെ ശ്രീവിദ്യ ഈ ലോകത്തോട് വിടപറഞ്ഞു. മാരകമായ രോഗം ക്രൂരമായി കാര്‍ന്നു തിന്നുമ്പോഴും അതാരേയും അറിയിക്കാതെ അഭിനയത്തിലൂടെ അതെല്ലാം മറക്കാന്‍ ശ്രമിച്ചു.
PRO
മലയാള സിനിമയുടെ അപൂര്‍വ്വ ഭാഗ്യമാണ് ശ്രീവിദ്യ. അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ഈ അനുഗ്രഹീത നടി. മുന്നൂറിലധികം സിനിമകളില്‍ വേഷമിട്ട ശ്രീവിദ്യ നാലു തവണ സംസ്ഥാന പുരസ്ക്കാരത്തിനും അര്‍ഹയായി. നാലു പതിറ്റാണ്ടു കാലം മലയാള സിനിമാ ലോകത്തെ ധന്യമാക്കിയാണ് ശ്രീവിദ്യ പോയത്. തമിഴകത്തുനിന്ന് എത്തിയ ഈ നടിയെ മലയാളം നെഞ്ചേറ്റി ലാളിക്കുകയായിരുന്നു.