ശാരദയ്ക്ക് ശേഷം ഉര്‍വ്വശി പട്ടം നേടിയ ആദ്യ മലയാള സിനിമാ നടിയാണ് ശോഭ. ഉര്‍വ്വശിയാവുന്ന ആദ്യ തെന്നിന്ത്യന്‍ മലയാളി നടിയും ശോഭതന്നെ. മലയാള സിനിമയ്ക്ക് ശോഭയുടെ സംഭാവനകള്‍ അതുല്യമാണ്.
തെന്നിന്ത്യന്‍ സിനിമാലോകത്ത് അഭിമാനമാകുമായിരുന്ന ശോഭ അണയാന്‍ പോകുന്ന തീയുടെ ആളിക്കത്തല്‍ മാത്രമായിരുന്നു. വിവാഹജീവിതത്തിലെ താളപ്പിഴകള്‍ ആ ശോഭയെ അല്പായുസ്സാക്കി. സാരിത്തുമ്പില്‍ ശോഭ പൊലിഞ്ഞു - 1980 മെയ് ഒന്നിന് .
2008 ശോഭയുടെ മരണത്തിന്‍റെ 28 ാം ആണ്ട് ദിനമാണ് . നായികാസങ്കല്പങ്ങള്‍ക്ക് യോജിച്ച രൂപസാദൃശ്യങ്ങളൊന്നുമില്ലാത്ത മെലിഞ്ഞ ശരീരമായിരുന്നു ശോഭയ്ക്ക്. ഒരുപിടി നല്ല ഓര്‍മ്മകള്‍ തെന്നിന്ത്യന്‍ സിനിമാലോകത്തിന് നല്‍കിക്കൊണ്ടാണ് ശോഭ കടന്നു നീങ്ങിയത്.
25 കൊല്ലം അപ്പുറത്ത് നിന്ന് 18 കൊല്ലം പിന്നിലേക്ക് ക്യാമറ പോവുകയാണ്. 1962ല്‍ മദ്രാസിലായിരുന്നു ശോഭയുടെ ജനനം.
അഭിനയത്തിന്‍റെ ആദ്യപാഠങ്ങള്‍ പഠിച്ചത് വീട്ടില്‍ നിന്നായിരുന്നു. നീലക്കുയില്‍ എന്ന ചിത്രത്തില്‍ ഉപനായികയുടെ വേഷമിട്ട പ്രേമയുടെ ഏക മകളാണ് ശോഭ. അച്ഛന്‍ ബിസിനസുകാരനായ പത്മനാഭ മേനോന്‍.
നൃത്തത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ച ശോഭ ബാലതാരമായാണ് സിനിമാലോകത്ത് പ്രവേശിച്ചത് - തമിഴ് ചിത്രമായ തട്ടുങ്കള്‍ തുറക്കപ്പെടും എന്നതിലൂടെ. 1966 ഒക്ടോബര്‍ 16ന് പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രം ശോഭയെ ലോകത്തിന് പരിചപ്പെടുത്തി. ശോഭയ്ക്കു വേണ്ടി തെന്നിന്ത്യന്‍ സിനിമാലോകം വാതിലുകള്‍ തുറന്നിട്ടു.
ഗീതാഞ്ജലിയുടെ ബാനറില്‍ പി.എസ്. ദാസും പി.കെ. ദേവദാസും 1967ല്‍ നിര്‍മ്മിച്ച ഉദ്യോഗസ്ഥ എന്ന ചിത്രത്തില്‍ ബിന്ദുമോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ബേബി ശോഭ മലയാളത്തിലെത്തി. കരകാണാക്കടലിലെ അഭിനയത്തിന് ഏറ്റവും നല്ല ബാലതാരത്തിനുള്ള കേരള സര്‍ക്കാരിന്‍റെ അവാര്‍ഡ് 1971ല്‍ കരസ്ഥമാക്കി.
|