പ്രധാന താള്‍ > വിനോദം > സിനിമ > കഥാപുരുഷന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തെന്നിന്ത്യയുടെ സ്വന്തം തൃഷ
WDWD
ഈ തെന്നിന്ത്യന്‍ താരത്തിന്‍റെ വേരുകള്‍ കേരളത്തിലാണെന്നത്, ഒരു പക്ഷേ ഇവരുടെ സിനിമാ ജീവിതത്തോളം പ്രസിദ്ധമല്ല. 1983ല്‍ കൃഷ്ണന്‍റെയും ഉമാ കൃഷ്ണന്‍റെയും മകളായി പാലക്കാട് ജനിച്ച ഈ പെണ്‍കുട്ടി ഇന്നറിയപ്പെടുന്നത് തമിഴ് - തെലുങ്ക് സിനിമകളിലെ അഭിനയത്തികവിന്‍റെ പേരില്‍. ഒരു പക്ഷേ, ഈ പിറന്നാളിന് മലയാള സിനിമയ്ക്ക് തൃഷയ്ക്ക് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനം മലയാളത്തിലേക്കുള്ള ഒരു ക്ഷണമാണ്.

ചര്‍ച്ച് പാര്‍ക്ക് സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ തൃഷ കൃഷ്ണമൂര്‍ത്തി എന്ന തൃഷ ഒരിക്കലെങ്കിലും സ്കൂളിലെ മുന്‍ വിദ്യാര്‍ത്ഥിനി ജയലളിതയുമായി തനിക്കുള്ള സാമ്യത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടാവില്ല. പക്ഷെ, ഈ മെയ് നാലിന് 25 വയസ്സ് തികയുമ്പോള്‍, ജയലളിത സൃഷ്ടിച്ച ആരാധക വൃന്ദത്തിന്‍റെ പല മടങ്ങ് ആരാധകരെ അവകാശപ്പെടാനുണ്ട് വെളുത്ത് മെലിഞ്ഞ ഈ യുവതിയ്ക്ക്.

ഒരു പക്ഷേ തമിഴ്നാട്ടില്‍ പോലും, വ്യക്തി പ്രഭാവത്തിന് തിളക്കം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ജയാമ്മയെ കടത്തിവെട്ടി തെന്നിന്ത്യയൊട്ടാകെ എത്തുന്നു തൃഷയുടെ താരപ്രഭ. സ്കൂള്‍ പഠനത്തിന് ശേഷം ചെന്നൈയിലെ എത്തിരാജ് കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തൃഷ ആദ്യം ഉന്നം വച്ചത് മോഡലിംഗ് രംഗത്തായിരുന്നു. 1999ല്‍ മിസ് സേലം ആയി പ്രഖ്യാപിക്കപ്പെട്ടു. അതേ കൊല്ലം തന്നെ മിസ് ചെന്നൈയായി തെരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പുഞ്ചിരിക്ക് ഉടമയായി പ്രഖ്യാപിക്കപ്പെട്ടപ്പോഴേക്കും തൃഷ "ജോഡി'യിലൂടെ തന്‍റെ സിനിമാ ജീവിതം ആരംഭിച്ചിരുന്നു.

പിന്നീട് ചെറിയ പരാജയങ്ങള്‍ക്ക് ശേഷം 2003ല്‍ സാമിയുടെ വിജയത്തോടെ തമിഴ് സിനിമയില്‍ ചുവടുറപ്പിച്ചു. അടുത്ത വര്‍ഷം ഡല്‍ഹിയിലെ ധനലക്സ്മിയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിച്ചു. അതേ കൊല്ലം തെലുങ്കില്‍ അഭിനയിച്ച "വര്‍ഷം' വന്‍ ഹിറ്റായി. തമിഴ് റീമേക്ക് സംതിംഗ് സംതിംഗ്..... നിനക്കും ഉനക്കും തെലുങ്കിലെ അതിന്‍റെ മൂലരൂപവും വിജയക്കൊടി പാറിച്ചതോടെ തൃഷ തെന്നിന്ത്യന്‍ സിനിമയുടെ വിജയ ഫോര്‍മുലകളില്‍ ഒന്നായി മാറി. 2006ല്‍ ചിരഞ്ജീവിയോടൊപ്പം അഭിനയിച്ച "സ്റ്റാലിന്‍' തെന്നിന്ത്യന്‍ സിനിമയുടെ കളക്ഷന്‍ റിക്കോര്‍ഡുകള്‍ ഭേദിക്കുന്ന പ്രകടനമാണ് നാട്ടിലും വിദേശത്തും കാഴ്ച വച്ചത്.

1999ല്‍ ആരംഭിച്ച സിനിമാ ജീവിതത്തില്‍ രണ്ടു തവണ തെലുങ്കില്‍ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട് തൃഷ. നല്ല നടിക്കുള്ള നന്ദി അവാര്‍ഡ്, സന്തോഷം അവാര്‍ഡ് തുടങ്ങി തന്‍റെ അഭിനയ പ്രതിഭയ്ക്ക് ധാരാളം സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള തൃഷ ജനപ്രിയതയുടെ കാര്യത്തിലും മുന്നിലാണ്. 2006ല്‍ സിമ്രാന്‍, ജ്യോതിക, അസിന്‍ എന്നിവരെ തോല്പിച്ച് ജനപ്രിയ നടിക്കുള്ള വിജയ് ടി.വി. അവാര്‍ഡ് നേടിയ തൃഷ അടുത്ത കാലത്താണ് റാണി മുഖര്‍ജിക്ക് പകരമായി ഫാന്‍റ ഇന്ത്യയുടെ ബ്രാന്‍ഡ് അബാസിഡറായത്.
കൂടുതല്‍
ശോഭ: പ്രകാശം പരത്തിയ പ്രസാദശലഭം
ശോഭയുടെ മരണം - ഒരു ഫ്ളാഷ്ബാക്ക്
ഹിച്കോക്ക്-സസ്പെന്‍സ് ത്രില്ലറുകളുടെ രാജാവ്
രചനയുടെ ആചാര്യന്‍ എസ് എല്‍ പുരം
സിനിമയിലെ ക്യാപ്റ്റന്‍
കരമന അനന്യമായ അഭിനയ ശൈലി