ബോളിവുഡില്‍ ‘പെര്‍ഫക്ഷനിസ്റ്റ്‘ എന്ന വാക്കിന് ഇന്ന് ഒറ്റ പര്യായമേ ഉള്ളു. അത് അമീര്‍ ഹുസൈന്‍ ഖാന്‍ എന്ന അമീര്‍ ഖാനാകുന്നു. നിഷ്കളങ്കമായ ചിരിയും ചുറുചുറുക്കാര്‍ന്ന ഭാവങ്ങളും പ്രണയം വഴിയുന്ന നോട്ടവുമായി ബോളിവുഡിന്‍റെ ഹൃദയം മോഷ്ടിച്ച അമീറിന് ഇന്ന് നാല്‍പ്പത്തിനാലാം പിറന്നാള്‍.
1965 മാര്‍ച്ച് 14ന് മുംബൈയില്‍ താഹീര്‍ ഹുസൈന്‍റെയും സാനത്ത് ഹുസൈന്‍റെയും മകനായി ജനിച്ച അമീര്‍, പ്രണയകഥകളിലൂടെയാണ് ബോളിവുഡില്‍ ഇരിപ്പിടമുറപ്പിച്ചതെങ്കിലും ഇന്ന് ബോളിവുഡിലെ വലിയ ബ്രാന്‍ഡുകളിലൊന്നായി മാറിയതിനു പിന്നില്‍ ആത്മസമര്‍പ്പണത്തിന്‍റെ വിയര്‍പ്പുണ്ട്.
1973ല്‍ യാദോം കി ബാരത്ത് എന്ന സിനിമയിലൂടെ ബാല താരമായി അരങ്ങേറിയ അമീര്‍ നായകനായത് മന്‍സൂര്‍ ഖാന്‍റെ ‘ഖയാമത് സേ ഖയാമത് തക്‘ എന്ന ചിത്രത്തിലായിരുന്നു. ബോളിവുഡിലെ സുന്ദര പ്രണകാവ്യങ്ങളിലൊന്നായി ഖയാമത് മാറിയതോടെ അമീറും പ്രേക്ഷരുടെ പ്രിയ കാമുകനായി.
പിന്നീട് ലവ് ലവ് ലവ്, ദില്‍, ദില്‍ ഹേ കി മാന്‍താ നഹീം, ജോ ജീത്താ വഹീ സിക്കന്ദര്‍, ഹം ഹേ രഹീ പ്യാര്‍ കേ, അന്ദാസ് അപ്നാ അപ്നാ, രംഗീല, രാജാ ഹിന്ദുസ്ഥാനി, ഇഷ്ഖ്, സര്‍ഫറോഷ്, മാന്‍, മേള, ലഗാന്‍, ദില്‍ ചാഹ്‌താ ഹേ, രംഗ് ദേ ബസന്തി, ഫനാ, താരേ സമീന്‍ പര്‍, ഗജിനി വരെയെത്തി നില്‍ക്കുന്ന ആ അഭിനയചാരുതിക്ക് ഓരോ വര്‍ഷം കഴിയുംതോറും മിഴിവേറുകയാണെന്നത് ഇന്ത്യന്‍ സിനിമയുടെ ഭാഗ്യങ്ങളിലൊന്നാണ്.