ഒരു നടന്‍ എന്ന നിലയില്‍ നിന്ന് നിര്‍മ്മാതാവ് എന്ന തലത്തിലേക്ക് കളം മാറിച്ചവിട്ടി വന്‍ വിജയങ്ങള്‍ സ്വന്തമാക്കിയയാളാണ് തമിഴ് താരം പ്രഭു. എങ്കിലും അദ്ദേഹത്തെ അഭിനേതാവ് എന്ന നിലയില്‍ കാണാനാണ് തമിഴകം ആഗ്രഹിക്കുന്നത്. ചിന്നത്തമ്പി, അഞ്ജലി, അഗ്‌നി നക്ഷത്രം, ഡ്യൂയറ്റ്, ചിന്നവര്‍, ചിന്ന മാപ്പിളൈ തുടങ്ങിയ ഒട്ടേറെ ഹിറ്റുകള്‍ നായകന്‍ എന്ന നിലയില്‍ പ്രഭുവിന്‍റെ പേരിലുണ്ട്. അടുത്തകാലത്തായി പ്രഭു നായകവേഷങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയും ചിത്രങ്ങള്‍ കുറയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ മെഗാഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ‘അയന്‍’ എന്ന ചിത്രത്തിലെ അറുമുഖദാസ് എന്ന തകര്‍പ്പന്‍ കഥാപാത്രത്തിലൂടെ വന്‍ മടങ്ങിവരവ് നടത്തിയിരിക്കുകയാണ് പ്രഭു. ഒരു നടന്‍ എന്ന നിലയില്‍ പ്രഭുവിന്‍റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കിയിരിക്കുകയാണ് സൂര്യ നായകനായ അയന്‍.
“വളരെ റിയലിസ്റ്റിക്കായ ഒരു കഥാപാത്രത്തെ എനിക്കായി ഒരുക്കിയ സംവിധായകന്‍ കെ വി ആനന്ദിനോട് ഏറെ നന്ദിയുണ്ട്. എന്‍റെ പ്രേക്ഷകര്‍ക്ക് വളരെ തൃപ്തി നല്‍കിയ ചിത്രമാണ് അയന്‍.” - പ്രഭു പറയുന്നു.
അയനിലെ കഥാപാത്രം ജനപ്രീതി നേടിയതോടെ പ്രഭുവിനെ തേടി അവസരങ്ങള്‍ ഏറെയാണ്. എന്നാല്‍ വളരെ ശ്രദ്ധിച്ചുമാത്രം സിനിമകള്‍ തെരഞ്ഞെടുത്താല്‍ മതിയെന്ന തീരുമാനത്തിലാണ് പ്രഭു. നവാഗതനായ വി കിഷോര്‍ സംവിധാനം ചെയ്യുന്ന ‘അരസ കട്ടളൈ’ എന്ന ചിത്രത്തില്‍ നായകവേഷം ചെയ്യുകയാണ് ഇപ്പോള്‍ പ്രഭു. ശോഭനയാണ് ഈ ചിത്രത്തില്‍ പ്രഭുവിന് നായിക. ഇതൊരു ചരിത്രകഥ പറയുന്ന സിനിമയാണ്.
സ്വയം നിര്‍മ്മിക്കുന്ന ‘അസല്‍’ എന്ന ചിത്രത്തിലും പ്രഭുവിന് മികച്ച വേഷമുണ്ട്. സരണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അജിത്താണ് നായകന്‍. മണിരത്നം സംവിധാനം ചെയ്യുന്ന അശോകവനത്തിലും പ്രഭുവിന് മികച്ച കഥാപാത്രമാണ്. അടുത്തകാലത്ത് വസൂല്‍രാജ എം ബി ബി എസ്, ബില്ല, സംതിംഗ് സംതിംഗ് ഉനക്കും എനക്കും, കുസേലന്‍, താമരഭരണി, സിലമ്പാട്ടം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപത്രങ്ങളെ പ്രഭു അവതരിപ്പിച്ചിരുന്നു.