‘ദോസ്താന’യുടെ വന്‍ വാണിജ്യവിജയവും സമാന്തര സിനിമകളിലെ സ്വീകാര്യതയും കൂടുതല്‍ സെലക്ടീവാകാന്‍ ജോണ്‍ ഏബ്രഹാമിനെ പ്രേരിപ്പിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രൊജക്ടുകളുടെ ഭാഗമാകാനാണ് ഇപ്പോള്‍ ജോണിന്‍റെ ശ്രമം. ഹോളിവുഡില്‍ നിന്ന് ‘അമേരിക്കന്‍ എംപയര്‍’ എന്ന സിനിമ ഇപ്പോള്‍ ജോണിനെത്തേടി എത്തിയിരിക്കുകയാണ്.
അമേരിക്കന്‍ എംപയറിന്‍റെ തിരക്കഥ വായിക്കുകയാണ് ജോണ്‍. “ഈ സിനിമയെക്കുറിച്ച് ഞാന്‍ ഏറെ ആവേശഭരിതനാണ്. തിരക്കഥ വായിച്ച് എന്‍റെ കഥാപാത്രത്തെ കൂടുതല്‍ മനസിലാക്കാനാണ് ശ്രമിക്കുന്നത്. ഈ പ്രൊജക്ടിന്‍റെ ഭാഗമാകാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ട്” - ജോണ്‍ വ്യക്തമാക്കുന്നു.
ആന്‍ഡി ആംസ്‌ട്രോംഗ് സംവിധാനം ചെയ്യുന്ന അമേരിക്കന്‍ എംപയര്‍ ഒരു അധോലോക കഥയാണ്. പകയുടെയും പ്രതികാരത്തിന്‍റെയും വയലന്‍സിന്‍റെയും ഒരു ലോകമാണ് സംവിധായകന്‍ ആവിഷ്കരിക്കുന്നത്. ജോണിന്‍റെ കഥാപാത്രത്തെക്കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ദോസ്താനയുടെ രണ്ടാം ഭാഗത്തിലും ജോണ്‍ അഭിനയിക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ പ്രൊജക്ട് ഇതുവരെ വ്യക്തമായ രൂപത്തിലാകാത്തതിനാല്‍ അതേപ്പറ്റി പറയാനാവില്ല. തരുണ്‍ മന്‍സുഖാനി തന്നെയായിരിക്കും ദോസ്താനയുടെ രണ്ടാം ഭാഗവും ഒരുക്കുക.
ന്യൂയോര്‍ക്ക് എന്ന സിനിമയെക്കുറിച്ചും ജോണ്‍ ഏബ്രഹാമിന് പ്രതീക്ഷയുണ്ട്. നിരപരാധിയായ ഒരു ജയില്‍പ്പുള്ളിയുടെ വേഷമാണ് ന്യൂയോര്‍ക്കില്‍ ജോണിന്. സഞ്ജയ് ലീലാ ബന്‍സാലി നിര്‍മ്മിക്കുന്ന ചെനാബ് ഗാന്ധിയിലും മികച്ച വേഷമാണ് ജോണിനുള്ളത്.
ആഷായേന്‍, ഹുക്ക് യാ ക്രൂക്ക്, ഫിലിം സിറ്റി, 1 - 800 - ലവ് തുടങ്ങിയ സിനിമകളിലും ജോണ്‍ അഭിനയിച്ചുവരികയാണ്. ആലിബാബ ആന്‍റ് ദി 40 തീവ്സ് എന്ന അനിമേഷന്‍ ചിത്രത്തില്‍ ഒരു കഥാപാത്രത്തിന് ശബ്ദം കൊടുക്കുന്നുമുണ്ട് ജോണ്‍ ഏബ്രഹാം.