കോണ്ഗ്രസ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ച് തമിഴ് നടന്‍ വിജയ് ഡല്‍ഹിയിലെത്തുകയും ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ കണ്ട് സംസാരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഇതോടെ വിജയ് രൂപീകരിച്ച ‘വിജയ് മക്കള് ഇഴക്കം’ (വിഎംഐ) എന്ന സംഘടന കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് ഏതാണ്ട് ഉറപ്പായി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിജയ് മക്കള്‍ ഇയക്കം’ (വി എം ഐ) കോണ്‍ഗ്രസിന്‍റെ സഹായത്തോടെ പുതുച്ചേരിയില്‍ ഒരു വമ്പന്‍ റാലിയും സമ്മേളനവും സംഘടിപ്പിച്ചത്. പുതുച്ചേരി മുഖ്യമന്ത്രി വി വൈദ്യലിംഗം ഉള്‍പ്പടെയുള്ള പ്രമുഖര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. പുതുച്ചേരിയിലെ കോണ്‍ഗ്രസ് എം എല്‍ എയായ എന്‍ ആനന്ദ് ആയിരുന്നു ഈ യോഗത്തിന്‍റെ മുഖ്യ സംഘാടകന്‍.
ഇതിനെ തുടര്‍ന്നാണ് രാഹുലിനെ സന്ദര്‍ശിക്കാന്‍ വിജയിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിന്റെ ക്ഷണം സ്വീകരിച്ച് വിജയ് ഡല്‍ഹിയില്‍ എത്തുകയും രാഹുലിനോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. രണ്ടുമണിക്കൂറോളം ഇരുവരും സംസാരിച്ചു. എന്നാല്‍ വിജയ് കോണ്‍ഗ്രസില്‍ ചേരുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.
‘ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു തമിഴ്‌നാട്. എന്നാല്‍ ദ്രാവിഡപാര്‍ട്ടികളുടെ ആവിര്‍ഭാവത്തോടെ കോണ്‍ഗ്രസിന് തമിഴ് മണ്ണില്‍ ഉണ്ടായിരുന്ന ജനപ്രീതി നഷ്ടപ്പെട്ടു. അത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ രാഹുല്‍ ഗാന്ധി. ഈ ദിശയിലേക്കുള്ള ആദ്യ ഉദ്യമമാണ് രാഹുല്‍ - വിജയ് കൂടിക്കാഴ്ച. അടുത്തുതന്നെ സന്തോഷകരമായൊരു വാര്‍ത്ത തരാന്‍ കോണ്‍ഗ്രസിന് കഴിയും’ - തമിഴ്‌നാട് കോണ്‍ഗ്രസ് ഘടകം പറയുന്നു.
രാഹുല്‍ - വിജയ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് പോണ്ടിച്ചേരി മുഖ്യമന്ത്രി വി വൈദ്യലിംഗമാണ്. വിജയിന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്തതായും അറിയുന്നു.
‘ഒരുപാട് കാലമായി രാഹുലും വിജയും ഇ-മെയില്‍ വഴി ബന്ധപ്പെടാന്‍ തുടങ്ങിയിട്ട്. ഇരുവരും ഇടക്കിടെ ഫോണ്‍ ചെയ്യാറുമുണ്ട്. രാഹുല്‍ ഗാന്ധിയെ വിജയ് സന്ദര്‍ശിച്ചത് ഈ സൌഹൃദത്തിന്റെ പുറത്താണ്. വിജയിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ല’ - വിജയിന്റെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു.