2007ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കന്നഡ നടി ഉമാശ്രീയ്ക്ക്. ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ‘ഗുലാബി ടാക്കീസ്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് ഉമാശ്രീയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അവാര്‍ഡുവിവരം അടുത്തയാഴ്ച പ്രഖ്യാപിക്കും.
കന്നഡ സിനിമാലോകത്തെ മികച്ച അഭിനേത്രികളില്‍ ഒരാളാണ് ഉമാശ്രീ. മികച്ച നടി എന്നതിലുപരി അറിയപ്പെടുന്ന രാഷ്ട്രീയ നേതാവു കൂടിയാണ് ഇവര്‍. ക്യാരക്ടര്‍ റോളുകളിലും നായികാവേഷങ്ങളിലും തിളങ്ങിയിട്ടുള്ള ഉമാശ്രീ ഒട്ടേറെ കോമഡി കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്. കന്നഡയിലെ ‘കെ പി എ സി ലളിത’ എന്നു വിശേഷിപ്പിക്കാവുന്ന ഈ അമ്പത്തിരണ്ടുകാരി അഭിനയലോകത്തെത്തിയിട്ട് 30 വര്‍ഷമായി.
1980ല്‍ അനുഭവ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. കോട്ടിഗലു സര്‍ കോട്ടിഗലു, പുട്ടനഞ്ച, തയ്യാവ, സംഖ്യബാല്യ, മണി തുടങ്ങിയ സിനിമകളിലെ ഉമാശ്രീയുടെ അഭിനയം ശ്രദ്ധേയമാണ്. കാസറവള്ളിയുടെ ‘ഗുലാബി ടാക്കീസ്’ ഓഷ്യന്‍സ് സിനി ഫാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉമാശ്രീയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന അവാര്‍ഡും ഉമാശ്രീയ്ക്കായിരുന്നു.
ഇത്തവണത്തെ ദേശീയ അവാര്‍ഡ് നേടിയവരില്‍ മലയാളികളുടെ ആധിപത്യമാണുള്ളത്. മലയാളികള്‍ക്ക് മൊത്തം ആറ് അവാര്‍ഡുകള്‍ ഉള്ളതായി അറിയുന്നു. മികച്ച സംവിധായകനായി അടൂര്‍ ഗോപാലകൃഷ്ണനെയും സംഗീത സംവിധായകനായി ഔസേപ്പച്ചനെയും തെരഞ്ഞെടുത്തിട്ടുണ്ട്.
മികച്ച സംവിധായകനുള്ള അവാര്‍ഡും മികച്ച എഡിറ്റിംഗിനുള്ള അവാര്‍ഡും ‘നാല് പെണ്ണുങ്ങള്‍’ നേടിയിട്ടുണ്ട്. ബി അജിത്താണ് ‘നാല് പെണ്ണുങ്ങള്‍’ എഡിറ്റ് ചെയ്തത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഒരേ കടല്‍’ എന്ന സിനിമയ്ക്ക് മികച്ച പ്രാദേശിക ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ സംഗീത സംവിധാനം നിര്‍ഹഹിച്ചതിനാണ് ഔസേപ്പച്ചന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ നായകനായ ‘പരദേശി’യിലെ മേക്കപ്പിലൂടെ പട്ടണം റഷീദ് മികച്ച മേക്കപ്പ്‌മാനുള്ള അവാര്‍ഡ് നേടി. മലയാളം സിനിമയല്ലെങ്കിലും പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന സിനിമയാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിലെ അഭിനയത്തിനാണ് പ്രകാശ് രാജിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്.