സത്യപാല്‍ - മലയാളത്തിലെ സായിപ്പ്

Sathyapal
WDWD
ആറടിയിലേറെ ഉയരം... വെളുത്ത നിറം.... ബലിഷ്ടമായ ശരീരം.. വശ്യസൗന്ദര്യത്തിന്‍റെ ധീരത തിളങ്ങുന്ന മുഖം... ആരുമൊന്നു നോക്കി നിന്നുപോകും.

എവിടെ നിന്നാലുമുണ്ട് തലയെടുപ്പ്. പെരുമാറ്റത്തില്‍ വല്ലാത്ത ആകര്‍ഷണീയത. ഹൃദ്യമായ നര്‍മ്മ ഭാഷണം - മലയാള സിനിമയില്‍ ഒരു കാലത്ത് ശ്രദ്ധേയനായിരുന്നു പി.കെ.സത്യപാലാണ് ഈ വിശേഷണങ്ങള്‍ക്ക് ഉടമ.

വേലുത്തമ്പിദളവ, കുഞ്ഞാലിമരയ്ക്കാര്‍, പഴശ്ശിരാജ- എന്നീ സിനിമകളില്‍ വൈസ്രോയി സായിപ്പായി (സായിപ്പുമാരായി) വേഷമിട്ട സത്യപാലിനെ പുതിയ തലമുറയ്ക്കറിയില്ല. കാരണം അദ്ദേഹം മരിച്ചിട്ട് 2008 ഏപ്രില്‍ 23 ന് 34 കൊല്ലമാവുന്നു. 1920 ലാണ് സത്യപാലിന്‍റെ ജനനം.

Sathyapal with  brothers
WDWD
വെറുമൊരു നടനായിരുന്നില്ല സത്യപാല്‍. ധനസ്ഥിതി ഉണ്ടായിരുന്നത് കൊണ്ട് അക്കാലത്ത് അമേരിക്കയില്‍ പോയി എം.ബി.എ ബിരുദം നേടി. ചെന്നൈയില്‍ തിരിച്ചുവന്ന അദ്ദേഹം ഓറിയന്‍റല്‍ മൂവീസ് എന്ന പേരില്‍ സ്വന്തം സ്ഥാപനം തുടങ്ങി.

മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു. ഉമ്മിണിത്തങ്ക, വേലുത്തമ്പിദളവ, സര്‍പ്പക്കാട്, വിരുതന്‍ ശങ്കു എന്നിവയും വീരാംഗനൈ എന്ന തമിഴ് സിനിമയും നിര്‍മ്മിച്ചത് പി.കെ.സത്യപാലായിരുന്നു.

1957 ല്‍ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തില്‍ വേഷമിട്ടാണ് സത്യപാല്‍ അഭിനയ രംഗത്തെത്തുന്നത്. 1961 ല്‍ ഉമ്മിണിത്തങ്കയില്‍ തമ്പിമാരിലൊരാളായി അഭിനയിച്ചു. 1962 ല്‍ വേലുത്തമ്പിദ്ദളവയില്‍ ലോര്‍ഡ് മെക്കളെയായി വേഷമിട്ടു.

1962 ല്‍ പഴശ്ശി രാജ-യിലും ബ്രിട്ടീഷ് സായിപ്പിന്‍റെ വേഷമായിരുന്നു. 1964 ലെ കുഞ്ഞാലിമരയ്ക്കാരില്‍ അദ്ദേഹം ലോര്‍ഡ് വെല്ലസ്ളിയായി.

1965 ല്‍ സ്വയം നിര്‍മ്മിച്ച വിരുതന്‍ ശങ്കുവിലും സത്യപാല്‍ അഭിനയിച്ചിട്ടുണ്ട്. അതിലെ പ്രധാന കഥാപാത്രം അടൂര്‍ ഭാസിയായിരുന്നു. അഭിനയ മോഹവുമായി മദ്രാസിലെത്തിയ അടൂര്‍ ഭാസി ആദ്യകാലത്ത് സത്യപാലിനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്‍റെ സെക്രട്ടറിയായും കണക്കെഴുത്തുകാരനുമൊക്കെയായി ഭാസി കൂടെക്കൂടി. പിന്നീടത് നല്ലൊരു സൗഹൃദമായി വളര്‍ന്നു.

Sathyapal with parents
WDWD
സായിപ്പായി അഭിനയിക്കാന്‍ പ്രാപ്തിയുള്ള മലയാളി എന്ന നിലയ്ക്ക് അക്കാലത്ത് സത്യപാലൊരു വി.ഐ.പി ആയിരുന്നു. ഇംഗ്ളീഷ് ചുവയുള്ള അദ്ദേഹത്തിന്‍റെ മുറി മലയാളം സംഭാഷണം അന്ന് യുവക്കള്‍ ഉരുവിട്ടു നടക്കാറുണ്ടായിരുന്നു.

വെല്ലസ്ളി, മെക്കാളെ തുടങ്ങിയ ബ്രിട്ടീഷ് പ്രഭുക്കന്മാരായി അഭിനയിക്കാനുള്ള എടുപ്പും ആകാര സൗഷ്ടവവും സത്യപാലിനുണ്ടായിരുന്നു. സത്യപാല്‍ ഒരു ഗുസ്തിക്കാരനായിരുന്നു. അച്ഛന്‍ പെനാംഗ് പത്മനാഭപിള്ളയും പേരുകേട്ട ഗുസ്തി അഭ്യാസിയായിരുന്നു. അദ്ദേഹത്തിന്‍റെ ആറ് ആണ്‍മക്കളും ഒന്നിനൊന്ന് പോന്നവരായിരുന്നു.

സൗന്ദര്യത്തിലും ആകാരവടിവിലും അഭ്യാസത്തിലും ആരെയും അതിശയിക്കുന്നവര്‍. ഇവരില്‍ ഒരാളൊഴിച്ച് എല്ലാവരും, പക്ഷെ, അകാലമൃത്യുവിനിരയായി.കേണല്‍ ദേവപാല്‍, പി.കെ.ബാലചന്ദ്രന്‍, പി.കെ.രവീന്ദ്രന്‍, പി.കെ.രാമചന്ദ്രന്‍ എന്നിവരെല്ലാം 60 തികയും മുന്‍പേ അന്തരിച്ചു. മൂത്ത മകന്‍ കേണല്‍ രുദ്രപാല്‍ മാത്രം 78 വയസ്സുവരെ ജീവിച്ചു.

ലളിതാ-പത്മിനി-രാഗിണിമാരുടെ അമ്മയുടെ ചേച്ചി പൂജപ്പുര മലയാ കോട്ടേജില്‍ കാര്‍ത്യായനി അമ്മയാണ് സത്യപാലിന്‍റെ അമ്മ. അച്ഛന്‍ ചേര്‍ത്തല പാലക്കുന്നത്ത് വീട്ടില്‍ പത്മനാഭപിള്ള എന്ന പെനാംഗ് പത്മനാഭപിള്ള. അദ്ദേഹം മലേഷ്യയിലെ വന്‍ എസ്റ്റേറ്റ് ഉടമയും ബിസിനസുകാരനുമായിരുന്നു.

ആദ്യകാലത്തെ ചലച്ചിത്ര നടി ശാസ്തമംഗലം സ്വദേശി കുമാരി തങ്കമായിരുന്നു സത്യപാലിന്‍റെ ഭാര്യ. മൂന്ന് മക്കളിലൊരാള്‍ - പത്മനാഭന്‍ - ചെറുപ്പത്തിലേ മരിച്ചു. മറ്റു മക്കളായ ജയപാല്‍ മുംബൈയിലും ആശ ബാംഗ്ളൂരിലുമാണ്.

സിനിമാ താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഹരിയുടെ അച്ഛന്‍ ദേവിന്‍റെ അച്ഛനും പെനാംഗ് പത്മനാഭപിള്ളയാണ്.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :