കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » അക്ഷരങ്ങളെ അഗ്നിയാക്കിയ രണ്‍ജി (Renji, making letters fire)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
തന്‍റെ എല്ലാ സിനിമകളും ഒരു സ്ഫോടനം പോലെ പുറത്തു വരണമെന്നും അവയൊക്കെ സമൂഹത്തോട് ആയിരം ചോദ്യങ്ങള്‍ ഉന്നയിക്കണമെന്നുമാഗ്രഹിക്കുന്ന തിരക്കഥാകൃത്താണ് രണ്‍ജി പണിക്കര്‍. രണ്‍ജി പണിക്കരുടെ ചിത്രങ്ങളില്‍ കഥയെക്കാള്‍, പറയുന്ന വിഷയത്തിനാണ് പ്രസക്തി. രണ്ട് പതിറ്റാണ്ടായി മലയാളത്തില്‍ വമ്പന്‍ ഹിറ്റുകളുടെ എഴുത്തുകാരനായ രണ്‍ജിയുടെ എല്ലാ ചിത്രങ്ങളും ആനുകാലിക സംഭവങ്ങളോടുള്ള പ്രതികരണത്തില്‍ നിന്ന് ഉണ്ടായതാണ്.

രണ്‍ജി പണിക്കര്‍ എന്ന തിരക്കഥാകാരനെ ശ്രദ്ധേയനാക്കിയ ആദ്യ സിനിമ തലസ്ഥാനമായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ആ ചിത്രം കാമ്പസ് രാഷ്‌ട്രീയത്തിനുള്ളിലെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിച്ചു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ഒരു വിദ്യാര്‍ത്ഥി സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുന്ന ചിത്രം ഒരു പ്രസിദ്ധീകരണത്തില്‍ കാണാനിടയായതാണ് രണ്‍ജിക്ക് തലസ്ഥാനം എഴുതാന്‍ പ്രചോദനമായത്. തലസ്ഥാനത്തിലെ ജി പി എന്ന കഥാപാത്രത്തെ ആ സിനിമ കണ്ടിട്ടുള്ളവര്‍ മറക്കാനിടയില്ല.

ഏകലവ്യന്‍ എന്ന സിനിമയില്‍ രണ്‍ജി വിഷയമാക്കിയത് കപട സന്യാസിമാരുടെ കള്ളത്തരങ്ങളെയാണ്. ഏറെ വിമര്‍ശനവും ഭീഷണിയും ആ ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടായി. നരേന്ദ്രപ്രസാദ് അവതരിപ്പിച്ച സ്വാമി അമൂര്‍ത്താനന്ദ പല ആള്‍ദൈവങ്ങളുടെയും പ്രതിരൂപമാണെന്ന് അന്ന് സംസാരമുണ്ടായിരുന്നു. ആ ചിത്രത്തിലെ മാധവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സുരേഷ്ഗോപി സൂപ്പര്‍താരങ്ങളുടെ നിരയിലേക്കെത്തിയത്. “കണ്ണിമേരാ മാര്‍ക്കറ്റിലും സെക്രട്ടേറിയറ്റിന്‍റെ പിന്നിലും...” എന്നു തുടങ്ങുന്ന ഡയലോഗ് ഏറെ പ്രശസ്തമാണ്.

സ്ഥലത്തെ പ്രധാന പയ്യന്‍സ് വിഷയമാക്കിയത് ഒരു ചേരിയില്‍ നിന്ന് ജനകീയനായ ഒരു യുവാവ് ആഭ്യന്തരമന്ത്രിയുടെ കസേരയിലെത്തുന്നതിനെ കുറിച്ചായിരുന്നു. ജഗദീഷ് നായകനായ ആ സിനിമ മലയാളത്തിലെ മികച്ച രാഷ്‌ട്രീയചിത്രങ്ങളില്‍ ഒന്നാണ്. ഒരു മന്ത്രി എങ്ങനെയാവണം എന്ന് രണ്‍ജി കാണിച്ചുതരികയായിരുന്നു.

രണ്‍ജിയുടെ തിരക്കഥയില്‍ ഉണ്ടായ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളാണ് കമ്മീഷണര്‍, ദി കിംഗ് എന്നിവ. “ഓര്‍മ്മയുണ്ടോ ഈ മുഖം..” എന്ന ചോദ്യത്തോടെ സുരേഷ് ഗോപി തകര്‍ത്തഭിനയിച്ച ഈ സിനിമ അതുവരെയുണ്ടായിരുന്ന പൊലീസ് ചിത്രങ്ങളുടെ ഗ്രാമര്‍ മാറ്റിമറിച്ചു. മമ്മൂട്ടി ജില്ലാ കളക്‍ടറായി അഭിനയിച്ച സിനിമയാണ് ദി കിംഗ്. ജോസഫ് അലക്സ് എന്ന മമ്മൂട്ടി കഥാപാത്രം ആണത്തത്തിന്‍റെ അങ്ങേയറ്റമാണ്. “ഇന്ത്യയെന്താണെന്നറിയണമെങ്കില്‍, ഇന്ത്യയുടെ സോള്‍..ആത്മാവ്..അതെന്താണെന്നറിയാനുള്ള സെന്‍സുണ്ടാവണം...” എന്ന ഡയലോഗ് ഓര്‍ക്കുക.

ജോഷിക്കു വേണ്ടി രണ്‍ജി പണിക്കര്‍ എഴുതിയ സിനിമകളാണ് ലേലവും പത്രവും. രണ്ടും മെഗാ ഹിറ്റുകള്‍. ഏറ്റവും വലിയ പ്രത്യേകത ഈ ചിത്രങ്ങളിലെ നായകന്മാരെക്കാളേറെ തിളങ്ങിയത് മറ്റ് രണ്ട് കഥാപാത്രങ്ങളാണെന്നതാണ്. ലേലത്തിലെ ചാക്കോച്ചി എന്ന കാഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് ഗോപി നേടിയതിനെക്കാള്‍ കയ്യടി കിട്ടിയത് ഈപ്പച്ചനായി അഭിനയിച്ച എം ജി സോമനാണ്. അതു പോലെ പത്രത്തില്‍ നന്ദഗോപന്‍ എന്ന നായകനെക്കാള്‍ മികച്ചു നിന്നത് വിശ്വനാഥന്‍ എന്ന വില്ലനാണ്. വിശ്വനാഥനെ അവതരിപ്പിച്ചത് എന്‍ എഫ് വര്‍ഗീസ്.

ദുബായ്, പ്രജ എന്നിവയും ജോഷിക്കു വേണ്ടി രണ്‍ജി പണിക്കര്‍ രചിച്ച സിനിമകളാണ്. സ്വന്തം രചനയില്‍ രണ്‍ജി സംവിധാനം ചെയ്ത ചിത്രമാണ് ഭരത് ചന്ദ്രന്‍ ഐ പി എസ്. കമ്മീഷണര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായിരുന്നു അത്. ആ സിനിമയും സൂപ്പര്‍ ഹിറ്റായി. തുടര്‍ന്ന് ‘രൌദ്രം’ എന്ന മമ്മൂട്ടിച്ചിത്രവും രണ്‍ജിയുടെ സംവിധാനത്തില്‍ മലയാളിക്ക് ലഭിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: രണ്ജി പണിക്കര് തിരക്കഥ ഷാജി കൈലാസ് ജി പി