നൗഷാദ് അലി എന്ന സംഗീത സംവിധായകന്‍റെ മാന്ത്രിക സ്പര്‍ശം ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. ലകനൌവില്‍ ജനിച്ച നൗഷാദ് പില്‍ക്കാലത്ത് മുംബൈയിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റിയത് ഇന്ത്യന്‍ സിനിമ സംഗീതത്തിന് അനുഗ്രഹം പകരുകയായിരുന്നു എന്നു വേണം കരുതാന്‍.
അക്ബര്‍ ഖാന്‍റെ താജ്മഹലായിരുന്നു നൗഷാദ് സംഗീതം പകര്‍ന്ന അവസാന ചിത്രം.
1930 കളില്‍ മുംബൈയിലെത്തിയ നൗഷാദ് തുടക്കത്തില്‍ വളരെയേറെ പ്രയാസം അനുഭവിച്ചു. 1940 കളില്‍ കെ.ആര്‍.കര്‍ദാറിനൊപ്പം ചേര്‍ന്ന ശേഷമാണ് നൗഷാദിന്‍റെ പല ഹിറ്റുകളും പുറത്തു വന്നത്.
മദര്‍ ഇന്ത്യ, മുഗള്‍ എ ആസാം, പക്കീജ, ബൈജു ബാവ്ര ബാവ്ര എന്നീ ചിത്രങ്ങള്‍ നൗഷാദിന്‍റെ സൂപ്പര്‍ ഹിറ്റുകളില്‍ ചിലത് മാത്രമാണ്.
നൗഷാദ് സംഗീത സംവിധാനം നിര്‍വഹിച്ച 67 ചിത്രങ്ങളില്‍ 25 ചിത്രങ്ങള്‍ സില്‍വര്‍ ജൂബിലിയും 9 എണ്ണം സുവര്‍ണ്ണ ജൂബിലിയും 2 എണ്ണം വജ്രജൂബിലിയും ആഘോഷിച്ച ചിത്രങ്ങളാണ്.
ലക്നൗവിലെ ഒരു ദരിദ്ര കുടുംബത്തില്‍ 1925 ഡിസംബര്‍ 25ന് ജനിച്ച നൗഷാദിന് സംഗീതം ശ്വാസമായിരുന്നു. അച്ഛന്‍റെ എതിര്‍പ്പുകളെ വകവയ്ക്കാതെ ലദ്ദന്‍ ഖാന്‍റെ സംഗീതത്തില്‍ ആകൃഷ്ടനായി വീട് വിട്ട നൗഷാദ് വിശപ്പിനോടും ദുര്‍വിധിയോടും പടവെട്ടി ജയിച്ചു.
ലദ്ദന്‍ ഖാന്‍റെ ട്രൂപ്പില്‍ നിന്നു പഠിച്ച പാഠങ്ങളും രഞ്ജിത്ത് ഫിലിം കമ്പനിയിലെ ഹാര്‍മോണിയം വാദനാനുഭവങ്ങളും നൗഷാദിന് മൂലധനമായി. ഉസ്താദ് ഗുര്‍ബത്ത് അലി, ഉസ്താദ് യൂസഫ് അലി, ഉസ്താദ് ബാബ്ബന്‍ സാഹബ് എന്നിവരുടെ ശിക്ഷണത്തില്‍ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ച നൗഷാദിന്‍റെ ആദ്യത്തെ സ്വതന്ത്രസംഗീത സംവിധാനം പ്രേംനഗര്‍ (1940) എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു.
ജനശ്രദ്ധ നേടിയ ആദ്യചിത്രം ശ്രദ്ധ (1942)യാണ്. എ.ആര്‍. കര്‍ദറിന്‍റെ സിനിമകള്‍ക്ക് സംഗീതം പകര്‍ന്നത് ഒന്നിനു പിറകെ ഒന്നായി ശ്രദ്ധിക്കപ്പെട്ടു. ഷാജഹാന്‍ (1946), ദര്‍ദ് (1947), ദില്ലഗി (1949), ദുലാരി (1949) തുടങ്ങിയവ ഈകൂട്ടുകെട്ടിന്‍റേതാണ്. മെഹ്ബൂബ് ഖാന്‍റെ ചിത്രങ്ങള്‍ - അന്‍ മോല്‍ ഗാഡി, എലാന്‍ തുടങ്ങിയവും ശ്രദ്ധിക്കപ്പെട്ടു.
സൗണ്ട് മിക്സിംഗ്, ശബ്ദം, ട്രാക്ക് എന്നിവയുടെ പ്രത്യേക റിക്കോര്‍ഡിംഗ്, കഥാപാത്രത്തിന്‍റെ ഭാവതലത്തിലനുസരിച്ച സംഗീതം, രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള സംഗീത സംവിധാനം ഇവ നൗഷദിന്‍റെ പരീക്ഷണങ്ങളാണ്. 1952 ല്‍ റിലീസ് ചെയ്ത ബൈജു ബാവ്ര അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ ചിത്രമായി അറിയപ്പെടുന്നു.
ദിലീപ് കുമാറിനുവേണ്ടി ഏറ്റവുമധികം സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള നൗഷാദ് 62 വര്‍ഷങ്ങള്‍ നീണ്ട സിനിമ സംഗീത സപര്യയില്‍ 66 ചിത്രങ്ങള്‍ക്കായി 652 പാട്ടുകള്‍ക്ക് സംഗീതം പകര്‍ന്നു.
പ്രമുഖ ചിത്രങ്ങള്‍: രത്തന്‍, ഷാജഹാന്‍, അന്‍മോല്‍ ഗാഡി, ബൈജു ബാവ്ര, മദര്‍ ഇന്ത്യ, മുഗള്‍-ഇ-അസം, ദീദാര്‍, ഉഡാന്‍ഘട്ടോള, ദര്‍ദ്ദ്.
ഏറ്റവും പ്രായം കുറഞ്ഞ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവായ നൗഷാദിന്‍റെ നഷ്ടം ഇന്ത്യന്‍ സിനിമാ ചരിത്രത്തിന് നികത്താനാവാത്ത നഷ്ടമാണ്.
|