സാഹിത്യം, നാട്യം, സംഗീതം, ചിത്രരചന എന്നിവയിലൊക്കെ പ്രാഗത്ഭ്യമുള്ളവരാണ് നല്ല സംവിധായകരുടെ ഗണത്തില്‍ പെടുകയെന്ന് ലോഹിതദാസ് വിശ്വസിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനാരെന്ന് ലോഹിയോടു ചോദിച്ചാല്‍ ‘ഭരതന്‍’ എന്ന് കണ്ണുമടച്ച് ലോഹി പറയുന്നത് ഈ മാനദണ്ഡങ്ങള്‍ വിശകലനം ചെയ്തായിരുന്നു.
“ഭരതനാണ് എന്‍റെ അഭിപ്രായത്തില്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകന്‍. അതുപോലെയൊരാള്‍ അതിനു മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല.” - ലോഹി പറയും. ലോഹിതദാസ് തിരക്കഥയെഴുതിയ മൂന്നു ചിത്രങ്ങളാണ് ഭരതന്‍ സംവിധാനം ചെയ്തത്.
ആരുടെയെങ്കിലും മുമ്പില്‍ കഥ പറയുന്നതില്‍ ലോഹി ഒരു വിദഗ്ധനായിരുന്നില്ല. കഥ പൂര്‍ണമായും ചര്‍ച്ച ചെയ്തതിന് ശേഷം തിരക്കഥയെഴുതുന്ന സമ്പ്രദായവും ലോഹിക്ക് പരിചയമില്ലായിരുന്നു. ലോഹിയുടെ ഈ വഴക്കമില്ലായ്മ ആദ്യമൊക്കെ ഭരതനില്‍ നീരസമുണ്ടാക്കിയിരുന്നു.
കടലിന്‍റെ പശ്ചാത്തലത്തില്‍ ഒരു സിനിമ വേണമെന്ന് ഭരതന്‍ തീരുമാനിക്കുകയും തിരക്കഥാകാരനായി ലോഹിയെ നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ പല കഥകളും ആലോചിച്ചെങ്കിലും ഒന്നും ലോഹിക്ക് തൃപ്തിയായില്ല. ഭരതന്‍റെ സമാധാനത്തിന് വേണ്ടി ഒരു കഥ തട്ടിക്കൂട്ടിയെങ്കിലും അത് ലോഹി പിന്നീട് ഉപേക്ഷിച്ചു.
കഥ തേടി കടപ്പുറങ്ങളിലൂടെ അലയുക ലോഹിതദാസ് പതിവാക്കി. അങ്ങനെയിരിക്കെ, ഒരു ദിവസം ലോഹി ഒരു കാഴ്ച കണ്ടു. ഒരു ചെറിയ പെണ്‍കുട്ടിയെ അവളുടെ അച്ഛന്‍ വടി കൊണ്ടു തല്ലുകയും വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്യുന്നു. അയാള്‍ ഇങ്ങനെ പുലമ്പുന്നുണ്ടായിരുന്നു - “കടപ്പൊറം നെരങ്ങാണ്ട്..പുള്ളാര്...നാലക്ഷരം പഠിക്കാനക്കൊണ്ട്...”
അവള്‍ കടപ്പുറത്ത് ചുറ്റി നടക്കുന്നത് അയാള്‍ക്കിഷ്ടമല്ല. മീന്‍കാരിയായി മകള്‍ മാറുന്നത് അയാള്‍ക്ക് സങ്കല്‍പ്പിക്കാനേ ആവില്ല. അവള്‍ വിദ്യാഭ്യാസം നേടണമെന്നും മികച്ച നിലയിലെത്തണമെന്നും പിതാവ് ആഗ്രഹിക്കുന്നു. അങ്ങനെയായിരിക്കുമോ സംഭവിക്കുക? അയാളുടെ പ്രതീക്ഷകളോട് അവള്‍ക്ക് നീതി പുലര്‍ത്താനാകുമോ? അയാളെ നിഷേധിച്ച് മകള്‍ തന്‍കാര്യം നോക്കിപ്പോയാല്‍....
ഒരു കഥയുടെ ചെറിയ ഇടിമുഴക്കം ലോഹിക്ക് അനുഭവപ്പെട്ടു തുടങ്ങി. ഭരതനുമായി ഇത് സംസാരിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടമാകുകയും ചെയ്തു. ഏതാനും സീനുകള്‍ എഴുതിക്കാണിക്കുക കൂടി ചെയ്തതോടെ ഭരതനും ലോഹിയും ഏകമനസു പോലെ പ്രവര്‍ത്തിച്ചു തുടങ്ങി.
PRO
PRO
അമരം ചരിത്ര വിജയം നേടി. പിന്നീട് വെങ്കലം, പാഥേയം എന്നീ സിനിമകള്‍ക്കു കൂടി ഭരതന്‍ - ലോഹി ടീം ഒന്നിച്ചു. മൂശാരിമാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു വെങ്കലം. ആ സമുദായത്തില്‍ നിലനിന്നിരുന്ന പ്രത്യേക തരം ചിട്ടകളും ആചാരങ്ങളും പകര്‍ന്നു നല്‍കിയ വെങ്കലം അതിമനോഹരമായ ഒരു ചിത്രമായിരുന്നു. പി ഭാസ്കരന്‍ രചിച്ച ഗാനങ്ങളും ഗംഭീരമായി.
രക്തബന്ധത്തേക്കാള്‍ മഹത്തായതാണ് കര്‍മ്മബന്ധം എന്ന് ഉദ്ഘോഷിച്ച ചിത്രമായിരുന്നു പാഥേയം. ലോഹിയുടെ സ്വന്തം ജീവിതാനുഭവത്തില്‍ നിന്നായിരുന്നു ആ സിനിമ രൂപം കൊണ്ടത്. ലോഹിതദാസിന്‍റെ സംസാരരീതിയും ചില പെരുമാറ്റങ്ങളും ചന്ദ്രദാസ് എന്ന കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്ക് മമ്മൂട്ടി കടം കൊണ്ടിട്ടുണ്ട്.