ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറിന് ഒരു സിനിമയിലെ പ്രതിഫലം 20 കോടി രൂപ. ഷങ്കറിന്‍റെ ആദ്യകാല നിര്‍മാതാവും ഷങ്കറിനെ സൂപ്പര്‍ സംവിധായകനാക്കി മാറ്റിയതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത കെ ടി കുഞ്ഞുമോനാണ് ഒരഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തിന്‍റെ പ്രിയദര്‍ശനാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംവിധായകന്‍ എന്നായിരുന്നു സിനിമാലോകത്തിന്‍റെ ഇതുവരെയുള്ള കണക്കുക്കൂട്ടല്‍. 11 കോടി രൂപയാണ് പ്രിയന്‍ ഒരു ബോളിവുഡ് ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നത്.
ഷങ്കറിന്‍റെ ആദ്യ സിനിമയായ ജന്‍റിമാന്‍ സംവിധാനം ചെയ്യാനായി കുഞ്ഞുമോന്‍ നല്‍കിയ പ്രതിഫലം വെറും 50000 രൂപയായിരുന്നു. പിന്നീട് കാതലന്‍, ഇന്ത്യന്‍, ജീന്‍സ്, മുതല്‍വന്‍, നായക്, ബോയ്സ്, അന്യന്‍, ശിവാജി എന്നീ ചിത്രങ്ങളിലൂടെ ഷങ്കര്‍ ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും വിലകൂടിയ സംവിധായകനായി മാറി.
ഇപ്പോള്‍ രജനീകാന്തിനെ നായകനാക്കി ‘യന്തിരന്‍’ എന്ന ചിത്രമൊരുക്കുകയാണ് ഷങ്കര്‍. സംവിധായകന്‍റെ പ്രതിഫലം 20 കോടിയെങ്കില്‍ ചിത്രത്തിലെ നായകനായ രജനിയുടെ പ്രതിഫലം എന്തായാലും അതില്‍ കുറയാന്‍ വഴിയില്ല. യന്തിരനിലെ നായികയായ ഐശ്വര്യ റായ് ബോളിവുഡില്‍ വാങ്ങുന്ന പ്രതിഫലം അഞ്ചു കോടി രൂപയാണ്.
ഈ മൂന്ന് പേര്‍ക്കും കൂടി പ്രതിഫലം മാത്രം 50 കോടിയുടെ അടുത്ത് വരും. യന്തിരന്‍റെ ഒരു പാട്ടിനു മാത്രം 30 കോടി രൂപ ചെലവാക്കിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അപ്പോള്‍ യന്തിരന്‍റെ യഥാര്‍ത്ഥ നിര്‍മാണ ചെലവ് എത്രയെന്ന കാര്യം കൂട്ടികിഴിക്കുന്നത് പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കാം.
ഇനി മലയാള സിനിമകളുടെ കാര്യമെടുത്താല്‍. ഒരു സൂപ്പര്‍താര ചിത്രത്തിന് ശരാശരി നിര്‍മാണ ചെലവ് വെറും നാലു കോടി മാത്രമാണ്. അതായത് ഷങ്കറിനെ വെച്ച് ഒരു സിനിമയെടുക്കുന്ന നിര്‍മാതാവിന് മലയാളത്തില്‍ സൂപ്പര്‍താരങ്ങളെ വെച്ച് അഞ്ച് സിനിമയെടുക്കാം. അപ്പോള്‍ ആരാണ് യഥാര്‍ത്ഥ സൂപ്പര്‍ താരം!.